ജിയോളജി വകുപ്പിന്‍െറ ഒത്താശയോടെ കുന്നിടിക്കല്‍ വ്യാപകം

മേപ്പാടി: മേപ്പാടി, മൂപ്പൈനാട് പഞ്ചായത്തുകളില്‍ കുന്നുകള്‍ ഇടിച്ചുനിരത്തലും ചതുപ്പുകള്‍ മണ്ണിട്ടുനികത്തലും വ്യാപകമായി. പുതിയ സാഹചര്യത്തില്‍ ജിയോളജി വകുപ്പാണിതിന് അനുമതിനല്‍കുന്നത്. ഒരു മാനദണ്ഡവുമില്ലാതെ അനുമതിനല്‍കുന്നുവെന്നതാണ് പ്രധാന ആരോപണം. മണ്ണ് നീക്കംചെയ്ത് ചതുപ്പുകള്‍, വയലുകള്‍ എന്നിവ നികത്തുന്നുണ്ടോയെന്ന പരിശോധനയുമില്ല. ഭൂമാഫിയകളാണ് ഇതിന് പിന്നിലേറെയും. സ്ഥലത്തുവന്ന് പരിശോധനപോലുമില്ലാതെ നിശ്ചിത ഫീസ് അടക്കുന്നവര്‍ക്കെല്ലാം ജിയോളജി വകുപ്പ് അനുമതിനല്‍കുന്നുവെന്നതാണ് സ്ഥിതി. 100 ഘന അടിക്ക് 20 രൂപ എന്ന നിരക്കില്‍ മണ്ണ് കുഴിച്ച് നീക്കംചെയ്യുന്നതിന് നിശ്ചയിച്ച ഫീസുണ്ട്. അത് അടക്കുന്നതിന് പുറമെ ഉദ്യോഗസ്ഥരെ ‘കാണേണ്ടപോലെ കാണുകയും’ ചെയ്യുമ്പോള്‍ കാര്യം എളുപ്പമാകും. എന്നാല്‍, കുന്നുകള്‍ ഇടിച്ചയിടങ്ങളില്‍ പരിസരപ്രദേശത്തെ ജലസ്രോതസ്സുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞിരിക്കുന്നുവെന്ന് കാണാന്‍കഴിയും. അവിടങ്ങളില്‍ മണ്ണിന്‍െറ ജലസംഭരണശേഷി കുറയുകയും സൂര്യാതപം നേരിട്ട് പതിച്ച് മണ്ണ് ഉണങ്ങുകയും ചെയ്യുന്നു എന്നതാണനുഭവം. ഇതൊന്നും പരിശോധിക്കാതെയാണ് അനുമതിനല്‍കുന്നത് എന്ന ആക്ഷേപം ശക്തമായിട്ടുണ്ട്.വയലുകള്‍ മണ്ണിട്ടുനികത്തി കമുക് വെച്ചുപിടിപ്പിച്ച് ഏതാനും വര്‍ഷങ്ങള്‍ക്കകം കരഭൂമി എന്ന് റവന്യൂരേഖകളില്‍ തിരുത്തല്‍വരുത്തുന്നു. വീടുകള്‍ എന്നപേരില്‍ ഇവിടങ്ങളില്‍ കെട്ടിടങ്ങള്‍ നിര്‍മിച്ച് പിന്നീട് വില്‍പന നടത്തുകയോ റിസോര്‍ട്ട്, ഹോംസ്റ്റേ എന്നിവയാക്കി അതിനെമാറ്റുകയോ ആണ് ഭൂമാഫിയകള്‍ ചെയ്യുന്നത്. റവന്യൂ, ജിയോളജി വകുപ്പുകള്‍ ഇതിനുനേരെ കണ്ണടക്കുന്നുവെന്നതാണ് സ്ഥിതി. മേപ്പാടി, കാപ്പംകൊല്ലി, മുണ്ടക്കൈ, അട്ടമല, മൂപ്പൈനാട്, വടുവഞ്ചാല്‍, തിനപുരം, ചെല്ലങ്കോട്, ചിത്രഗിരി തുടങ്ങിയ പ്രദേശങ്ങളിലെല്ലാം വന്‍തോതില്‍ കുന്നുകള്‍ ഇടിച്ചുനിരത്തിയുള്ള കെട്ടിടനിര്‍മാണം നടക്കുന്നു. മുമ്പ് റവന്യൂവകുപ്പ് സ്റ്റോപ് മെമ്മോ കൊടുത്തയിടങ്ങളിലും ഇപ്പോള്‍ ജിയോളജി വകുപ്പ് അനുമതിനല്‍കുന്നുവെന്നും ആക്ഷേപമുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.