ജില്ലാ ആശുപത്രിയെ മിനി മെഡിക്കല്‍ കോളജാക്കും –മന്ത്രി ജയലക്ഷ്മി

കല്‍പറ്റ: വയനാട്ടിലെ സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ ജില്ലാ ആശുപത്രിയെ മിനി മെഡിക്കല്‍ കോളജ് എന്ന രീതിയിലേക്ക് വളര്‍ത്തിയെടുക്കുമെന്ന് പട്ടികവര്‍ഗ യുവജന ക്ഷേമ മന്ത്രി പി.കെ. ജയലക്ഷ്മി പറഞ്ഞു. മാനന്തവാടി ജില്ലാ ആശുപത്രിയില്‍ നിര്‍മാണപ്രവൃത്തി പൂര്‍ത്തിയായ സര്‍ജിക്കല്‍ കോംപ്ളക്സിന്‍െറ ഉദ്ഘാടനവും മള്‍ട്ടി പര്‍പ്പസ് ബ്ളോക്, സ്റ്റാഫ് ക്വാര്‍ട്ടേഴ്സ്, പുതിയ ഡയാലിസിസ് യൂനിറ്റ് എന്നിവയുടെ ശിലാസ്ഥാപനവും നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അവര്‍. ജില്ലയില്‍ ആരോഗ്യ രംഗത്ത് മുന്‍കാലങ്ങളിലുണ്ടായിരുന്ന കുറെയേറെ പ്രയാസങ്ങള്‍ കുറക്കാന്‍ കഴിഞ്ഞു. ജില്ലാ ആശുപത്രിയില്‍ നിലവിലുള്ള അടിസ്ഥാന സൗകര്യങ്ങളും സേവനങ്ങളും മെച്ചപ്പെടുത്താന്‍ 45 കോടി രൂപയുടെ പദ്ധതി പ്രകാരം സാധിക്കും. പദ്ധതി പൂര്‍ത്തിയാകുന്നതോടെ 19 പുതിയ തസ്തികകള്‍ ലഭിക്കും. സമയബന്ധിതമായി പദ്ധതി പൂര്‍ത്തിയാക്കുന്നതിന് മാധ്യമങ്ങളുടെയും പൊതുജനങ്ങളുടെയും പിന്തുണ അത്യാവശ്യമാണെന്നും മന്ത്രി പറഞ്ഞു. പി.ഡബ്ള്യു.ഡി.കെട്ടിട വിഭാഗം ചീഫ് എന്‍ജിനീയര്‍ എം. പെണ്ണമ്മ, ആരോഗ്യകേരളം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. ബിജോയ് തുടങ്ങിയവര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. സര്‍ജിക്കല്‍ കോംപ്ളക്സിന്‍െറ പൂര്‍ത്തീകരണത്തിനായി പ്രവര്‍ത്തിച്ച എന്‍ജിനീയര്‍മാരായ പ്രകാശന്‍, ഒ.കെ. സജിത്ത്, ഷാലിന എന്നിവര്‍ക്ക് ഉപഹാരം നല്‍കി ആദരിച്ചു. മള്‍ട്ടിപര്‍പ്പസ് ബ്ളോക്കിന് നബാര്‍ഡില്‍നിന്ന് 45 കോടി രൂപയാണ് അനുവദിച്ചത്. പുതിയ ഡയാലിസിസ് യൂനിറ്റിന് ഒരു കോടി രൂപയും സ്റ്റാഫ് ക്വാര്‍ട്ടേഴ്സിന് രണ്ടു കോടി രൂപയുമാണ് അനുവദിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്‍റ് പി.കെ. അസ്മത്ത്, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി, എ. പ്രഭാകരന്‍, ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഡോ. ആശാദേവി, മാനന്തവാടി നഗരസഭ കൗണ്‍സിലര്‍മാരായ ജേക്കബ് സെബാസ്റ്റ്യന്‍, റഷീദ് പടയന്‍, പി.വി. ജോര്‍ജ്, ജില്ലാ ആശുപത്രി സൂപ്രണ്ട് രത്നവല്ലി, ഡോ. ടി.പി. സുരേഷ് കുമാര്‍, വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.