വിപ്ളവനായകനുമുന്നില്‍ കൃഷ്ണകൗമോദുമായി പ്രസീദ്

സുല്‍ത്താന്‍ ബത്തേരി: കൃഷ്ണകൗമോദ് ബസുമതി ഇനത്തിന് വയനാട്ടില്‍ പുനര്‍ജനിയേകിയ പ്രസീദ്കുമാറിനും കുടുംബത്തിനും കേരളത്തിലെ വിപ്ളവനായകന്‍െറ ക്ഷണം. വി.എസിന് മുന്നില്‍ തന്‍െറ വിജയകഥയും ‘കൃഷ്ണകൗമോദ’യുടെ വ്യാപനത്തിന് സഹായാഭ്യര്‍ഥനയും നടത്തിയപ്പോള്‍ വേണ്ടതുചെയ്യാമെന്ന ഉറപ്പും ലഭിച്ചു. വിളവിലും പ്രതിരോധശേഷിയിലും മറ്റ് നെല്ലിനങ്ങളെ കടത്തിവെട്ടുന്ന ബസുമതി ഇനത്തില്‍പെട്ട വിത്താണ് കൃഷ്ണകൗമോദ്. സ്വന്തംവയലില്‍ ഒരു കിലോ വിത്തുമായാണ് പ്രസീദ് കൃഷ്ണകൗമോദിന്‍െറ പരീക്ഷണകൃഷി ആരംഭിച്ചത്. ഭാര്യ വിശ്വപ്രിയ സര്‍വപിന്തുണയും നല്‍കി. നമ്പിക്കൊല്ലി വയലില്‍ രണ്ട് സെന്‍റിലായിരുന്നു കൃഷിയുടെ തുടക്കം. 120 ദിവസം കൊണ്ട് നൂറുമേനി വിളവായിരുന്നു ഫലം. സാധാരണ നെല്ലിനങ്ങളേക്കാള്‍ ഉയരത്തില്‍ വളരുന്നതിനാല്‍ വൈക്കോല്‍ സുലഭവും കീടങ്ങളുടെ ശല്യംകുറവും. കിട്ടിയ വിളവ് മുഴുവന്‍ വിത്താക്കി നെന്മേനി കൃഷിഭവന്‍െറ നേതൃത്വത്തില്‍ നാലേക്കറിലായിരുന്നു രണ്ടാംതവണ കൃഷി. കൃഷ്ണകൗമോദ് വിളഞ്ഞുകിടക്കുന്ന പാടശേഖരത്തിന്‍െറ ഫോട്ടോയും ഒപ്പം വിവരങ്ങളുമായി മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, മന്ത്രിമാരായ പി.കെ. കുഞ്ഞാലിക്കുട്ടി, കെ.പി. മോഹനന്‍ എന്നിവര്‍ക്ക് പ്രസീദ്കുമാര്‍ കത്തയക്കുകയായിരുന്നു. വി.എസിന്‍െറ പക്കല്‍നിന്നാണ് മറുപടി കിട്ടിയത്. തിരുവനന്തപുരത്തുവരുമ്പോള്‍ കാണണമെന്ന ആവശ്യവും വി.എസ് കത്തിലുന്നയിച്ചു. ഭാര്യ വിശ്വപ്രിയ, മക്കളായ ആകര്‍ഷിമ, ആല്‍മിക, സഹോദരന്‍ സുബ്രഹ്മണ്യന്‍ എന്നിവരോടൊപ്പമാണ് പ്രസീദ് പ്രതിപക്ഷനേതാവിനെ കാണാനത്തെിയത്. പ്രസീദിന്‍െറ ആവശ്യം തന്‍െറ ശിപാര്‍ശയോടെ കൃഷിവകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയതായി അറിയിച്ച് വി.എസിന്‍െറ രണ്ടാമത്തെ കത്തും പ്രസിദീന് ലഭിച്ചു. കൃഷിക്കും കര്‍ഷകനും എന്നും അവഗണന മാത്രം ലഭിക്കുന്ന നാട്ടില്‍ വി.എസിന്‍െറ സമീപനം വലിയ പ്രോത്സാഹനമായതായി പ്രസീദ് പറഞ്ഞു. നമ്പിക്കൊല്ലിയില്‍ പൊന്നുവിളയുന്ന തന്‍െറ നാലേക്കറോളം പാടശേഖരം ജലസേചന സൗകര്യമില്ലാത്തതിനാല്‍ എട്ടുമാസത്തോളമായി തരിശായിക്കിടക്കുകയാണെന്നതാണ് പ്രസീദിന്‍െറ ദു$ഖം. കാരാപ്പുഴയും നൂല്‍പുഴയുമടക്കം ജലസ്രോതസ്സുകള്‍ ഏറെയുണ്ടായിട്ടും വയനാട്ടുകാര്‍ക്ക് കൃഷി നഷ്ടക്കച്ചവടമാകുന്നു. നെല്‍കൃഷി പ്രോത്സാഹനം പ്രഖ്യാപനങ്ങളിലൊതുങ്ങുമ്പോള്‍ ഒറ്റയാള്‍ പോരാട്ടത്തിലാണ് പ്രസീദ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.