മാനന്തവാടി: കൃത്യസമയത്ത് ഡി.പി.സി അംഗീകാരത്തിനായി സമര്‍പ്പിക്കാത്തതിനാല്‍ മാനന്തവാടി നഗരസഭയുടെ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി അവതാളത്തിലാകുന്നു. ഫെബ്രുവരി 28നകം അംഗീകാരത്തിനായി ജില്ലാ പ്ളാനിങ് കമ്മിറ്റി മുമ്പാകെ സമര്‍പ്പിക്കേണ്ടതായിരുന്നു. എന്നാല്‍, നഗരസഭ തികഞ്ഞ അലംഭാവമാണ് കാണിക്കുന്നതെന്ന ആരോപണവുമായി പ്രതിപക്ഷം രംഗത്തുവന്നിട്ടുണ്ട്. 2015 നവംബര്‍ മുതലാണ് നഗരസഭയായി മാറിയത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതിയിലെ 5000ത്തോളം തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിരിക്കയാണ്. ഗ്രാമസഭകള്‍ വിളിച്ചുചേര്‍ത്ത് ആക്ഷന്‍ പ്ളാന്‍ തയാറാക്കി ലേബര്‍ ബാങ്ക് രൂപവത്കരിച്ച് നഗരസഭ ഭരണസമിതിയുടെ അംഗീകാരത്തോടെ വേണം ജില്ലാ പ്ളാനിങ് കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍. ഇതിന് സംസ്ഥാന മുനിസിപ്പല്‍ ഡയറക്ടറേറ്റില്‍നിന്നുള്ള അംഗീകാരവും വേണം. ഗ്രാമസഭകള്‍ ചേര്‍ന്ന് ആക്ഷന്‍ പ്ളാനുകള്‍ രൂപവത്കരിച്ചെങ്കിലും മറ്റു നടപടികളൊന്നും ഉണ്ടായില്ല. കൂടാതെ അക്കൗണ്ടന്‍റ്, ഓവര്‍സിയര്‍ തസ്തികകളില്‍ ആളുകളെ നിയമിക്കുകയും വേണം. ഈ പ്രക്രിയകള്‍ ഒന്നും നടപ്പായിട്ടില്ല. ഏപ്രില്‍ ഒന്നിനകം ലേബര്‍ കാര്‍ഡുകള്‍ വിതരണം ചെയ്ത് തൊഴില്‍ ആരംഭിക്കണം. നിലവില്‍ തൊഴിലില്ലാത്തതിനാല്‍ തൊഴിലാളികള്‍ ദുരിതത്തിലാണ്. നാലുമാസമായി പദ്ധതി നിലച്ചിട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.