ഗൂഡല്ലൂരിലെ പരാജയം സര്‍ക്കാര്‍ നേട്ടങ്ങള്‍ ജനമറിയാത്തതിനാല്‍

ഗൂഡല്ലൂര്‍: എ.ഐ.എ.ഡി.എം.കെ. ഗൂഡല്ലൂര്‍ നിയമസഭാ മണ്ഡലം സ്ഥാനാര്‍ഥി എസ്. കലൈശെല്‍വന്‍െറ പരാജയത്തിലേക്ക് നയിച്ച കാര്യങ്ങളെക്കുറിച്ച് പ്രവര്‍ത്തകസമിതി യോഗത്തില്‍ വിലയിരുത്തി. പ്രവര്‍ത്തകരുടെ പ്രവര്‍ത്തനക്കുറവാണ് സ്ഥാനാര്‍ഥി പരാജയപ്പെടാന്‍ മുഖ്യകാരണമായതെന്ന് ജില്ലാ സെക്രട്ടറിയും രാജ്യസഭാ എം.പിയുമായ കെ.ആര്‍. അര്‍ജുനന്‍ പറഞ്ഞു. ജില്ലയില്‍ ഏറ്റവും കൂടുതല്‍ വികസനപ്രവൃത്തികള്‍ക്ക് ഫണ്ട് അനുവദിച്ചത് ഗൂഡല്ലൂരിലേക്കാണ്. എന്നാല്‍, അത്തരം കാര്യങ്ങള്‍ വോട്ടര്‍മാരെ പറഞ്ഞുബോധ്യപ്പെടുത്തുന്നതില്‍ പ്രവര്‍ത്തകര്‍ പരാജയപ്പെട്ടു. പാര്‍ട്ടി ജനറല്‍ സെക്രട്ടറിയും മുഖ്യമന്ത്രിയുമായ ജയലളിത നിയോഗിക്കുന്ന സ്ഥാനാര്‍ഥിയെ ഏകമനസ്സോടെ അംഗീകരിച്ച് വിജയത്തിനുവേണ്ടി പ്രവര്‍ത്തിക്കേണ്ടത് ഒരോ പ്രവര്‍ത്തകന്‍െറയും ചുമതലയാണ്. അക്കാര്യത്തില്‍ വീഴ്ചപറ്റിയുണ്ട്. ഇന്ന് പ്രധാന ഭാരവാഹികളായി സ്റ്റേജിലിരിക്കുന്നവര്‍ നാളെ സാധാപ്രവര്‍ത്തകനായേക്കാം. കാണികള്‍ക്കൊപ്പമായായിരിക്കും നാളെ അയാളുടെ സ്ഥാനം. അതിനാല്‍ വരാനിരിക്കുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ എല്ലാ പഞ്ചായത്തുകളിലും നഗരസഭാ സീറ്റിലേക്കും മുഖ്യമന്ത്രി നിയമിക്കുന്നയാളെ വിജയിപ്പിക്കാന്‍ എല്ലാവരും തയാറാവണം. താലിക്ക് തങ്കം നാലുഗ്രാം എന്നുള്ളത് എട്ടുഗ്രാമാക്കി ഉയര്‍ത്തി, മദ്യഷാപ്പുകള്‍ പടിപടിയായി പൂട്ടുമെന്ന വാഗ്ദാനപ്രകാരം നീലഗിരിയില്‍ 31 ഷോപ്പുകള്‍ അടച്ചുപൂട്ടി. ഇക്കാര്യങ്ങളെല്ലാം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും സെക്രട്ടറി പറഞ്ഞു. അതേസമയം, ഡി.എം.കെ മുന്നണി ശക്തമായതാണ് ഗൂഡല്ലൂരില്‍ പരാജയത്തിനുകാരണമെന്ന് പ്രാദേശിക നേതാക്കള്‍ അഭിപ്രായപ്പെട്ടു. തനിച്ച് മത്സരിച്ചിട്ടും 12,000 വോട്ടുകള്‍ കൂടുതല്‍ ലഭിച്ചതിനെക്കുറിച്ചും വ്യക്തമാക്കി. പാര്‍ട്ടി പ്രവര്‍ത്തനത്തിനിടെ മരണപ്പെട്ട മഹേഷ്വരന്‍െറ വിയോഗത്തില്‍ യോഗം അനുശോചിച്ചു. ആറു പ്രാവശ്യം മുഖ്യമന്ത്രിയായി ചുമതലയേറ്റ മുഖ്യമന്ത്രി ജയലളിതയെ യോഗം അഭിനന്ദിച്ചു. കലൈശെല്‍വന് വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് നന്ദിപറഞ്ഞു. രാജീവ് വധക്കേസിലെ പ്രതികള്‍ 25 വര്‍ഷമായി ജയിലില്‍ കഴിയുന്നു. ഇവരുടെ മോചനത്തിനുവേണ്ടി മുഖ്യമന്ത്രി ശ്രമിക്കുന്നുണ്ട്. ഒമ്പത് തീരുമാനങ്ങള്‍ യോഗം അംഗീകരിച്ചു. ഗൂഡല്ലൂര്‍ നഗരസഭാ സെക്രട്ടറി അനൂപ്ഖാന്‍ അധ്യക്ഷതവഹിച്ചു. അമ്മാപേരവൈ ജില്ലാ സെക്രട്ടറിയും താഡ്കോ ചെയര്‍മാനുമായ എസ്. കലൈശെല്‍വന്‍, ആവിന്‍ ജില്ലാ ചെയര്‍മാന്‍ എ. മില്ലര്‍, തേനാട് ലക്ഷ്മണന്‍, ഗൂഡല്ലൂര്‍ താലൂക്ക് സെക്രട്ടറി എല്‍. പത്മനാഭന്‍, മുന്‍ സെക്രട്ടറിയും ഗൂഡല്ലൂര്‍ നഗരസഭാ വൈസ് ചെയര്‍മാനുമായ രാജതങ്കവേല്‍, പന്തല്ലൂര്‍ താലൂക്ക് സെക്രട്ടറി സി. അബു, നെല്ലിയാളം നഗരസഭാ സെക്രട്ടറി രാമാനുജം, ഗൂഡല്ലൂര്‍ നഗര പ്രസിഡന്‍റ് നാരായണന്‍ നമ്പൂതിരി, അഭിഭാഷകരായ ഭാസ്കരന്‍, ചന്ദ്രമോഹന്‍, രാമമൂര്‍ത്തി, എന്‍.എം. അഷ്റഫ്, കലാനേശന്‍ എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.