പാരിസണ്‍ എസ്റ്റേറ്റ് തേറ്റമല ഡിവിഷന്‍: മരുന്ന് തളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം

മാനന്തവാടി: മരുന്ന് തളിക്കുന്നതിനിടെ ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട സൂപ്പര്‍വൈസര്‍ ഉള്‍പ്പെടെ എട്ടുപേര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. പാരിസണ്‍ എസ്റ്റേറ്റ് തേറ്റമല ഡിവിഷനിലെ സൂപ്പര്‍വൈസറും തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്തംഗവുമായ ആര്‍. രവീന്ദ്രന്‍, തൊഴിലാളികളായ പുതുശ്ശേരി വഞ്ഞലോട് വിജയന്‍ (46), തേറ്റമല സ്വദേശികളായ വടക്കേല്‍ മജീദ് (48), കാരാടന്‍ സത്താര്‍ (36), കള്ളിയത്ത് അസീസ് (51), പള്ളിയാല്‍ മുസ്തഫ (40), അയിരകാട്ടി കൃഷ്ണന്‍കുട്ടി (51), ഉസാന്‍ വീട്ടില്‍ തങ്കരാജ് (42) എന്നിവരാണ് ചികിത്സ തേടി എത്തിയത്. ചപ്പ് വളരുന്നതിനായി നാലു ദിവസമായി മരുന്ന് തളിക്കല്‍ നടക്കുന്നുണ്ടായിരുന്നു. ഒമ്പതോളം ശക്തമായ കീടനാശിനികള്‍ അടങ്ങിയ മിശ്രിതമാണ് തളിക്കുന്നതെന്ന് തൊഴിലാളികള്‍ പറഞ്ഞു. മരുന്ന് തളിക്കല്‍ ആരംഭിച്ച ദിവസങ്ങളില്‍ തന്നെ തൊഴിലാളികള്‍ക്ക് കണ്ണ് എരിച്ചില്‍, കണ്ണ് ചൊറിച്ചില്‍, ശ്വാസതടസ്സം, മൂത്രക്കടച്ചില്‍ എന്നിവ അനുഭവപ്പെട്ടിരുന്നുവെങ്കിലും കാര്യമാക്കിയിരുന്നില്ല. എന്നാല്‍, അസ്വസ്ഥതകള്‍ കാരണം ജോലിചെയ്യാന്‍പോലും പറ്റാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ ചികിത്സതേടി ബുധനാഴ്ച രാവിലെ ജില്ലാ ആശുപത്രിയില്‍ എത്തിയത്. സംഭവത്തെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തോട്ടത്തില്‍ പരിശോധന നടത്തി. ലേബലില്ലാത്തതും, പര്‍ച്ചേസ് ബില്‍ ഇല്ലാത്തതുമായ കീടനാശിനികള്‍ ഗോഡൗണില്‍നിന്ന് കണ്ടത്തെി. തോട്ടത്തില്‍ ഏതൊക്കെ മരുന്നുകളാണ് ഉപയോഗിക്കുന്നതെന്നും, ഇവയില്‍ നിരോധിത കീടനാശിനികള്‍ ഉപയോഗിച്ചിട്ടുണ്ടോ എന്നും അറിയുന്നതിനായി വിവരങ്ങള്‍ ശേഖരിക്കുന്നതിനായി ആരോഗ്യ വകുപ്പ് കൃഷി ഓഫിസര്‍ക്ക് നിര്‍ദേശം നല്‍കി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.