അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക്

പുല്‍പള്ളി: വയനാടന്‍ അതിര്‍ത്തി ഗ്രാമങ്ങള്‍ കടുത്ത വരള്‍ച്ചയിലേക്ക്. കബനി നദിയിലെ വെള്ളം വറ്റി പാറക്കെട്ടുകള്‍ ഉയര്‍ന്നുനില്‍ക്കുന്നത് കാഴ്ചയായിരിക്കുന്നു. നീരൊഴുക്കില്ലാത്ത കബനിയിലൂടെ അക്കരെ ഇക്കരെ നടന്നുകയറാം. പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ ഇരു കരകളിലും ജലക്ഷാമവും രൂക്ഷമായി. ജലസ്രോതസ്സുകളെല്ലാം വറ്റി വരളുകയാണ്. കര്‍ണാടക വനത്തില്‍ കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കാട്ടുതീ മേഖലയില്‍ ചൂടിന്‍െറ കാഠിന്യം വര്‍ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്. ജില്ലയില്‍ പലയിടത്തും വേനല്‍മഴ ലഭിച്ചിട്ടും പുല്‍പള്ളി, മുള്ളന്‍കൊല്ലി പഞ്ചായത്തുകളില്‍ വേനല്‍മഴ ലഭിച്ചിട്ടില്ല. ജലാംശമില്ലാത്തതിനാല്‍ കൃഷികളെല്ലാം കരിഞ്ഞുണങ്ങുകയാണ്. വയലുകളില്‍ നെല്‍കൃഷിയിറക്കാനും പറ്റാത്ത സാഹചര്യമാണ്. കബനി ജലം ഉപയോഗിച്ചായിരുന്നു പ്രദേശത്തെ വയലുകളില്‍ വെള്ളമത്തെിച്ചിരുന്നത്. പുഴയില്‍ ജലനിരപ്പ് താഴ്ന്നതോടെ ഇതിനും കഴിയാതായി. കബനി നദിയുടെ തീരത്തോട് ചേര്‍ന്ന പ്രദേശങ്ങളിലെ മണ്ണാകെ വിണ്ടുകീറിയ നിലയിലാണ്. 2003- 2004 വര്‍ഷത്തിലാണ് ഇപ്പോള്‍ ഉണ്ടായതുപോലെയുള്ള വരള്‍ച്ച ഉണ്ടായത്. അന്ന് വീടുകളിലടക്കം സര്‍ക്കാര്‍ ചെലവില്‍ കുടിവെള്ളമത്തെിച്ചു. കൃഷിമേഖലയില്‍ കോടികളുടെ നാശമുണ്ടായി. കൃഷിനാശത്താല്‍ കര്‍ഷക ആത്മഹത്യകളും ഉണ്ടായി. ഒട്ടേറെ സഹായങ്ങള്‍ ഇതിന്‍െറ ഭാഗമായി പ്രദേശത്തെ ജനങ്ങള്‍ക്ക് ലഭ്യമാക്കിയിരുന്നു. അന്ന് ഒട്ടേറെ പ്രതിരോധ പദ്ധതികള്‍ വരള്‍ച്ചയെ പ്രതിരോധിക്കാനായി നടപ്പാക്കുമെന്ന് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നു. മഴവെള്ളം കൃഷിയിടങ്ങളില്‍ തന്നെ കെട്ടിനിര്‍ത്തി ഉപയോഗിക്കാന്‍ പദ്ധതി തയാറാക്കി. കൂടുതല്‍ തടയണകള്‍ നിര്‍മിക്കാനും കബനിക്കരയില്‍ ഗ്രീന്‍ ബെല്‍റ്റ് നിര്‍മിക്കാനും പദ്ധതികള്‍ നടപ്പാക്കിയിരുന്നു. എന്നാല്‍, വരള്‍ച്ചക്കുശേഷമുണ്ടായ ശക്തമായ മഴയോടെ അധികൃതര്‍ ഇക്കാര്യങ്ങള്‍ വിസ്മരിച്ചു. ഓരോ വര്‍ഷവും വേനല്‍ ആകുന്നതോടെ വരള്‍ച്ചാ പ്രതിരോധ പദ്ധതികള്‍ അധികൃതര്‍ തയാറാക്കാറുണ്ട്. എന്നാല്‍, തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകുന്നില്ളെന്ന് നാട്ടുകാര്‍ പറയുന്നു. ജില്ലയില്‍ വരള്‍ച്ച ശക്തമായ പഞ്ചായത്തുകളാണ് പുല്‍പള്ളിയും മുള്ളന്‍കൊല്ലിയും. ഇവിടങ്ങളില്‍ ജല സംരക്ഷണത്തിന് കടമാന്‍ തോട് പദ്ധതിയടക്കം തയാറാക്കിയിരുന്നു. ജനവാസ കേന്ദ്രത്തില്‍ പദ്ധതി വരുന്നുവെന്ന് ചൂണ്ടിക്കാട്ടി പ്രക്ഷോഭവും ഉയര്‍ന്നു. ഇതോടെ ഈ പദ്ധതി കടലാസില്‍ ഒതുങ്ങി. നിലവിലെ തോടുകളില്‍ ജല സംരക്ഷണത്തിനായി പദ്ധതികള്‍ ക്രിയാത്മകമായി നടപ്പാക്കണമെന്നാണ് പൊതുവേയുള്ള ആവശ്യം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.