സുല്‍ത്താന്‍ ബത്തേരി: വൃക്ക രോഗം ബാധിച്ചവരുടെ എണ്ണം ദിനംപ്രതി വര്‍ധിക്കുമ്പോഴും ഇവര്‍ക്കാവശ്യമായ ചികിത്സാ സൗകര്യങ്ങള്‍ ജില്ലയില്‍ ലഭ്യമല്ല. നിരവധി രോഗികളാണ് ഡയാലിസിസ് കൊണ്ടുമാത്രം ജീവിതം തള്ളിനീക്കുന്നത്. മാനന്തവാടി ജില്ലാ ആശുപത്രിയിലും വൈത്തിരി താലൂക്ക് ആശുപത്രിയിലുമാണ് നിലവില്‍ ഡയാലിസിസ് ചെയ്യുന്നതിന് സര്‍ക്കാര്‍തലത്തില്‍ സൗകര്യമുള്ളത്. മാനന്തവാടിയില്‍ ഏഴും വൈത്തിരിയില്‍ നാലും മെഷീനുകളുണ്ട്. വൈത്തിരിയിലെ മൂന്നു മെഷീനുകള്‍ മാത്രമാണ് പ്രവര്‍ത്തനക്ഷമമായുള്ളത്. മാനന്തവാടിയില്‍ 14 പേര്‍ക്കും വൈത്തിരിയില്‍ മൂന്നു പേര്‍ക്കുമാണ് ദിവസവും ഡയാലിസ് ചെയ്തുനല്‍കുന്നത്. നിലവില്‍ ചെയ്യുന്നവര്‍ക്ക് മാത്രമാണ് തുടര്‍ന്നും ചെയ്യുന്നത്. പുതിയ ആളുകള്‍ക്ക് ചെയ്യണമെങ്കില്‍ നിലവില്‍ ചെയ്തുകൊണ്ടിരിക്കുന്ന ആളുകളുടെ വൃക്ക മാറ്റിവെക്കുകയോ മരണം സംഭവിക്കുകയോ ചെയ്യണം. ജില്ലയില്‍ ചില സ്വകാര്യ ആശുപത്രികളിലും ഡയാലിസിസ് ചെയ്യുന്നുണ്ട്. 1000 രൂപയിലധികമാണ് ഒരു തവണ ഡയാലിസിസ് ചെയ്യുന്നതിന് ആവശ്യമായി വരുന്നത്. എന്നാല്‍, ഇവിടെയും ആളുകള്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തുനില്‍ക്കുകയാണ്. അതിനാല്‍ പുതിയ ആളുകള്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍നിന്ന് ഡയാലിസിസ് ചെയ്യുന്നതിനുള്ള സാധ്യത മങ്ങുകയാണ്. ആദിവാസികളും കര്‍ഷകത്തൊഴിലാളികളും ചെറുകിട കര്‍ഷകരുമടങ്ങുന്ന ജില്ലയില്‍ കുറഞ്ഞ ചെലവില്‍ ഡയാലിസിസ് സൗകര്യം ഒരുക്കേണ്ടത് അനിവാര്യമാണെന്ന് പാവപ്പെട്ട രോഗികള്‍ ചൂണ്ടിക്കാട്ടുന്നു. ജില്ലയില്‍ സാധ്യമല്ലാതെ വരുന്നതോടെ നിരവധി ആളുകള്‍ ജില്ലക്ക് പുറത്തുപോയും ഡയാലിസിസ് ചെയ്യുന്നുണ്ട്. അതിനാല്‍ ജില്ലയില്‍ എത്രപേര്‍ ഡയാലിസിസ് ചെയ്യുന്നുണ്ടെന്ന് കൃത്യമായി അറിയാന്‍ സാധിക്കില്ല. സമയത്തിന് ഡയാലിസിസ് ചെയ്യുന്നതിന് സാധിക്കാത്തതിനാല്‍ പലരുടെയും രോഗം മൂര്‍ച്ഛിക്കുന്നതിനും കാരണമാകുന്നുണ്ട്. സാധാരണക്കാരായ പലര്‍ക്കും സ്വകാര്യ ആശുപത്രികളില്‍നിന്ന് ഡയാലിസിസ് ചെയ്യാന്‍ സാധിക്കാറില്ല. വാഹനം വിളിച്ച് രോഗബാധിതരായ ആളുകളെ ആശുപത്രിയിലത്തെിച്ച് ഡയാലിസിസ് ചെയ്തുവരുമ്പോഴേക്കും വന്‍ സാമ്പത്തിക ബാധ്യതയാണ് വരുന്നത്. ഈ സാഹചര്യത്തില്‍, ഡയാലിസിസിന് സര്‍ക്കാര്‍തലത്തില്‍ കൂടുതല്‍ സൗകര്യം ഏര്‍പ്പെടുത്തണമെന്നാണ് ജില്ലയിലെ കിഡ്നി രോഗികളുടെയും ബന്ധുക്കളുടെയും ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.