വന്യജീവിസങ്കേതത്തില്‍ കാട്ടുതീ; 25 ഹെക്ടര്‍ കത്തിനശിച്ചു

സുല്‍ത്താന്‍ ബത്തേരി: വേനല്‍ കടുത്തതോടെ വയനാടന്‍ കാടുകളില്‍ കാട്ടുതീ പടരുന്നു. വയനാട് വന്യജീവിസങ്കേതത്തില്‍ 25 ഹെക്ടറോളം വനം കത്തിനശിച്ചു. മുത്തങ്ങ, പൊന്‍കുഴി എന്നിവിടങ്ങളിലാണ് കാട്ടുതീയുണ്ടായത്. പൊന്‍കുഴിയില്‍ കാട്ടുനായ്ക്ക കോളനിക്ക് സമീപത്തെ യൂക്കാലി പ്ളാന്‍േറഷനിലാണ് ഉച്ചയോടെ തീപിടിത്തമുണ്ടായത്. വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍, മുത്തങ്ങ റെയ്ഞ്ചര്‍ ഹീരാലാല്‍ എന്നിവരുടെ നേതൃത്വത്തില്‍ എഴുപതോളം വനപാലകരടങ്ങുന്ന സംഘവും ബത്തേരിയില്‍നിന്നത്തെിയ ഫയര്‍ഫോഴ്സും ചേര്‍ന്നാണ് മണിക്കൂറുകള്‍ പണിപ്പെട്ടാണ് തീയണച്ചത്. ഇതേസമയം തീപിടിത്തം ഉള്‍വനത്തിലായതിനാല്‍ ഫയര്‍ഫോഴ്സിനെ വനംവകുപ്പിന്‍െറ ജീപ്പിലാണ് യൂക്കാലി തോട്ടത്തിലത്തെിച്ചത്. ഉച്ചതിരിഞ്ഞ് മൂന്നോടെ മുത്തങ്ങയില്‍ സെയില്‍സ് ടാക്സ് ചെക്പോസ്റ്റിന് സമീപത്തും കാട്ടുതീയുണ്ടായി. വനവകുപ്പിന്‍െറ സമയോചിത ഇടപെടലിനെ തുടര്‍ന്ന് തീ പെട്ടെന്ന് അണക്കാനായി. ഈ വര്‍ഷം ഇത് രണ്ടാം വട്ടമാണ് വയനാട് വന്യജീവിസങ്കേതത്തില്‍ കാട്ടുതീയുണ്ടാകുന്നത്. രണ്ടാഴ്ചമുമ്പ് പൊന്‍കുഴിയില്‍ കാട്ടുതീയുണ്ടായി 10 ഹെക്ടറോളം വനം കത്തിനശിച്ചിരുന്നു. കാട്ടുതീഭീഷണി കണക്കിലെടുത്ത് ഈ മാസം എട്ടു മുതല്‍ ഏപ്രില്‍ 20വരെ വയനാട് വന്യജീവിസങ്കേതത്തില്‍ സഞ്ചാരികള്‍ക്ക് പ്രവേശം നിരോധിച്ചിരിക്കുകയാണ്. പതിവിന് വിപരീതമായി വേനല്‍മഴ ഇത്തവണയില്ലാത്തതിനാല്‍ കടുത്തവരള്‍ച്ചയുടെ പിടിയിലാണ് വയനാട് വന്യജീവിസങ്കേതം. ഒരു തീപ്പൊരിപോലും വലിയ അഗ്നിബാധക്ക് ഇടവരുത്തിയേക്കും. കാട്ടുതീ മുന്നില്‍ക്കണ്ട് നിതാന്തജാഗ്രതയിലാണ് വനംവകുപ്പ്. എന്നാല്‍, കാട്ടുതീ പ്രതിരോധത്തിന് ഇത്തവണ സര്‍ക്കാര്‍ ഫണ്ട് വെട്ടിക്കുറച്ചത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കാര്യമായിത്തന്നെ ബാധിച്ചിട്ടുണ്ട്. ജീവനക്കാരുടെ കുറവും വനംവകുപ്പിനെ അലട്ടുന്നുണ്ട്. കാടുകളില്‍ വരള്‍ച്ച രൂക്ഷമായതിനാല്‍ തീറ്റതേടി മൃഗങ്ങള്‍ നാട്ടിലേക്ക് ഇറങ്ങാന്‍ തുടങ്ങിയതും വനംവകുപ്പിന് തലവേദന സൃഷ്ടിക്കുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.