കുരങ്ങുപനി നിയന്ത്രണവിധേയം; സ്ഥിരീകരിച്ചത് ഏഴുപേര്‍ക്ക്

സുല്‍ത്താന്‍ ബത്തേരി: കഴിഞ്ഞ വേനല്‍ക്കാലത്ത് ജില്ലയെ ഭീതിയിലാഴ്ത്തിയ കുരങ്ങുപനി നിയന്ത്രണവിധേയമായി. കഴിഞ്ഞവര്‍ഷം 11 പേരാണ് ജില്ലയില്‍ കുരങ്ങുപനി ബാധിച്ച് മരിച്ചത്. എന്നാല്‍, ഇക്കൊല്ലം മുള്ളന്‍കൊല്ലി, നൂല്‍പുഴ, മീനങ്ങാടി എന്നിവിടങ്ങളിലായി ഏഴു കേസ് മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തത്. മുമ്പ് കര്‍ണാടകയിലെ കാസന്നൂരില്‍ മാത്രമായിരുന്നു രോഗം സ്ഥിരീകരിച്ചത്. കഴിഞ്ഞവര്‍ഷം സംസ്ഥാനത്ത് ആദ്യമായി വയനാട് ജില്ലയില്‍ കുരങ്ങുപനി സ്ഥിരീകരിച്ചതോടെ എന്തു ചെയ്യണമെന്നറിയാതെ ഭരണകൂടം വിഷമസന്ധിയിലായിരുന്നു. കുരങ്ങുപനിക്ക് പ്രത്യേകിച്ച് ചികിത്സയില്ലാത്തതും വിവിധ വകുപ്പുകളുടെ ഏകോപനമില്ലായ്മയും മരണസംഖ്യ കൂടാന്‍ കാരണമായി. വനവുമായി ബന്ധപ്പെട്ട് ജീവിക്കുന്നവരെയാണ് കുരങ്ങുപനി പിടികൂടിയത്. മരിച്ചവരിലേറെയും ആദിവാസികളായിരുന്നു. ആളുകള്‍ തുടര്‍ച്ചയായി മരിക്കാന്‍ തുടങ്ങിയതോടെ നിരവധിതവണ റോഡ് ഉപരോധങ്ങളും പ്രതിഷേധങ്ങളും നടത്തി. പിന്നീട് മഴ തുടങ്ങിയതോടെ പനി കുറഞ്ഞു. എന്നാല്‍, ഈ വര്‍ഷവും കുരങ്ങുപനിയുണ്ടാകുമെന്ന് ബന്ധപ്പെട്ടവര്‍ സൂചന നല്‍കി. ഇതോടെ ഭരണകൂടം വളരെ നേരത്തേതന്നെ പ്രതിരോധനടപടികള്‍ ആരംഭിച്ചു. ബത്തേരി മുനിസിപ്പാലിറ്റിയില്‍ മാത്രം കഴിഞ്ഞവര്‍ഷം അഞ്ചുപേര്‍ മരിച്ചു. എന്നാല്‍, ഈ വര്‍ഷം ഒരു കേസുപോലും റിപ്പോര്‍ട്ട് ചെയ്തില്ല. കാസന്നൂരിലും കര്‍ണാടകത്തിലെ ചില ഭാഗങ്ങളിലും ഇപ്പോഴും മരണം തുടരുന്നുണ്ട്. വനം, ആരോഗ്യം, മൃഗസംരക്ഷണ വകുപ്പുകളുടെ ഏകീകൃത നീക്കത്തിലൂടെയാണ് കുരങ്ങുപനി നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. കന്നുകാലികളിലൂടെ പടരുന്നത് തടയാന്‍ സുമിത്രിന്‍ എന്ന ലേപനം മൃഗസംരക്ഷണ വകുപ്പ് വിതരണം ചെയ്തു. സംശയാസ്പദമായി ചാകുന്ന കുരങ്ങുകളെ ഉടന്‍തന്നെ കത്തിക്കുന്നതിന് വനംവകുപ്പ് നേതൃത്വം നല്‍കി. ആരോഗ്യവകുപ്പ് 2252 പേര്‍ക്കാണ് ഇത്തവണ പ്രതിരോധ കുത്തിവെപ്പ് നല്‍കിയത്. വനത്തോടുചേര്‍ന്ന് ജീവിക്കുന്ന എല്ലാ ആളുകളിലും വ്യക്തമായ അവബോധം ഉണ്ടാക്കിയെടുക്കുന്നതിനാവശ്യമായ പ്രവൃത്തികള്‍ ആരോഗ്യവകുപ്പ് ചെയ്തു. കോളനികള്‍ കേന്ദ്രീകരിച്ച് വൈകുന്നേരങ്ങളില്‍ ഡോക്യുമെന്‍ററി പ്രദര്‍ശനം നടത്തി. ആദിവാസിഭാഷകളിലുള്ള ഡോക്യുമെന്‍ററിയും പ്രദര്‍ശനത്തിനുണ്ടായിരുന്നു. കുരങ്ങുപനി സംശയം തോന്നിയാല്‍ വിളിച്ചറിയിക്കുന്നതിന് ഏകീകൃത നമ്പര്‍ നടപ്പാക്കി. ഇതോടെ കുരങ്ങുപനി ഏറക്കുറെ നിയന്ത്രണവിധേയമായി. ചൂട് കൂടുമ്പോഴാണ് കുരങ്ങുപനി പടരുന്നത്. എന്നാല്‍, ഇക്കൊല്ലം കനത്ത ചൂടനുഭവപ്പെട്ടിട്ടും കുരങ്ങുപനി മരണമുണ്ടായില്ല. ബത്തേരിയില്‍ ആറു കുരങ്ങാണ് ഇതുവരെ ചത്തത്. അതിര്‍ത്തിപ്രദേശങ്ങളില്‍ നിരവധി കുരങ്ങുകള്‍ ഇപ്പോഴും ചാകുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.