കുടിനീരിനായി കൈകോര്‍ത്ത് കബനിയിലേക്ക് ജനമൊഴുകി

പുല്‍പള്ളി: ജലസംരക്ഷണത്തിന് മാതൃകയായി കബനിനദിക്ക് കുറുകെ നാട്ടുകാരുടെ കൂട്ടായ്മയില്‍ തടയണ നിര്‍മിച്ചു. മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളിലെ കുടിവെള്ളലഭ്യത നിലനിര്‍ത്താന്‍ മുള്ളന്‍കൊല്ലി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ കമ്മിറ്റി നൂറുകണക്കിനാളുകളെ പങ്കെടുപ്പിച്ചാണ് കബനിയുടെ മരക്കടവുഭാഗത്ത് തടയണ നിര്‍മിച്ചത്. വേനല്‍മഴ ലഭിക്കാത്തതിനാലും ബീച്ചനഹള്ളി ഡാം തുറന്ന് കര്‍ണാടക ജലം ഉപയോഗിക്കുന്നതിനാലും കബനിനദിയിലെ നീരൊഴുക്ക് വളരെ കുറഞ്ഞിരുന്നു. മരക്കടവിലെ പമ്പ് ഹൗസില്‍നിന്നാണ് മുള്ളന്‍കൊല്ലി, പുല്‍പള്ളി പഞ്ചായത്തുകളിലേക്ക് കുടിവെള്ളം എത്തിച്ചിരുന്നത്. ജലം പമ്പ് ചെയ്യുന്ന കബനി നദീതടം വരണ്ടുതുടങ്ങിയതിനാലാണ് മണല്‍ച്ചാക്കുകള്‍ നിരത്തി പമ്പ് ഹൗസിന് താഴെ നദിക്ക് കുറുകെ പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ തടയണ നിര്‍മിക്കാന്‍ തീരുമാനമെടുത്തത്. മുള്ളന്‍കൊല്ലി, ബൈരന്‍കുപ്പ പഞ്ചായത്തുകളുടെ സഹകരണത്തോടെയായിരുന്നു തടയണനിര്‍മാണം.വ്യാഴാഴ്ച എട്ടിന് തുടങ്ങിയ ശ്രമദാനത്തില്‍ സ്ത്രീപുരുഷന്മാരടക്കം നൂറുകണക്കിന് പേര്‍ പങ്കെടുത്തു. രാവിലെ മുതല്‍ ആളുകളുടെ ഒഴുക്കായിരുന്നു. പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളിലെ ജനങ്ങള്‍ കക്ഷിരാഷ്ട്രീയഭേദമന്യേ ഒഴുകിയത്തെി. വിവിധ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക കുടുംബശ്രീ നേതാക്കളും പ്രവര്‍ത്തകരും നാടിന്‍െറ ആവശ്യത്തിന് ഒറ്റക്കെട്ടായി പങ്കെടുത്തു. ചുട്ടുപൊള്ളുന്ന വെയിലിലും വിശ്രമമില്ലാതെ എല്ലാവരും പണിയെടുത്തു. 2004ലുണ്ടായ ശക്തമായ വരള്‍ച്ചയില്‍ ഇവിടെ തടയണ നിര്‍മിച്ചിരുന്നു. ആ സ്ഥലത്തുതന്നെയാണ് പുതിയ തടയണയും നിര്‍മിച്ചത്. വൈകുന്നേരംവരെ ആളുകള്‍ പ്രവൃത്തിയില്‍ പങ്കാളികളായി. സഹകരണസംഘങ്ങള്‍, സന്നദ്ധസംഘടനകള്‍, വ്യാപാരികള്‍ എന്നിവര്‍ മണല്‍ നിറക്കാനുള്ള ചാക്കുകള്‍ സൗജന്യമായി നല്‍കിയിരുന്നു. കര്‍ണാടക അതിര്‍ത്തിഗ്രാമമായ ബൈരന്‍കുപ്പ പഞ്ചായത്ത് ഭരണസമിതി അംഗങ്ങളും ശ്രമദാനത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് സ്ഥലത്തത്തെി. തടയണനിര്‍മാണത്തില്‍ പങ്കെടുത്തവര്‍ക്ക് ദാഹജലം, ഭക്ഷണം എന്നിവ സംഘാടകര്‍ ഒരുക്കിയിരുന്നു. കബനിനദിയില്‍ ജലലഭ്യത നിലനിര്‍ത്താന്‍ സ്ഥിരം തടയണ മരക്കടവുഭാഗത്ത് നിര്‍മിക്കാന്‍ കര്‍ണാടക സര്‍ക്കാറില്‍ സമ്മര്‍ദം ചെലുത്തുമെന്ന് ബൈരന്‍കുപ്പ പഞ്ചായത്ത് പ്രസിഡന്‍റ് തിരുപ്പതി പറഞ്ഞു. ശ്രമദാനത്തിന് മുള്ളന്‍കൊല്ലി പഞ്ചായത്ത് പ്രസിഡന്‍റ് ഗിരിജ കൃഷ്ണന്‍, വൈസ് പ്രസിഡന്‍റ് ശിരാമന്‍ പാറക്കുഴി, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്‍റ് കെ.എല്‍. പൗലോസ്, ജില്ലാപഞ്ചായത്ത് അംഗം വര്‍ഗീസ് മുരിയന്‍കാവില്‍, ബ്ളോക് പഞ്ചായത്ത് അംഗം ഷിനു കച്ചിറയില്‍, മുന്‍ പ്രസിഡന്‍റ് കെ.എന്‍. സുബ്രഹ്മണ്യന്‍, ഗ്രാമ, ബ്ളോക്, ജില്ലാപഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.