കല്‍പറ്റ: വയനാട് വന്യജീവി സങ്കേതത്തിലെ കര്‍ഷകരുടെ സ്വയം സന്നദ്ധ പുനരധിവാസ പദ്ധതി ഇഴയുകയാണെന്ന് കര്‍ഷക ക്ഷേമ സമിതി, വയനാട് പ്രകൃതിസംരക്ഷണ സമിതി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. തങ്ങളുടെ നിരന്തര പരിശ്രമത്തിന്‍െറ ഫലമായാണ് കുറിച്യാട്, തോല്‍പ്പെട്ടി റെയ്ഞ്ചിലെ ഈശ്വരന്‍കൊല്ലി, നരിമാന്തിക്കൊല്ലി എന്നീ ഗ്രാമങ്ങളിലെ 74 ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാനുള്ള പദ്ധതിയുണ്ടായത്. മന്ത്രി ജയലക്ഷ്മി മുന്‍കൈയെടുത്ത് ഇതിനായി സര്‍ക്കാര്‍ 7.4 കോടി രൂപ അനുവദിച്ചു. എന്നാല്‍, ഒമ്പതു മാസമായി പണം ജില്ലാ കലക്ടറുടെ അക്കൗണ്ടില്‍ കിടക്കുകയാണ്. കേന്ദ്ര സര്‍ക്കാര്‍ ഫണ്ടുപയോഗിച്ച് ഒന്നര വര്‍ഷം മുമ്പ് തുടങ്ങിവെച്ച കുറിച്യാട് ഗ്രാമത്തിലെ പുനരധിവാസവും പൂര്‍ത്തിയായിട്ടില്ല. പദ്ധതിയനുസരിച്ച് 10 ലക്ഷം രൂപയാണ് ഒരു യോഗ്യതാ കുടുംബത്തിന് ലഭിക്കുക. എന്നാല്‍, 35 കുടുംബങ്ങള്‍ക്ക് ആറു ലക്ഷം രൂപ വീതം ഒന്നാം ഗഡുവും 14 കുടുംബങ്ങള്‍ക്ക് നാലുലക്ഷം രൂപ വീതമുള്ള രണ്ടാം ഗഡുവും കൊടുക്കാന്‍ ബാക്കിയാണ്. അതേസമയം, അമ്മവയല്‍, ഗോളൂര്‍ ഗ്രാമങ്ങളിലെ 49 കുടുംബങ്ങള്‍ക്കുള്ള പുനരധിവാസ പദ്ധതി പെട്ടെന്ന് നടത്തുകയും ചെയ്തു. ഈ പദ്ധതിക്ക് ആദ്യം അനുവദിച്ച 5.5 കോടി രൂപ ജില്ലാ കലക്ടറുടെ അക്കൗണ്ടിലത്തെി 30 ദിവസംകൊണ്ട് ഈ ഗ്രാമങ്ങളിലെ 49 കുടുംബങ്ങള്‍ക്ക് പണം നല്‍കി പുനരധിവസിപ്പിച്ചു. എന്നാല്‍, കുറിച്യാട്, ഈശ്വരന്‍കൊല്ലി, നരിമാന്തിക്കൊല്ലി ഗ്രാമങ്ങളിലെ പദ്ധതിയെ അവഗണിക്കുകയാണ്. ഇവിടങ്ങളിലെ 30 കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനുള്ള ശിപാര്‍ശ വനംവകുപ്പ് കലക്ടര്‍ക്ക് കൊടുത്തിട്ട് നാളേറെയായി. ജില്ലാ ഭരണകൂടം ഇതിനായി നടപടിയെടുക്കുന്നില്ല. നിയമസഭാ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്നാല്‍ പദ്ധതിയുടെ ഭാവി അനിശ്ചിതത്വത്തിലാകുമെന്നും ആശങ്കയുണ്ട്. ഭാരവാഹികളായ തോമസ് പട്ടമന, കെ. സജീവന്‍, എന്‍. രാഘവന്‍, എ. രാജേഷ്, എന്‍.ആര്‍. മനീഷ്, രാജീവന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.