മാവോവാദി സാന്നിധ്യം: തോട്ടം തൊഴിലാളികള്‍ ഭീതിയില്‍

മാനന്തവാടി: മാവോവാദികളെ കുറിച്ച് പത്രങ്ങളിലൂടെയും ചാനലുകളിലൂടെയും കണ്ടും കേട്ടും അറിഞ്ഞിട്ടുള്ളവര്‍ നേരിട്ട് കണ്ടതിന്‍െറ ഞെട്ടലിലാണ്. വെള്ളിയാഴ്ച രാത്രിയാണ് തലപ്പുഴ ചിറക്കര നാലാം നമ്പര്‍ പാടിയില്‍ സായുധരായ ആറംഗ മാവോവാദികളെ വീടുകളില്‍ നേരില്‍ കണ്ടത്. പച്ച പാന്‍റും ഷര്‍ട്ടും ധരിച്ച് തോക്കേന്തി തൊപ്പിയുമണിഞ്ഞ് എത്തിയ ഇവര്‍ തങ്ങള്‍ മാവോവാദികളാണെന്ന് പരിചയപ്പെടുത്തിയാണ് വീടുകള്‍ക്കുള്ളിലേക്ക് പ്രവേശിച്ചത്. പിന്നീട് വീട്ടുകാരെ പരിചയപ്പെടുകയും ജാനു, രാമു എന്ന് രണ്ടുപേര്‍ പേരുപറഞ്ഞ് പരിചയപ്പെടുകയും ചെയ്തു. തുടര്‍ന്ന് ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം കഴിച്ചതിന് ശേഷം അരിയുള്‍പ്പെടെയുള്ള സാധനങ്ങള്‍ ചോദിച്ച് വാങ്ങുകയുംചെയ്തു. കുട്ടികളോട് വളരെ സ്നേഹപൂര്‍വമാണ് ഇവര്‍ പെരുമാറിയതെന്ന് പാടിവാസികള്‍ പറഞ്ഞു. ഒന്നര മണിക്കൂറോളം ചെലവഴിച്ചതിന് ശേഷം ഇവര്‍ മടങ്ങിയതോടെയാണ് എല്ലാവര്‍ക്കും ശ്വാസം വീണത്. ഈ സമയമത്രയും മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാന്‍ കഴിഞ്ഞിരുന്നില്ളെന്ന് വീട്ടുകാര്‍ പറഞ്ഞു. അതുകൊണ്ടുതന്നെ മാവോവാദികള്‍ മൊബൈല്‍ ജാമര്‍ ഉപയോഗിച്ചിരിക്കാന്‍ സാധ്യതയുണ്ടെന്ന് സംശയിക്കുന്നു. മാവോവാദികള്‍ പോയതിന് പിന്നാലെ പൊലീസത്തെി ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങിയതോടെ പലരുടെയും ഉറക്കം നഷ്ടപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.