കഞ്ചാവുപുകഞ്ഞ് നഗരവഴികള്‍; തടിച്ചുകൊഴുത്ത് മാഫിയ

കല്‍പറ്റ: ജില്ലയിലുടനീളം പുതുതലമുറയെ കുരുക്കി കഞ്ചാവ്-മയക്കുമരുന്ന് മാഫിയ ശക്തിപ്രാപിക്കുന്നു. സ്കൂള്‍ വിദ്യാര്‍ഥികള്‍ അടക്കമുള്ളവരെ ലഹരിക്കടിമകളാക്കി കഞ്ചാവുമാഫിയ ജില്ല അടക്കിവാഴുന്ന നിലയിലത്തെിയിരിക്കുകയാണ്. നിലവിലുള്ള നാര്‍കോട്ടിക് നിയമത്തിലെ പഴുതുകള്‍ വളമാക്കി കഞ്ചാവ് മാഫിയ തടിച്ചുകൊഴുക്കുമ്പോള്‍ എന്തുചെയ്യണമെന്നറിയാതെ കുഴങ്ങുകയാണ് എക്സൈസ് വകുപ്പ്. നിലവിലെ നിയമപ്രകാരം ഒരു കിലോക്ക് മുകളില്‍ കഞ്ചാവ് കൈവശംവച്ചാല്‍ മാത്രമേ ജാമ്യം ലഭിക്കാതുള്ളൂ. അങ്ങനെവന്നാല്‍ വടകരയിലെ നാര്‍കോട്ടിക് കോടതിയില്‍ ഹാജരാക്കണം. ഇത്തരം കേസുകളില്‍ പരമാവധി 10 വര്‍ഷംവരെ തടവ് ലഭിക്കാം. എന്നാല്‍, ഒരു കിലോയില്‍ താഴെ കഞ്ചാവുമായി പിടിക്കപ്പെട്ടാല്‍ അപ്പോള്‍തന്നെ ജാമ്യംകിട്ടും. 990 ഗ്രാം കഞ്ചാവുമായി പിടിയിലായാല്‍പോലും പിഴയടച്ചുപോകാവുന്നതേയുള്ളൂ. ചെറിയ അളവില്‍ കൈവശംവെച്ചതിന് പിടിയിലായാല്‍ തടവുശിക്ഷ അനുഭവിക്കേണ്ട സാധ്യത വളരെ വിരളവും. ഈ ‘സൗകര്യം’ മുതലെടുത്താണ് കഞ്ചാവുമാഫിയ വാഴുന്നത്. കഞ്ചാവ് വില്‍ക്കുന്നവര്‍ ഒരു കിലോയില്‍ അധികം ഇപ്പോള്‍ സൂക്ഷിക്കാറേയില്ളെന്ന് എക്സൈസ് അധികൃതര്‍ പറയുന്നു. പരമാവധി അരക്കിലോവരെയാണ് ചില്ലറവില്‍പനക്കാരുടെ കൈവശമുണ്ടാവുക. പാക് ചെയ്യുന്നതിന്‍െറ മുമ്പോ ഒന്നിച്ചുസൂക്ഷിക്കാന്‍ കൊണ്ടുപോകുമ്പോഴോ ഇതരസംസ്ഥാനത്തുനിന്ന് ലോഡ് കൊണ്ടുവരുമ്പോഴോ ഒക്കെയാണ് ഒരുകിലോയില്‍ കൂടുതല്‍ കഞ്ചാവുമായി വിരളമായി ആളുകളെ പിടികൂടാറുള്ളതെന്നും എക്സൈസ് ഉദ്യോഗസ്ഥര്‍ സാക്ഷ്യപ്പെടുത്തുന്നു. 10 ഗ്രാം വീതമുള്ള പൊതികളായാണ് കഞ്ചാവുവില്‍പന അധികവും നടക്കുന്നത്. ഇതിന് 200 രൂപയാണ് വില. പത്തോ ഇരുപതോ പൊതികളാണ് ഒരു സമയം കച്ചവടക്കാരന്‍െറ കൈകളിലുണ്ടാവുക. ഇത് തീരുന്നമുറക്ക് രഹസ്യകേന്ദ്രത്തിലത്തെി ഇയാള്‍ വീണ്ടും സാധനവുമായത്തെും. പണ്ടത്തേതുപോലെ പെട്ടിക്കടകള്‍ കേന്ദ്രീകരിച്ചല്ല ഇപ്പോഴത്തെ വില്‍പന. മൊബൈല്‍ ഫോണിലൂടെയാണ് ഇടപാടുകളധികവും. ഒന്നുകില്‍ സാധനവുമായി വില്‍പനക്കാരന്‍ ഉപഭോക്താവിനടുത്തത്തെും. അല്ളെങ്കില്‍, ഉപഭോക്താവ് സാധനത്തിനായി വില്‍പനക്കാരന്‍ പറയുന്നിടത്തേക്ക് ചെല്ലണം. ബൈക്ക്, ഓട്ടോകളില്‍ സഞ്ചരിച്ച് വില്‍ക്കുന്നവരും നഗരവഴികളിലൂടെ നടന്ന് വില്‍ക്കുന്നവരുമൊക്കെയുണ്ട് ഈ കൂട്ടത്തില്‍. വിദ്യാര്‍ഥികളും യുവാക്കളുമാണ് 80 ശതമാനവും ഉപഭോക്താക്കള്‍. നല്ല പരിചയം സ്ഥാപിച്ചശേഷമേ പുതിയ കസ്റ്റമര്‍ക്ക് ഇവര്‍ കഞ്ചാവു നല്‍കുകയുള്ളൂ. സ്കൂളുകളും കോളജുകളും കേന്ദ്രീകരിച്ച് കഞ്ചാവുവില്‍പന നടത്തുന്ന സംഘങ്ങള്‍തന്നെയുണ്ട് വയനാട്ടില്‍. ഏറെ തയാറെടുപ്പും അധ്വാനവുമൊക്കെച്ചേര്‍ന്ന ഓപറേഷനിലാണ് എക്സൈസ് ടീം കഞ്ചാവു വില്‍പനക്കാരെ കുടുക്കുന്നത്. എന്നാല്‍, ഉടന്‍തന്നെ പിഴയടച്ച് ജാമ്യംതേടി പുറത്തിറങ്ങുന്ന ഇവര്‍ അടുത്ത മണിക്കൂറില്‍തന്നെ വില്‍പന പുനരാരംഭിക്കുന്ന അവസ്ഥയാണ്. പതിനായിരങ്ങള്‍ ലാഭംകൊയ്യുന്ന കഞ്ചാവുവില്‍പനയില്‍ പിഴസംഖ്യപോലും അവര്‍ക്കൊരു പ്രശ്നമാകാറില്ല. കഞ്ചാവ് വില്‍പനയുടെ മലബാറിലേക്കുള്ള ഇടനാഴിയായി മാറുകയാണ് വയനാടെന്നാണ് സൂചനകള്‍. കര്‍ണാടക അതിര്‍ത്തിഗ്രാമമായ ബൈരക്കുപ്പ കേന്ദ്രീകരിച്ചാണ് വയനാട്ടിലേക്ക് കഞ്ചാവ് ഒഴുകുന്നത്. ബൈരക്കുപ്പയില്‍ കഞ്ചാവുകൃഷി കാര്യമായില്ളെങ്കിലും ആന്ധ്രയടക്കമുള്ള സംസ്ഥാനങ്ങളില്‍നിന്ന് വയനാട്, കോഴിക്കോട്, കണ്ണൂര്‍ തുടങ്ങിയ ജില്ലകളിലേക്ക് വന്‍തോതില്‍ കഞ്ചാവത്തെുന്നത് വയനാടന്‍ അതിര്‍ത്തികളിലൂടെയാണ്. ഈയിടെ കിലോക്കണക്കിന് കഞ്ചാവുമായി ഇതരജില്ലക്കാരനെ തോല്‍പെട്ടിയില്‍നിന്ന് പിടികൂടിയിരുന്നു. ജില്ലയില്‍ കല്‍പറ്റ, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി എന്നീ പ്രമുഖ ടൗണുകള്‍ അടക്കിവാഴുന്ന കഞ്ചാവുമാഫിയക്ക് ഇപ്പോള്‍ ഗ്രാമങ്ങളില്‍പോലും ശക്തമായ വിതരണശൃംഖലയുണ്ട്. കല്‍പറ്റ നഗരത്തിന്‍െറ ഹൃദയഭാഗമായ പഴയ ബസ്സ്റ്റാന്‍ഡ് പരിസരമാണ് കഞ്ചാവു വില്‍പനക്കാരുടെ മുഖ്യതാവളം. ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്ന കെട്ടിടത്തിന്‍െറ കോണിപ്പടികള്‍ മുതല്‍ സ്റ്റാന്‍ഡിനു മുകളിലെ ബ്ളോക് ഓഫിസ് പരിസരംവരെ സന്ധ്യ മയങ്ങിയാല്‍ ഇവരുടെ കസ്റ്റഡിയിലാണ്. ബ്ളോക് ഓഫിസ് പരിസരത്ത് കഞ്ചാവുചെടി വളര്‍ത്തി പരിപാലിച്ചുകൊണ്ടിരുന്നത് കഴിഞ്ഞദിവസം എക്സൈസ് അധികൃതര്‍ കണ്ടത്തെിയിരുന്നു. നഗരത്തില്‍ ആളൊഴിഞ്ഞ കോണുകളിലെല്ലാം യുവതലമുറ ലഹരിയുടെ പുകച്ചുരുകള്‍ തേടുന്ന അവസ്ഥയുണ്ടായിട്ടും പൊലീസ് അധികൃതര്‍ നിസ്സംഗത തുടരുകയാണ്. കഞ്ചാവ് ചെറിയൊരളവില്‍ കൈവശംവെച്ചാല്‍പോലും 10 വര്‍ഷംവരെ തടവുകിട്ടുന്ന രീതിയില്‍ നാര്‍കോട്ടിക് നിയമം ഭേദഗതി ചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്നാണ് പുതിയ ആവശ്യം. മയക്കുമരുന്ന് നേരിയ തോതിലെങ്കിലും കൈവശംവെച്ചാല്‍പോലും കടുത്തശിക്ഷ കിട്ടുന്ന രീതിയിലേക്ക് നിയമം മാറ്റിയെഴുതപ്പെട്ടതോടെ മയക്കുമരുന്ന് ഉപയോഗത്തില്‍ ഏറെ കുറവുവന്നിട്ടുണ്ട്. ഈ രീതിയില്‍ കഞ്ചാവു വില്‍പനക്കാരെയും കൈവശം വെക്കുന്നവരെയും കനത്തരീതിയില്‍ ശിക്ഷിക്കാന്‍ പഴുതുണ്ടായാല്‍ വ്യാപനം തടയുന്നത് എളുപ്പമാകുമെന്ന് എക്സൈസ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.