കുടിവെള്ളപദ്ധതിയില്‍ വിതരണം ചെയ്യുന്നത് മലിനവെള്ളം

മേപ്പാടി: ജയ്ഹിന്ദ് കോളനി കുടിവെള്ളപദ്ധതിയില്‍നിന്ന് ആഴ്ചകളായി വിതരണംചെയ്യുന്നത് മലിനമായ വെള്ളമാണെന്ന് ആക്ഷേപം. നാലു വര്‍ഷത്തിലധികമായി കിണറിലെ വെള്ളം ശുദ്ധീകരിച്ചിട്ടില്ല. കിണര്‍ തേവി വൃത്തിയാക്കിയിട്ടുമില്ല. ഇപ്പോള്‍ രണ്ടാഴ്ചയോളമായി കിണറ്റിലുണ്ടായിരുന്ന മീനുകള്‍ ചത്തുപൊങ്ങുന്നു. വെള്ളത്തിന് നിറവ്യത്യാസവും ദുര്‍ഗന്ധവുമുണ്ടെന്നും ഉപഭോക്താക്കള്‍ പറയുന്നു. എന്തെങ്കിലും വിഷവസ്തുക്കള്‍ കലര്‍ത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. ജലക്ഷാമം രൂക്ഷമായഘട്ടത്തില്‍ നൂറിലധികം ആദിവാസികളും അത്രതന്നെ ജനറല്‍ വിഭാഗക്കാരും ഉപയോഗിച്ചുവരുന്നതാണ് ഈ കിണറ്റിലെ വെള്ളം. കഴിഞ്ഞ ദിവസങ്ങളിലൊക്കെ മലിനമായ വെള്ളമാണ് പമ്പ് ചെയ്ത് വീടുകളില്‍ വിതരണം ചെയ്യുന്നതെന്നാണ് പരാതിയുയരുന്നത്. 2003-04ല്‍ രാജീവ് ഗാന്ധി കുടിവെള്ളപദ്ധതിയായി ആരംഭിച്ച ഇത് വിപുലീകരിച്ച് ജയ്ഹിന്ദ് കോളനിയിലെ നൂറില്‍പരം കുടുംബങ്ങളെ കൂടി ഉള്‍പ്പെടുത്തി സമഗ്ര കുടിവെള്ളപദ്ധതി എന്നപേരില്‍ പുന$ക്രമീകരിക്കുകയായിരുന്നു. 2012 സെപ്റ്റംബര്‍ 30ന് സംസ്ഥാന പട്ടികവര്‍ഗ യുവജനക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പദ്ധതിയുടെ ഒൗപചാരിക ഉദ്ഘാടനവും നിര്‍വഹിച്ചു. നടത്തിപ്പിനായി ഒരു കമ്മിറ്റിയെ തെരഞ്ഞെടുത്തുവെങ്കിലും അത് സജീവമല്ല. ഇപ്പോള്‍ കിണറ്റിലുള്ള വെള്ളം പമ്പ് ചെയ്തുകളഞ്ഞ് ശുദ്ധീകരിക്കണം. അതിന് മോട്ടോര്‍ പുറമെനിന്ന് വാടകക്കെടുത്ത് ഉപയോഗിക്കണം. ചുരുങ്ങിയത് 10000 രൂപ ചെലവു വരും. അതിനുള്ള ഫണ്ട് ലഭ്യമാക്കണമെന്നതാണ് ഗുണഭോക്താക്കളുടെ ആവശ്യം. പ്രശ്നം ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പെടുത്തിയിട്ടുണ്ട്. അടിയന്തര പരിഹാരമുണ്ടായില്ളെങ്കില്‍ കുടിവെള്ളം മുടങ്ങുമെന്ന സ്ഥിതിയാണുള്ളത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.