ഈസ്റ്റര്‍ദിനത്തിലും സത്യത്തിന്‍െറ ഉയിര്‍ത്തെഴുന്നേല്‍പ് കാത്ത് ജെയിംസ്

കല്‍പറ്റ: നാട് സന്തോഷത്തിന്‍െറ ഈസ്റ്റര്‍ ആഘോഷിക്കുമ്പോഴും സത്യം എന്നെങ്കിലും ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതും കാത്ത് സമരപ്പന്തലില്‍തന്നെയായിരുന്നു കാഞ്ഞിരത്തിനാല്‍ ജെയിംസ്. വേനല്‍ച്ചൂട് കത്തിക്കാളുമ്പോഴും എന്നെങ്കിലും സത്യം പുറത്തുവരുമെന്ന പ്രതീക്ഷമാത്രമാണ് മനസ്സിന് ആശ്വാസംപകരുന്നത്. മാനന്തവാടി താലൂക്ക് കാഞ്ഞിരങ്ങാട് വില്ളേജിലെ കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ മരുമകന്‍ ജെയിംസും കുടുംബവുമാണ് 2015 ആഗസ്റ്റ് 15 മുതല്‍ കലക്ടറേറ്റിന് മുന്നില്‍ അനിശ്ചിതകാലസമരം നടത്തുന്നത്. വനംവകുപ്പിന്‍െറ കള്ളക്കളിമൂലം നഷ്ടപ്പെട്ട ജോര്‍ജിന്‍െറ ഭൂമി തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ടുള്ള സമരം ഈസ്റ്റര്‍ദിനത്തില്‍ ഏഴു മാസം പിന്നിടുകയാണ്. എല്ലാരേഖകളും സത്യം പറയുമ്പോഴും അധികാരത്തിലിരിക്കുന്നവരുടെയും ചില ഉദ്യോഗസ്ഥരുടെയും കള്ളക്കളിമൂലം കുടുംബത്തിന് നീതി അകലുകയാണ്. കാഞ്ഞിരപ്പള്ളി സ്വദേശികളായ കാഞ്ഞിരത്തിനാല്‍ ജോര്‍ജും അനിയന്‍ ജോസും വയനാട്ടിലത്തെി 1967ലാണ് തൊണ്ടര്‍നാട് വില്ളേജിലെ കുട്ടനാടന്‍ ഗാര്‍ഡന്‍സ് എസ്റ്റേറ്റില്‍നിന്ന് 12 ഏക്കര്‍ ഭൂമി 1800 രൂപക്ക് വാങ്ങുന്നത്. 2717ാം നമ്പര്‍ ജന്മം തീറാധാരപ്രകാരം മാനന്തവാടി സബ് രജിസ്ട്രാര്‍ ഓഫിസില്‍ ഭൂമി ജോസിന്‍െറ പേരില്‍ രജിസ്റ്റര്‍ ചെയ്തു. പിന്നീട് ആറ് ഏക്കര്‍ 1972ല്‍ ജ്യേഷ്ഠനായ ജോര്‍ജിന് 3000 രൂപ വിലനിശ്ചയിച്ച് ജോസ് ദാനാധാരം ചെയ്തു. ഈ ഭൂമിക്ക് 2290ാം നമ്പറില്‍ ആധാരമുണ്ട്. ’83വരെ നികുതി അടച്ച് കുടുംബം കൃഷി ചെയ്തുവന്നു. ’83ല്‍ നികുതി സ്വീകരിക്കാതെയായി. അടിയന്തരാവസ്ഥക്കാലത്ത് നിക്ഷിപ്ത വനഭൂമിയായി പിടിച്ചെടുത്ത ഭൂമിയാണ് ഇതെന്നാണ് വനംവകുപ്പിന്‍െറ ന്യായം. പിന്നീട് മരണംവരെ ജോര്‍ജ് ഭൂമി തിരിച്ചുകിട്ടാനുള്ള പോരാട്ടത്തിലായിരുന്നു. ഫോറസ്റ്റ് ട്രൈബ്യൂണലിലും ഹൈകോടതിയിലും പലവട്ടം കേസുകള്‍ വന്നു. നിരന്തര സമരങ്ങള്‍ക്കും നിയമനടപടികള്‍ക്കുമൊടുവില്‍ 2007 നവംബര്‍ 24ന് സര്‍ക്കാര്‍ പ്രത്യേക തീരുമാനമെടുത്ത് ഭൂമി തിരിച്ചുനല്‍കി. നികുതി സ്വീകരിക്കാനും തുടങ്ങി. എന്നാല്‍, പാലക്കാട്ടുള്ള ‘വണ്‍ എര്‍ത്ത് വണ്‍ ലൈഫ്’ എന്ന സംഘടന ഹൈകോടതിയെ സമീപിച്ചതോടെ സ്റ്റേ വന്നു. കിടപ്പാടം വിട്ടുകിട്ടാത്ത വേദനയുംപേറി ജോര്‍ജ് 2012ല്‍ മരണമടഞ്ഞു. ഇതിനിടെ, മരുമകനായ കോഴിക്കോട് തൊട്ടില്‍പ്പാലം സ്വദേശി ജെയിംസും പ്രശ്നത്തില്‍ ഇടപെട്ടുതുടങ്ങി. 2015 ജനുവരിയില്‍ വനംവകുപ്പ് ജണ്ടകെട്ടി ഭൂമി പിടിച്ചെടുത്തു. 1985 മുതലുള്ള MFA 492 എന്ന നമ്പര്‍ കേസ് ഇപ്പോഴും ഹൈകോടതിയിലുണ്ട്. രേഖകള്‍ പ്രകാരം വനംവകുപ്പ് അവകാശമുന്നയിക്കുന്ന ഭൂമി ജോര്‍ജിന്‍െറ സ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അപ്പുറമാണെന്ന് തെളിഞ്ഞിട്ടുണ്ട്. വിജിലന്‍സ് അന്വേഷണത്തിലും ഇത് ബോധ്യപ്പെട്ടു. യഥാര്‍ഥത്തില്‍ മറ്റൊരുഭൂമി വനമായി ഏറ്റെടുക്കേണ്ടതിനു പകരം വനംവകുപ്പ് തെറ്റായി കാഞ്ഞിരത്തിനാല്‍ ജോര്‍ജിന്‍െറ ഭൂമി പിടിച്ചെടുക്കുകയായിരുന്നുവെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ വ്യക്തമായതാണ്. മുന്‍ സര്‍ക്കാറിന്‍െറ നിര്‍ദേശത്തെ തുടര്‍ന്ന് വിജിലന്‍സ് ആന്‍ഡ് ആന്‍റി കറപ്ഷന്‍ ബ്യൂറോ കോഴിക്കോട് നോര്‍ത്തേണ്‍ റെയ്ഞ്ച് സൂപ്രണ്ട് ടി. ശ്രീശുകന്‍ 2009ലാണ് വിജിലന്‍സ് ഡയറക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ഈ റിപ്പോര്‍ട്ട് വിജിലന്‍സ് ഡയറക്ടര്‍ വിജിലന്‍സ് വിഭാഗം അഡീഷനല്‍ ചീഫ് സെക്രട്ടറിക്കു കൈമാറിയെങ്കിലും വെളിച്ചംകണ്ടില്ല. മുന്‍ നോര്‍ത് വയനാട് ഡെപ്യൂട്ടി ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ ഇ. പ്രദീപ്കുമാറിന്‍െറ പേരാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിരുന്നത്. ജോര്‍ജിന്‍െറ ഭൂമി വനഭൂമിയായി പിടിച്ചെടുത്തത് സംബന്ധിച്ച് ഇയാള്‍ തെറ്റായ റിപ്പോര്‍ട്ട് നല്‍കിയെന്നും അദ്ദേഹത്തിനെതിരെ വകുപ്പുതല നടപടി വേണമെന്നും റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഒന്നും നടന്നില്ല. വനംവകുപ്പിന്‍െറ കള്ളക്കളി വ്യക്തമാക്കുന്ന ഒട്ടേറെ ഒൗദ്യോഗികരേഖകളുണ്ടെങ്കിലും കുടുംബത്തിന്‍െറ ഭൂമിമാത്രം ഇതുവരെ തിരിച്ചുകിട്ടിയില്ല. മറ്റൊരുഭൂമി നല്‍കി സംഭവം ഒത്തുതീര്‍പ്പാക്കാനായി പിന്നീട് സര്‍ക്കാര്‍ ശ്രമം. വനം ഉദ്യോഗസ്ഥരെ രക്ഷിക്കാനായി, കാഞ്ഞിരത്തിനാല്‍ കുടുംബത്തിന് 10 ലക്ഷം രൂപയും ഭൂമിയും ജോലിയും വാഗ്ദാനം ചെയ്ത് വിഷയം ഒതുക്കാന്‍ ഉദ്യോഗസ്ഥര്‍ പ്രത്യേക താല്‍പര്യം കാണിക്കുന്നുണ്ട്. എന്നാല്‍, അതിന് കുടുംബം തയാറല്ല. തങ്ങളുടെ ഭൂമിമാത്രം തിരിച്ചുനല്‍കിയാല്‍ മതിയെന്നാണ് കുടുംബം പറയുന്നത്. ഈ ആവശ്യമുന്നയിച്ചാണ് അവര്‍ സമരം നടത്തുന്നതും. ഹൈകോടതിയില്‍ ഇതുസംബന്ധിച്ച കേസ് അവസാനം എടുത്തത് കഴിഞ്ഞ ഏപ്രില്‍ ഏഴിനാണ്. പിന്നീട് കേസ് എടുത്തിട്ടില്ല. തൊട്ടില്‍പ്പാലത്തെ വാടകവീട്ടിലാണ് ജെയിംസും കുടുംബവും കഴിയുന്നത്. നിയമനടപടികള്‍ക്കായി ഇതുവരെ 15 ലക്ഷത്തിലധികം രൂപ ചെലവായി. ആകെയുണ്ടായിരുന്ന 1.37 ഏക്കര്‍ ഭൂമി കേസിനായി പണയപ്പെടുത്തി. തിരിച്ചടവ് മുടങ്ങിയതോടെ ഭൂമി ബാങ്ക് ജപ്തി ചെയ്തു. എങ്കിലും, സത്യം പുലരുന്നതും കാത്ത് സമരം തുടരുകയാണ്. ഭൂമിവിഷയത്തില്‍ സത്യാവസ്ഥ പുറത്തുകൊണ്ടുവരുന്നതിന് അമികസ്ക്യൂറിയെ നിയോഗിക്കാന്‍ തീരുമാനിച്ചതാണ് സംഭവത്തിലെ ഒടുവിലത്തെ പുരോഗതി. അതേസമയം, ഈസ്റ്റര്‍ദിനത്തിലും സമരം തുടര്‍ന്നിട്ടും താന്‍ ഉള്‍പ്പെട്ട സഭ അധികൃതര്‍ തന്നെ സഹായിക്കാത്തതിലുള്ള പരിഭവം ജെയിംസ് തുറന്നുപറയുന്നു. തുടക്കത്തില്‍ മാനന്തവാടി രൂപത പിന്തുണച്ചെങ്കിലും തുടര്‍ശ്രമങ്ങളുണ്ടായില്ല. സഭ ആദ്യംമുതലേ ആത്മാര്‍ഥമായി ഇടപെട്ടിരുന്നെങ്കില്‍ പ്രശ്നം പരിഹരിക്കപ്പെട്ടേനെ. സര്‍ക്കാറിന്‍െറ ഒത്തുതീര്‍പ്പിന് വഴങ്ങണമെന്ന് ആവശ്യപ്പെട്ട് സഭാവക്താവ് തന്നെ സഭാ ആസ്ഥാനത്ത് വിളിച്ചുവരുത്തി ഒപ്പിട്ടുനല്‍കാന്‍ നിര്‍ബന്ധിച്ചിരുന്നു. എന്നാല്‍, ഇതിന് തയാറായില്ല. ഇതിനുശേഷം സഭാപ്രതിനിധികള്‍ വിളിക്കുകപോലും ചെയ്തിട്ടില്ല. സഭ തന്നെ ചതിക്കുകയാണ്. എന്നാല്‍, സത്യം പറയുന്ന രേഖകള്‍ തന്‍െറ കൈവശമുണ്ട്. അത് കോടതിയില്‍ എത്തിക്കാന്‍ കഴിയുന്നില്ല. എങ്കിലും, സത്യം ഒരുനാള്‍ പുറത്തുവരും. പൊതുസമൂഹത്തിന്‍െറയും നാട്ടുകാരുടെയും പിന്തുണയാണ് തന്‍െറ കരുത്ത് -സമരപ്പന്തലില്‍ ഇരുന്ന് ജെയിംസ് തുറന്നുപറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.