വന്യമൃഗങ്ങള്‍ക്കും വേണം വയനാട്ടില്‍ ചികിത്സാകേന്ദ്രം

സുല്‍ത്താന്‍ ബത്തേരി: പരിക്കുപറ്റി കാടിറങ്ങുന്ന വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും പരിചരിക്കുന്നതിനുമായി ജില്ലയില്‍ ചികിത്സാകേന്ദ്രം തുടങ്ങേണ്ടതിന്‍െറ ആവശ്യകത നാള്‍ക്കുനാള്‍ ഏറിവരുന്നു. കടുവാ സങ്കേതമായി പ്രഖ്യാപിച്ചിട്ടില്ളെങ്കില്‍പോലും സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കടുവകളുള്ളത് വയനാട്ടിലാണ്. അതിനാല്‍തന്നെ ഏറ്റവും കൂടുതല്‍ കടുവകള്‍ നാട്ടിലേക്കിറങ്ങുന്നതും ഇവിടെ തന്നെ. ഇങ്ങനെ കാടിറങ്ങുന്ന കടുവകളുടെ പരിചരണവും പുനരധിവാസവും വനം വകുപ്പിന് വലിയ വെല്ലുവിളിയാണ് ഉയര്‍ത്തുന്നത്. മറ്റു വന്യമൃഗങ്ങളില്‍നിന്ന് തികച്ചും വിഭിന്നമായ ജീവിതരീതിയാണ് കടുവകളുടേത്. ഓരോ കടുവകള്‍ക്കും സ്വന്തമായി സ്ഥലപരിധിയുണ്ട്. ഈ പരിധിക്കുള്ളിലേക്ക് മറ്റു കടുവകള്‍ക്ക് പ്രവേശം സാധ്യമല്ല. ഒരു കടുവയുടെ സ്ഥലം മറ്റൊരു കടുവ കീഴടക്കിയാല്‍ പിന്നീട് ആ കടുവക്ക് കാട്ടില്‍ നിലനില്‍പ്പില്ല. ഇതിനാല്‍ കടുവകള്‍ക്ക് നാട്ടിലേക്കിറങ്ങുകയേ നിവൃത്തിയുള്ളു. ഇവക്ക് തിരിച്ച് കാട്ടിലേക്ക് പോകാനും സാധിക്കില്ല. ഈ സാഹചര്യത്തിലാണ് വയനാട്ടില്‍തന്നെ വന്യമൃഗങ്ങളെ സംരക്ഷിക്കുന്നതിനും ചികിത്സിക്കുന്നതിനുമായി കേന്ദ്രം തുടങ്ങേണ്ടത് അത്യാവശ്യമായി വരുന്നത്. ഒരു വര്‍ഷത്തിനിടെ ജില്ലയില്‍ നാല് കടുവകളെയാണ് പിടികൂടിയത്. ഇതില്‍ രണ്ടെണ്ണത്തെ മൃഗശാലയിലേക്ക് കൊണ്ടുപോയി. ഒരെണ്ണത്തെ മയക്കുവെടി വെച്ചാണ് പിടികൂടിയത്. എന്നാല്‍, അധികം താമസിയാതെ കടുവ ചത്തു. അവസാനമായി കഴിഞ്ഞ ശനിയാഴ്ച പള്ളിവയലില്‍ പിടികൂടിയ കടുവക്ക് മാരകമായ പരിക്കുണ്ടായിരുന്നു. ഇതിനെ ചികിത്സക്കായി നെയ്യാറിലത്തെിച്ചെങ്കിലും ഞായറാഴ്ച ചത്തു. വയനാട് വന്യജീവി സങ്കേതത്തില്‍ കടുവകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായതായി കണക്കുകള്‍ സൂചിപ്പിക്കുന്നു. 76ഓളം കടുവകളുണ്ടെന്നാണ് കണക്ക്. അനുകൂല കാലാവസ്ഥയും വേട്ടയാടല്‍ നിര്‍ത്തലാക്കാന്‍ കഴിഞ്ഞതുമാണ് കടുവകളുടെ എണ്ണത്തില്‍ വര്‍ധനവിന് കാരണമായത്. കാടിറങ്ങുന്ന കടുവകളില്‍ ഏറെയും പരിക്കേറ്റതോ പ്രായാധിക്യത്താന്‍ ഇരതേടാന്‍ സാധിക്കാത്തതോ ആണ്. അതിനാല്‍ ഇവക്ക് ആവശ്യമായ ചികിത്സാസൗകര്യം ജില്ലയില്‍തന്നെ തുടങ്ങേണ്ടതുണ്ട്. നെയ്യാറിലും കര്‍ണാടകയിലെ ബെല്ലാര്‍ഘട്ടയിലുമെല്ലാം മൃഗങ്ങളെ പുനരധിവസിപ്പിക്കുന്നതിനും ചികിത്സക്കുമായി പാര്‍ക്കുകളുണ്ട്. ബീനാച്ചി എസ്റ്റേറ്റ് സുവോളജിക്കല്‍ പാര്‍ക്ക് ആക്കണമെന്ന് പല കോണുകളില്‍നിന്നും ഏറെ നാളായി ആവശ്യമുയരുന്നുണ്ട്. പാര്‍ക്ക് സ്ഥാപിക്കുന്നതിന് ജില്ലയിലെ ഏക സാധ്യതയും ബീനാച്ചി എസ്റ്റേറ്റാണ്. അനുദിനം വളര്‍ന്നുകൊണ്ടിരിക്കുന്ന വയനാടിന്‍െറ ടൂറിസം മേഖലക്കും പാര്‍ക്ക് മുതല്‍ക്കൂട്ടാകും. എന്നാല്‍, ചികിത്സാകേന്ദ്രത്തിനും പാര്‍ക്ക് സ്ഥാപിക്കുന്നതിനുമുള്ള പ്രാഥമിക നടപടികള്‍ പോലും ഇതുവരെ ആരംഭിക്കാനായിട്ടില്ല.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.