ഒളിമ്പിക്സ് യോഗ്യത നേടിയ താരത്തിന് ജന്മനാടിന്‍െറ ആദരം

കല്‍പറ്റ: തേലമ്പറ്റയിലെ കൊയ്ത്തൊഴിഞ്ഞ പാടങ്ങളില്‍ പിച്ചവെച്ച സ്വപ്നം അങ്ങകലെ റിയോ ഡെ ജനീറോയിലെ വിശ്വമാമാങ്കത്തില്‍ സാര്‍ഥകമാകാനിരിക്കേ ട്രാക്കില്‍ വയനാടിന്‍െറ പുത്തന്‍ താരോദയമായ ടി. ഗോപിക്ക് ആഹ്ളാദമേറെ. ‘ഈ മണ്ണ് നല്‍കിയ കരുത്താണ് എന്‍െറ സ്വപ്നങ്ങളെ വര്‍ണാഭമാക്കിയത്. വയനാട്ടിലെ ജീവിത സാഹചര്യങ്ങളില്‍നിന്ന് ആര്‍ജിച്ച പരിശീലനവും പഠിച്ച പാഠങ്ങളുമാണ് അഭിമാനകരമായ നേട്ടത്തിലേക്ക് ഓടിക്കയറാന്‍ എന്നെ തുണച്ചത്’ -അനിര്‍വചനീയ നേട്ടത്തിനിടയിലും പിറന്നനാടിനോടുള്ള കടപ്പാട് ഗോപി മറച്ചുവെക്കുന്നില്ല. ജനുവരിയില്‍ മുംബൈ മാരത്തണില്‍ വിജയത്തിലേക്ക് സ്പൈക്കണിഞ്ഞ പ്രകടനത്തോടെയാണ് ബത്തേരി മൂലങ്കാവ് സ്വദേശിയായ ഗോപി ബ്രസീലില്‍ ഈ വര്‍ഷം ആഗസ്റ്റില്‍ നടക്കുന്ന ഒളിമ്പിക്സില്‍ മാറ്റുരക്കാന്‍ യോഗ്യത നേടിയത്. ഒളിമ്പ്യന്‍ എന്ന വിശേഷണത്തിനുടമയായ ഗോപി ആ നേട്ടം സമര്‍പ്പിക്കുന്നത് തന്‍െറ ഗുരുവര്യര്‍ക്ക്. മറ്റുള്ളവര്‍ക്ക് വേഗംകൂട്ടുന്ന പേസ് റണ്ണറായി തുടങ്ങിയ കരിയറില്‍ ഇന്ന് രാജ്യത്തെ മികച്ച ദീര്‍ഘദൂര ഓട്ടക്കാരനായി ഈ ഗോത്രവര്‍ഗ യുവാവ് മാറിക്കഴിഞ്ഞു. കുഞ്ഞുന്നാളില്‍ ഒളിമ്പിക്സില്‍ മാറ്റുരക്കുകയെന്ന വലിയ സ്വപ്നം കണ്ട തനിക്ക് അത് യാഥാര്‍ഥ്യമാക്കാന്‍ കഴിഞ്ഞത് കഠിനാധ്വാനം കൊണ്ടാണെന്ന് ഗോപി സാക്ഷ്യപ്പെടുത്തുന്നു. പാടത്ത് ഓടിക്കളിച്ച ആ നാളുകളില്‍തന്നെ, അറിയപ്പെടുന്ന ഓട്ടക്കാരനാകണമെന്ന മോഹം നാമ്പെടുത്തിരുന്നു. കണിയാമ്പറ്റ സ്കൂളിലെ പ്രാഥമിക പഠനത്തിനുശേഷം കാക്കവയലിലേക്ക് മാറണമെന്ന് മോഹിച്ചത് ഓട്ടക്കാരനാകാന്‍ തന്നെയായിരുന്നു. കാക്കവയലില്‍ വിജയചരിത്രമെഴുതിയ പ്രമുഖ പരിശീലക വിജയി ടീച്ചറെ ചെന്നുകണ്ട് ഗോപി ആഗ്രഹം പറഞ്ഞു. ഗോപിയുടെ അര്‍പ്പണബോധവും ഇച്ഛാശക്തിയും ബോധ്യമായ ടീച്ചര്‍ക്ക് ഇവന്‍ എന്നെങ്കിലും നേട്ടങ്ങളുടെ നെറുകയിലേക്ക് ഓടിക്കയറുമെന്ന് ഉറപ്പുണ്ടായിരുന്നു. ടീച്ചറുടെ വീട്ടില്‍ താമസിച്ചായിരുന്നു കാക്കവയലിലെ പഠനം. അതാണ് മുംബൈ മഹാനഗരത്തിലെ മിന്നുംപ്രകടനത്തിലൂടെ ഗോപി സാര്‍ഥകമാക്കിയത്. കാക്കവയല്‍ സ്കൂളില്‍ തന്‍െറ മുന്‍ഗാമിയായ അബൂബക്കര്‍ രാജ്യാന്തര വേദിയില്‍ കൊയ്ത നേട്ടങ്ങളായിരുന്നു ഗോപിയുടെ ഏറ്റവുംവലിയ പ്രചോദനം. കാക്കവയല്‍ സ്കൂളില്‍ പഠിക്കുന്ന സമയത്ത് 800, 1500, 5000, 10,000 മീറ്റുകളിലൊക്കെ ഒരുകൈ നോക്കിയിരുന്നു. 2004ല്‍ സംസ്ഥാന സ്കൂള്‍ കായികമേളയില്‍ നേടിയ 1500 മീറ്റര്‍ വെങ്കലമായിരുന്നു ആദ്യനേട്ടം. പഇക്കഴിഞ്ഞ സാഫ് ഗെയിംസില്‍ ഗുവാഹതിയിലെ ട്രാക്കില്‍ സ്വന്തമാക്കിയ 10,000 മീറ്റര്‍ സ്വര്‍ണംവരെ നീളുന്നു നേട്ടങ്ങളുടെ വലിയ നിര. തേലമ്പറ്റയില്‍ കൃഷിക്കാരനായ ബാബുവിന്‍െറയും തങ്കത്തിന്‍െറയും ഏകമകനാണ്. കോതമംഗലം മാര്‍ അത്തനേഷ്യസ് കോളജിലെ ബിരുദപഠന കാലം അത്റ്റലറ്റെന്ന രീതിയില്‍ ഏറെ തുണച്ചു. ഗോപിയിലെ അത്ലറ്റിനെ വാര്‍ത്തെടുത്തതില്‍ അവിടെ പരിശീലകനായിരുന്ന ബാബുസാര്‍ നിര്‍ണായക പങ്കുവഹിച്ചു. കോളജില്‍ പഠിക്കുന്ന സമയത്താണ് സ്പോര്‍ട്സ് ക്വോട്ടയില്‍ പട്ടാളത്തില്‍ ജോലി ലഭിക്കുന്നത്. ആര്‍മിയില്‍ സുരേന്ദ്ര സിങ്ങിന്‍െറ കീഴിലുള്ള പരിശീലനം തന്നിലെ ദീര്‍ഘദൂര ഓട്ടക്കാരനെ ഏറെ തുണച്ചതായി ഗോപി പറയുന്നു. മെഡലിലേക്കത്തെിയില്ളെങ്കില്‍പോലും റയോയില്‍ വ്യക്തിപരമായി മികച്ച പ്രകടനമാണ് ലക്ഷ്യമിടുന്നതെന്ന് ഗോപി പറഞ്ഞു. ബ്രസീല്‍ ഫുട്ബാള്‍ ടീമിന്‍െറ കടുത്ത ആരാധകനായ തനിക്ക് ബ്രസീലിലെ ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത് സവിശേഷമായ സന്തോഷം പകര്‍ന്നുനല്‍കുന്നതായും ഗോപി കൂട്ടിച്ചേര്‍ക്കുന്നു. ഒളിമ്പിക്സ് മുന്‍നിര്‍ത്തി ഊട്ടിയില്‍ കഠിന പരിശീലനത്തിലാണിപ്പോള്‍. ജില്ലാ കായിക കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഗോപിക്ക് കല്‍പറ്റയില്‍ സ്വീകരണം നല്‍കി. ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ കായിക കൂട്ടായ്മയുടെ ഉപഹാരവും കൈമാറി. സലീം കടവന്‍ സ്വാഗതം പറഞ്ഞു. മുഹമ്മദ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ടോണി ഫിലിപ്, രവീന്ദ്രനാഥന്‍ നായര്‍, എ.കെ. മാത്യു, വി.വി. യോയാക്കി, പി. സഫറുല്ല, എന്‍.കെ. സാജിദ്, ഷാജി പോള്‍, കോഴിക്കോട് മെഡിക്കല്‍ കോളജ് അസോ. പ്രഫ. ശെല്‍വരാജ്, ഡോ. വിനോദ് ബാബു, എല്‍ദോ കെ. ഫിലിപ്, ഷമീര്‍ പാറമ്മല്‍ എന്നിവര്‍ സംസാരിച്ചു. എ.ഡി. ജോണ്‍ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.