വരള്‍ച്ച പരിഹാരത്തിന് പദ്ധതികള്‍ നിരവധി; കുടിവെള്ളം കിട്ടാക്കനി

വെള്ളമുണ്ട: വരള്‍ച്ച ശക്തമാകുമ്പോള്‍ രൂക്ഷമായ കുടിവെള്ളക്ഷാമത്തിലമര്‍ന്ന് ആദിവാസി കോളനികള്‍. ഓരോ കോളനികളിലും നടപ്പാക്കിയ കോടികളുടെ കുടിവെള്ള പദ്ധതികള്‍ നിരന്നുകിടക്കുമ്പോഴാണ് ആദിവാസികള്‍ വെള്ളത്തിനായി നെട്ടോട്ടമോടുന്നത്. മാനന്തവാടി താലൂക്കിലെ തൊണ്ടര്‍നാട്, വെള്ളമുണ്ട, എടവക പഞ്ചായത്തുകളിലും പടിഞ്ഞാറത്തറ, കോട്ടത്തറ, വെങ്ങപ്പള്ളി പഞ്ചായത്തുകളിലുമായി 50ലധികം കോളനികളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാണെന്ന് ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. പല കോളനിവാസികളും കിലോമീറ്ററുകള്‍ നടന്നാണ് വെള്ളം ശേഖരിക്കുന്നത്. കുന്നിന്മുകളിലും മലമുകളിലുമുള്ള കോളനിവാസികളാണ് ഏറെയും ദുരിതം പേറുന്നത്. പകല്‍സമയം ജോലിക്കു പോയി തിരിച്ചത്തെുന്ന ഈ കുടുംബങ്ങള്‍ രാത്രിസമയങ്ങളില്‍ തലച്ചുമടായി വെള്ളം എത്തിക്കുകയാണ് ചെയ്യുന്നത്. മലമുകളിലെ നീര്‍ച്ചാലുകള്‍ ഉപയോഗപ്പെടുത്തി വനംവകുപ്പ് സ്ഥാപിച്ച കുടിവെള്ള പദ്ധതി- ഗിരിധാര പദ്ധതി, ത്രിതല പഞ്ചായത്തുകള്‍ സ്ഥാപിച്ച പൊതു കിണറുകള്‍, കോടികള്‍ മുടക്കിയ മറ്റു കുടിവെള്ള-ജലസേചന പദ്ധതികള്‍, ജപ്പാന്‍ കുടിവെള്ള പദ്ധതി, പൊതുടാപ്പുകള്‍ തുടങ്ങി ആദിവാസി കോളനിയില്‍ വെള്ളം എത്തിക്കുന്നതിന് നിരവധി പദ്ധതികളാണ് വിവിധ സമയങ്ങളില്‍ നടപ്പാക്കിയത്. പല കോളനികളിലും അരക്കോടി മുതല്‍ ഒരു കോടി വരെ മുടക്കിയ പദ്ധതികളുണ്ട്. വെങ്ങപ്പള്ളി പഞ്ചായത്തിലെ പല കോളനികളിലും ഒന്നിലധികം ടാങ്കും കിണറും നിര്‍മിച്ചിട്ടും ഒരിക്കല്‍പോലും വെള്ളം എത്താത്ത അവസ്ഥയുണ്ട്. വെള്ളമുണ്ട പഞ്ചായത്തിലെ മലാച്ചാല്‍, മംഗലശ്ശേരി, മൊതക്കര, പുളിഞ്ഞാല്‍, തരുവണ, കട്ടയാട് തുടങ്ങി നിരവധി കോളനികളില്‍ ഒന്നിലധികം പദ്ധതികള്‍ നടപ്പാക്കിയിട്ടും കുടിവെള്ളം ഇപ്പോഴും കിട്ടാക്കനിയാണ്. പടിഞ്ഞാറത്തറ പഞ്ചായത്തിലെ കോളനികളിലെ സ്ഥിതിയും വ്യതസ്തമല്ല. കോടികള്‍ വകയിരുത്തി പദ്ധതി സ്ഥാപിക്കുന്നതല്ലാതെ ഉപയോഗപ്രദമാക്കാന്‍ നടപടികളില്ലാത്തതാണ് തിരിച്ചടിയാവുന്നത്. വീട്ടുമുറ്റങ്ങളില്‍ വീടെണ്ണം നോക്കി സ്ഥാപിച്ച ഗിരിധാര പദ്ധതിയിലൊന്നുപോലും ഇന്ന് ഉപയോഗത്തിലില്ല. വലിയ രീതിയില്‍ തുടങ്ങിയ കരിണാരി-പാലയണ, പുളിഞ്ഞാല്‍, കോറോം പൊതു കുടിവെള്ള പദ്ധതികളുടെ പ്രവര്‍ത്തനവും നാമമാത്രമാണ്. ആയിരത്തിലധികം കുടുംബങ്ങള്‍ക്ക് ആശ്രയമായിരുന്ന ഈ പദ്ധതികളിലൊന്നുപോലും പ്രഖ്യാപിത ലക്ഷ്യത്തിലത്തെിക്കാന്‍ അധികൃതര്‍ക്കായിട്ടില്ല. പദ്ധതികളെല്ലാം നോക്കുകുത്തികളാവുമ്പോള്‍ കുടിവെള്ളത്തിനുള്ള നെട്ടോട്ടം വര്‍ധിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.