കല്‍പറ്റ: കല്‍പറ്റ-മേപ്പാടി റോഡ് പണി മാര്‍ച്ച് 31നകം പൂര്‍ത്തിയാക്കാന്‍ പൊതുമരാമത്ത് വകുപ്പിന് ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ കര്‍ശന നിര്‍ദേശം നല്‍കി. റോഡ് പണി തീരാത്തത് സംബന്ധിച്ച് നിരന്തരം പരാതികളുയരുന്ന സാഹചര്യത്തിലാണ് ജില്ലാ വികസന സമിതി യോഗത്തില്‍ കലക്ടറുടെ നിര്‍ദേശം. റോഡിലെ വൈദ്യുതി ലൈന്‍ പ്രവൃത്തി ഈയാഴ്ച പൂര്‍ത്തീകരിക്കുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു. ജില്ലയിലെ റോഡുകളുടെയും പാലങ്ങളുടെയും സുരക്ഷ സംബന്ധിച്ച് റോഡ് സേഫ്റ്റി ഓഡിറ്റ് നടത്തി ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കല്‍പറ്റ ടൗണ്‍ റോഡിന്‍െറ അറ്റകുറ്റപ്പണിക്കുള്ള ടെന്‍ഡര്‍ മാര്‍ച്ച് 15ന് തുറക്കുമെന്നും പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. ബൈപാസ് റോഡിലെ ഹംപുകളുടെ എണ്ണം കുറച്ച് യാത്ര സുഗമമാക്കാനും കലക്ടര്‍ നിര്‍ദേശിച്ചു. അടുത്ത സാമ്പത്തിക വര്‍ഷം മുതല്‍ പട്ടികവര്‍ഗ മേഖലയിലെ ധനസഹായം ബാങ്ക് അക്കൗണ്ട് മുഖേന ആയിരിക്കണമെന്ന് കലക്ടര്‍ നിര്‍ദേശിച്ചു. പട്ടികവര്‍ഗ ഭവന നിര്‍മാണ പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കള്‍ക്കും ബാങ്ക് അക്കൗണ്ട് ആരംഭിച്ചതായി ഐ.ടി.ഡി.പി പ്രോജക്ട് ഓഫിസര്‍, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി ട്രൈബല്‍ ഡവലപ്മെന്‍റ് ഓഫിസര്‍മാര്‍ എന്നിവര്‍ യോഗത്തെ അറിയിച്ചു. ഭവന നിര്‍മാണ ഗ്രാന്‍റിന്‍െറ ഗഡുക്കള്‍ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട് വഴി നല്‍കാന്‍ നടപടി സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ വീടുകള്‍ ആവശ്യമുള്ള കോളനികളില്‍ വീടുകള്‍ അനുവദിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതായും അറിയിച്ചു. പട്ടികവര്‍ഗ മേഖലയില്‍ അനുവദിച്ച വീടുകള്‍ക്കുള്ള ധനസഹായമായി നല്‍കുന്ന ഡിമാന്‍ഡ് ഡ്രാഫ്റ്റ് സ്വീകരിക്കാന്‍ എസ്.ബി.ടി മാനേജര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയതായി ലീഡ് ബാങ്ക് മാനേജര്‍ അറിയിച്ചു. ജില്ലയിലെ വിദ്യാലയങ്ങളില്‍ വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് തടയുന്നതിന് നടത്തിയ പ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ടും 2016 മാര്‍ച്ച് മുതല്‍ ജൂണ്‍ വരെ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പ്രവര്‍ത്തന പാക്കേജും സര്‍വശിക്ഷാ അഭിയാന്‍ പ്രോജക്ട് ഓഫിസര്‍ സമര്‍പ്പിച്ചു. വിദ്യാര്‍ഥികളുടെ കൊഴിഞ്ഞുപോക്ക് സംബന്ധിച്ച് ചര്‍ച്ചചെയ്യാന്‍ മാര്‍ച്ച് മൂന്നിന് വയനാട് ഡയറ്റില്‍ ശില്‍പശാല നടത്തും. പട്ടികവര്‍ഗത്തില്‍പ്പെട്ട കുട്ടികളെ തോട്ടങ്ങളില്‍ പണിയെടുപ്പിക്കുന്നത് തടയാന്‍ തുടര്‍ച്ചയായ റെയ്ഡുകള്‍ നടത്താന്‍ തൊഴില്‍ വകുപ്പിന് കലക്ടര്‍ നിര്‍ദേശം നല്‍കി. ഇക്കാര്യം കൃത്യമായി പിന്തുടര്‍ന്ന് കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. ജില്ലയില്‍ വൈദ്യുതി തൂണുകളിലൂടെയുള്ള കേബിള്‍ ടി.വി സര്‍വിസുകളില്‍ എട്ട് കേബിള്‍ ടി.വി നെറ്റ്വര്‍ക്ക് ഓപറേറ്റര്‍മാര്‍ കരാര്‍ പുതുക്കിയിട്ടില്ളെന്നും 12 കേബിള്‍ ടി.വി. ഓപറേറ്റര്‍മാര്‍ വാടക കുടിശ്ശിക വരുത്തിയതായും കെ.എസ്.ഇ.ബി കല്‍പറ്റ ഇലക്ട്രിക്കല്‍ ഡിവിഷന്‍ എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു. ഫെബ്രുവരി 25ന് അന്തിമമായി ഓര്‍മപ്പെടുത്തിയിട്ടും ഫലമില്ലാത്തതിനാല്‍ മാര്‍ച്ച് മൂന്നിന് കേബിളുകള്‍ വിച്ഛേദിക്കുമെന്ന് കെ.എസ്.ഇ.ബി അറിയിച്ച സാഹചര്യത്തില്‍ മാര്‍ച്ച് 31 വരെ തീയതി നീട്ടി നല്‍കാന്‍ കലക്ടര്‍ നിര്‍ദേശം നല്‍കി. കുടിശ്ശികപ്രശ്നം ചര്‍ച്ചചെയ്യുന്നതിന് ഈയാഴ്ച എ.ഡി.എമ്മിന്‍െറ നേതൃത്വത്തില്‍ കേബിള്‍ ടി.വി ഓപറേറ്റര്‍മാരുടെ യോഗം വിളിക്കുമെന്നും കലക്ടര്‍ അറിയിച്ചു. യോഗത്തില്‍ കലക്ടര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്ളാനിങ് ഓഫിസര്‍ ആര്‍. മണിലാല്‍, വിവിധ വകുപ്പു മേധാവികള്‍ എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.