ഉപകാരമില്ലാതെ സ്കൂളുകളിലെ കമ്പ്യൂട്ടറുകള്‍

സുല്‍ത്താന്‍ ബത്തേരി: സംസ്ഥാനം വിവരസാങ്കേതിക വിദ്യയില്‍ ഏറെ മുന്നിലെന്ന് പറയുമ്പോഴും ജില്ലയിലെ സര്‍ക്കാര്‍ സ്കൂളുകളിലെ കമ്പ്യൂട്ടറുകളില്‍ ഭൂരിഭാഗവും ഉപയോഗശൂന്യമാണ്. വിവിധ സ്കൂളുകളിലായി 1300ഓളം കമ്പ്യൂട്ടറുകളാണ് കേടായിക്കിടക്കുന്നത്. ജില്ലയിലെ എല്ലാ സ്കൂളുകളിലും കമ്പ്യൂട്ടറുണ്ട്. എന്നാല്‍, പല സ്കൂളുകളിലും ഉപയോഗയോഗ്യമായവ ഒന്നുംതന്നെയില്ല. എല്‍.പി, യു.പി സ്കൂളുകളില്‍ കമ്പ്യൂട്ടറുകളുടെ മേല്‍നോട്ടം ഒന്നോ രണ്ടോ അധ്യാപകരെ ഏല്‍പിക്കുകയാണ് പതിവ്. പല അധ്യാപകര്‍ക്കും പ്രത്യേക പരിശീലനം ലഭിച്ചിട്ടില്ല. അതിനാല്‍ ചെറിയ പ്രശ്നങ്ങള്‍ സംഭവിച്ചാല്‍പോലും നന്നാക്കാന്‍ കഴിയാറില്ല. ഇങ്ങനെ വരുന്നവ പിന്നീട് ഉപയോഗശൂന്യമായിത്തീരുകയാണ് പതിവ്. പല സ്കൂളുകളിലും ഇങ്ങനെ ഉപയോഗശൂന്യമായവ ഒഴിഞ്ഞ ഇടങ്ങളില്‍ മാറ്റിവെച്ചിരിക്കുകയാണ്. എല്‍.സി.ഡി പ്രൊജക്ടറുകളുടെയും അനുബന്ധ ഉപകരണങ്ങളുടെയും അവസ്ഥയും ഇതുതന്നെ. രണ്ടു വര്‍ഷം മുമ്പുവരെ കമ്പ്യൂട്ടര്‍ നന്നാക്കുന്നതിന് ക്ളിനിക്കുകള്‍ സംഘടിപ്പിച്ചിരുന്നു. എന്നാല്‍, പിന്നീട് ഇത് നിലച്ചു. സ്വന്തമായി പണം മുടക്കി കമ്പ്യൂട്ടര്‍ നന്നാക്കാന്‍ പല സ്കൂളുകള്‍ക്കും സാധിക്കാറില്ല. എം.പി, എം.എല്‍.എ തുടങ്ങി വിവിധ ഫണ്ടുകള്‍ വഴിയാണ് സ്കൂളുകള്‍ക്ക് കമ്പ്യൂട്ടര്‍ ലഭിക്കുന്നത്. പക്ഷേ, ലഭിക്കുന്നവയില്‍ പലതും ഗുണനിലവാരം കുറഞ്ഞതാണെന്നും ആക്ഷേപമുണ്ട്. ഹൈസ്കൂളില്‍ പരീക്ഷ നടത്തേണ്ടതിനാല്‍ മാത്രം അത്യാവശ്യ കാര്യങ്ങള്‍ ലഭ്യമായ കമ്പ്യൂട്ടറുകള്‍ ഉപയോഗിച്ച് പഠിപ്പിക്കുകയാണ് ചെയ്യുന്നത്. അതേസമയം, ജില്ലയില്‍ ഉപയോഗശൂന്യമായ കമ്പ്യൂട്ടറുകളുടെ പട്ടിക തയാറാക്കിയിട്ടുണ്ടെന്നും ഇതില്‍ 650ഓളം എണ്ണം നന്നാക്കാന്‍ സാധിക്കുന്നവയാണെന്നും ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ എ. ദേവകി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.