കല്‍പറ്റ: മുട്ടില്‍ പഞ്ചായത്ത് മൂന്നാം വാര്‍ഡിലെ ചെലഞ്ഞിച്ചാല്‍ അങ്ങാടിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചുവരുന്ന സ്റ്റീല്‍ ആന്‍ഡ് വുഡ് ഫര്‍ണിച്ചര്‍ നിര്‍മാണശാല ജീവിതം ദുസ്സഹമാക്കുന്നതായി പരിസരവാസികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഫര്‍ണിച്ചര്‍ ഷോപ് എന്ന പേരില്‍ മുട്ടില്‍ പഞ്ചായത്തില്‍നിന്ന് 2006-07ല്‍ ലൈസന്‍സ് സ്വന്തമാക്കിയ സ്ഥാപനം പക്ഷേ, 10 വര്‍ഷത്തോളമായി നിര്‍മാണശാലയായി പ്രവര്‍ത്തിച്ചിട്ടും അധികൃതര്‍ നടപടിയെടുക്കുന്നില്ല. പരിസരവാസികളോട് ആലോചിക്കാതെ ഏകപക്ഷീയമായി പ്രവര്‍ത്തനാനുമതി നല്‍കിയ സ്ഥാപനം അടച്ചുപൂട്ടണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. ഇവിടെനിന്ന് പുറന്തള്ളുന്ന രാസവസ്തുക്കളും പൊടിയും ഗന്ധവും സമീപവാസികള്‍ക്ക് കടുത്ത ആരോഗ്യപ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്. കൈക്കുഞ്ഞുങ്ങള്‍ അടക്കമുള്ളവര്‍ ശ്വാസസംബന്ധമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുകയാണ്. രാസവസ്തുക്കളടങ്ങിയ വാതകം ശ്വസിച്ച് പരിസരവാസിയായ നസീമ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇതിന്‍െറ 100 മീറ്റര്‍ പരിധിക്കുള്ളില്‍ അങ്കണവാടിയും പ്രവര്‍ത്തിക്കുന്നുണ്ട്. രാവിലെ എട്ടു മണിക്ക് തുടങ്ങുന്ന ഫാക്ടറി പ്രവര്‍ത്തനം രാത്രി 10 വരെ തുടരുകയാണ്. കനത്ത ശബ്ദം കാരണമുള്ള ബുദ്ധിമുട്ടുകള്‍ വേറെയുമുണ്ട്. നിര്‍മാണശാലയുടെ ഉടമസ്ഥനെ ഇക്കാര്യങ്ങള്‍ ബോധിപ്പിച്ചെങ്കിലും അയാള്‍ പരിഹസിക്കുകയും കൈയേറ്റം ചെയ്യാന്‍ മുതിരുകയുമായിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കലക്ടര്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍, ജില്ലാ മലിനീകരണ നിയന്ത്രണ ബോര്‍ഡ് എന്നിവര്‍ക്ക് പരിസരവാസികള്‍ ഒപ്പിട്ട് പരാതി നല്‍കിയിട്ടും നടപടിയുണ്ടായിട്ടില്ല. മാനദണ്ഡങ്ങള്‍ കാറ്റില്‍പറത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന് പഞ്ചായത്ത്, പൊലൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് എന്നിവിടങ്ങളില്‍നിന്ന് അനുകൂലമായ രേഖകള്‍ ലഭിച്ചതിനുപിന്നിലെ കള്ളക്കളികള്‍ അന്വേഷിക്കണമെന്ന് പരിസരവാസികള്‍ ആവശ്യപ്പെട്ടു. ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശത്ത് ഇത്തരമൊരു സ്ഥാപനം പ്രവര്‍ത്തിപ്പിക്കരുതെന്ന് പരിശോധിച്ച ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയപ്പോള്‍ അധികാരകേന്ദ്രങ്ങളില്‍ സ്വാധീനമുള്ള സ്ഥാപന ഉടമക്കുവേണ്ടി അധികൃതര്‍ ഇടപെടുകയായിരുന്നു. ഇടക്കിടെ പേരുമാറ്റിയാണ് സ്ഥാപനം പ്രവര്‍ത്തിക്കുന്നത്. പ്രദേശത്തെ ജനങ്ങളുടെ ജീവനുതന്നെ ഭീഷണിയായ നിര്‍മാണശാലയുടെ പ്രവര്‍ത്തനം നിര്‍ത്തിവെപ്പിക്കാന്‍ ബന്ധപ്പെട്ടവര്‍ ഇടപെടണം. വാര്‍ത്താസമ്മേളനത്തില്‍ ഇബ്രാഹിംഷാ, നൗഷാദ് പുലവര്‍, ഷാജഹാന്‍ പുലവര്‍, നസീമ, ഫൗസിയ എന്നിവര്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.