ജില്ലാ ആശുപത്രിയില്‍ സൂപ്രണ്ടില്ല; പ്രവര്‍ത്തനം താളം തെറ്റുന്നു

മാനന്തവാടി: ജില്ലാ ആശുപത്രിയില്‍ സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നിലവില്‍ സ്ഥിരം സൂപ്രണ്ട് ഇല്ലാത്തതിനാല്‍ ദൈനംദിന പ്രവര്‍ത്തനങ്ങള്‍ താളം തെറ്റുകയാണ്. കൂടാതെ ആര്‍.എം.ഒ, ലേ സെക്രട്ടറി പോസ്റ്റുകളിലും സ്ഥിരം സംവിധാനമില്ല. നിലവില്‍ ഡെ. ഡി.എം.ഒ കേഡറിലുള്ള ഡോക്ടര്‍ക്കാണ് സൂപ്രണ്ടിന്‍െറ ചുമതല. ഡെ. ഡയറക്ടര്‍ തസ്തികയിലുള്ളവര്‍ക്ക് മാത്രമാണ് സൂപ്രണ്ടിന്‍െറ പൂര്‍ണ ചുമതല നല്‍കാന്‍ കഴിയൂ. നിലവിലുണ്ടായിരുന്ന സൂപ്രണ്ട് സ്ഥലം മാറിയതിനെ തുടര്‍ന്ന് ഒരു വര്‍ഷത്തോളമായി സൂപ്രണ്ടിന്‍െറ ചാര്‍ജ് വഹിച്ചുവരുകയാണ്. ഭരണമാറ്റത്തെ തുടര്‍ന്ന് സ്ഥിരം സൂപ്രണ്ടിനെ നിയമിക്കുമെന്ന പ്രതീക്ഷ ഉയര്‍ന്നെങ്കിലും നിലവിലെ സൂപ്രണ്ടിന്‍െറ ചാര്‍ജ് വഹിക്കുന്ന ഡോക്ടറെ മാറ്റി അതേ തസ്തികയിലുള്ള ഒരു ഡോക്ടര്‍ക്ക് സൂപ്രണ്ടിന്‍െറ ചാര്‍ജ് നല്‍കാനാണ് നീക്കം. അതിനുള്ള അണിയറ നീക്കങ്ങള്‍ സജീവമായിരിക്കുകയാണ്. ഇതിനുപിന്നില്‍ ജില്ലയിലെ രണ്ട് എം.എല്‍.എമാര്‍തന്നെ താല്‍പര്യമെടുക്കുന്നതായി ആരോപണമുയര്‍ന്നിട്ടുണ്ട്. മള്‍ട്ടി പര്‍പ്പസ് ബ്ളോക് നിര്‍മാണം, പഴയ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുക തുടങ്ങിയ സുപ്രധാന തീരുമാനങ്ങള്‍ നടപ്പാക്കണമെങ്കില്‍ സ്ഥിരം സൂപ്രണ്ടിന്‍െറ സേവനം അത്യാവശ്യമാണ്. സംസ്ഥാനത്ത് ഡെ. ഡയറക്ടര്‍ തസ്തികയില്‍ നിരവധി ഡോക്ടര്‍മാരുണ്ടെന്നിരിക്കെയാണ് യോഗ്യതയില്ലാത്തവരെ വീണ്ടും പ്രതിഷ്ഠിക്കാന്‍ ശ്രമം നടത്തുന്നത്. ജില്ലാ ആശുപത്രിയിലെ ഏറ്റവും പ്രധാന പരാതി രോഗികള്‍ക്ക് മതിയായ ചികിത്സ ലഭിക്കുന്നില്ളെന്നാണ്. ഇതിന് പ്രധാന കാരണം, ഒരേ തസ്തികയിലുള്ള സൂപ്രണ്ടിന്‍െറ ചാര്‍ജ് വഹിക്കുന്നവരെ മറ്റു ഡോക്ടര്‍മാര്‍ അംഗീകരിക്കാന്‍ തയാറാകുന്നില്ളെന്നതാണ്. ഇതില്‍ ബലിയാടാകുന്നതാകട്ടെ പാവപ്പെട്ട രോഗികളും. ഈ സാഹചര്യത്തില്‍ രാഷ്ട്രീയനിറം നോക്കാതെ ജില്ലാ ആശുപത്രിയുടെ സമഗ്രലക്ഷ്യം മുന്‍നിര്‍ത്തി സ്ഥിരം സൂപ്രണ്ടിനെ നിയമിക്കണമെന്നാണ് ആവശ്യമുയര്‍ന്നിരിക്കുന്നത്. ഈ ആവശ്യമുന്നയിച്ച് ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന ഏതാനും സംഘടനകള്‍ ആരോഗ്യമന്ത്രിയെയും മുഖ്യമന്ത്രിയെയും സമീപിക്കാനുള്ള തയാറെടുപ്പിലാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.