കല്‍പറ്റ: ഒഴുകുന്നതോ കെട്ടിനില്‍ക്കുന്നതോ ആയ ഏത് ജലസ്രോതസ്സും പഞ്ചായത്തീരാജ് നിയമപ്രകാരം പഞ്ചായത്തിന്‍െറ സ്വത്താണെന്നും വരള്‍ച്ചസമയത്ത് അവയുടെ ഉപയോഗം സംബന്ധിച്ച് പഞ്ചായത്തുകള്‍ക്ക് നിര്‍ദേശങ്ങള്‍ നല്‍കാവുന്നതാണെന്നും കലക്ടര്‍ കേശവേന്ദ്രകുമാര്‍ അറിയിച്ചു. ജില്ലയിലെ വരള്‍ച്ചാ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ അടിയന്തരസ്വഭാവം വിലയിരുത്തി നടപടികള്‍ സ്വീകരിക്കുന്നതിന് കലക്ടറേറ്റ് മിനി കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന പഞ്ചായത്തുകളുടെയും നഗരസഭകളുടെയും വകുപ്പുതല ഉദ്യോഗസ്ഥരുടെയും യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് ജില്ല കടുത്ത ചൂടിനെയും വരള്‍ച്ചയെയും നേരിടുന്ന സാഹചര്യത്തില്‍ പൊതുകിണറുകളും തോടുകളും കുളങ്ങളും മറ്റു ജലാശയങ്ങളും മാലിന്യം തള്ളാതെ വൃത്തിയായി സൂക്ഷിക്കേണ്ടത് അനിവാര്യമാണെന്നും കലക്ടര്‍ ചൂണ്ടിക്കാട്ടി. വരള്‍ച്ച രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ളവിതരണത്തിന് ഏതാനും പഞ്ചായത്തുകള്‍ അനുമതിതേടിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന് വിധേയമായി അത്യാവശ്യപ്രദേശങ്ങളില്‍ കുടിവെള്ളവിതരണത്തിനാണ് കലക്ടറുടെ നിര്‍ദേശം. പുല്‍പള്ളി, മൂപ്പൈനാട്, മുള്ളന്‍കൊല്ലി, പൂതാടി, നൂല്‍പുഴ, മേപ്പാടി, തിരുനെല്ലി, അമ്പലവയല്‍, നെന്‍മേനി, അമ്പലവയല്‍, പനമരം, തരിയോട്, കോട്ടത്തറ്റ, വെള്ളമുണ്ട, തവിഞ്ഞാല്‍ ഗ്രാമപഞ്ചായത്തുകളിലും മാനന്തവാടി, ബത്തേരി നഗരസഭകളിലും കുടിവെള്ളക്ഷാമം നേരിടുന്ന പ്രദേശങ്ങളും കോളനികളുമുണ്ട്. കുടിവെള്ളവിതരണം നടത്തുമ്പോള്‍ ഗുണനിലവാരം പരിശോധിച്ച് ഉറപ്പുവരുത്തണം. ജല അതോറിറ്റിയുടെ പദ്ധതി കണക്ഷന്‍ ഉണ്ടായിട്ടും കുടിവെള്ളം എത്താത്ത പ്രദേശങ്ങളില്‍ വെള്ളമത്തെിക്കാന്‍ ജല അതോറിറ്റിക്ക് കലക്ടര്‍ നിര്‍ദേശം നല്‍കി. സ്വയംസന്നദ്ധരായ ആള്‍ക്കാരെ ഉപയോഗിച്ച് കുളങ്ങള്‍ നവീകരിക്കുന്നതിന് തടസ്സമില്ല. പൈപ്പുകളിലൂടെ കുടിവെള്ളവിതരണം ഇല്ലാത്ത പട്ടികജാതി-വര്‍ഗ കോളനികളില്‍ കുടിവെള്ളവിതരണത്തിനുള്ള കേന്ദ്രസര്‍ക്കാര്‍ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ അത്തരം കോളനികളുടെ പട്ടിക ലഭ്യമാക്കണമെന്ന് ജല അതോറിറ്റി നിര്‍ദേശിച്ചു. ഇതിനായി ഐ.ടി.ഡി.പിയെ കലക്ടര്‍ ചുമതലപ്പെടുത്തി. പട്ടികവര്‍ഗ വകുപ്പിന്‍െറ കോര്‍പസ് ഫണ്ടില്‍നിന്ന് വരള്‍ച്ചയെ നേരിടുന്നതിന് ഫണ്ട് ലഭ്യമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. കുടിവെള്ളം ശുദ്ധീകരിക്കുന്നതിനുള്ള ക്ളോറിന്‍ ഗുളികകള്‍ ആരോഗ്യവകുപ്പിന്‍െറ കൈയില്‍ ലഭ്യമാണെന്ന് ഡെപ്യൂട്ടി ഡി.എം.ഒ കെ. മോഹനന്‍ യോഗത്തില്‍ അറിയിച്ചു. വരള്‍ച്ച സംബന്ധിച്ച് 10 വര്‍ഷത്തെ സ്ഥിതിവിവരക്കണക്ക് പരിശോധിച്ച് പഞ്ചായത്തുകളില്‍ അഞ്ചുവര്‍ഷ ഗാരന്‍റിയോടെ വാട്ടര്‍ കിയോസ്കുകള്‍ സ്ഥാപിക്കാനുള്ള നിര്‍ദേശം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കണമെന്ന് കലക്ടര്‍ അറിയിച്ചു. സര്‍ക്കാര്‍സ്ഥലത്ത് സ്കൂളുകളിലോ അങ്കണവാടികളിലോ വലിയ ടാങ്ക് സ്ഥാപിച്ച് വരള്‍ച്ചസമയത്ത് വൃത്തിയാക്കി കുടിവെള്ളം സംഭരിച്ച് ഉപയോഗിക്കാന്‍ കഴിയുംവിധത്തിലാണ് ഇത് വിഭാവനം ചെയ്യുന്നത്. കൈയേറ്റംമൂലം തോടുകളുടെ വിസ്തൃതി കുറഞ്ഞുവരുന്നതായി മൈനര്‍ ഇറിഗേഷന്‍വകുപ്പ് യോഗത്തില്‍ ചൂണ്ടിക്കാട്ടി. എ.ഡി.എം സി.എം. മുരളീധരന്‍, ജില്ലാ ഫിനാന്‍സ് ഓഫിസര്‍ എം.കെ. രാജന്‍, വിവിധ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സെക്രട്ടറിമാര്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.