ശൗര്യം കാട്ടാതെ കൂട്ടിലേക്ക്

സുല്‍ത്താന്‍ ബത്തേരി: മുമ്പൊക്കെ കാടിറങ്ങിയ കടുവകള്‍ ഉണ്ടാക്കിയ കോലഹലങ്ങള്‍ ചില്ലറയല്ല. എന്നാല്‍, ഇത്തവണ ഇറങ്ങിയ കടുവ വലിയ പ്രശ്നങ്ങള്‍ക്ക് വഴിവെക്കാതെ വേഗം കൂട്ടില്‍ കയറുകയായിരുന്നു. വീണ്ടും കടുവ ഇറങ്ങിയപ്പോള്‍ എല്ലാവരും ആശങ്കയുടെ മുള്‍മുനയിലായിരുന്നു. മുമ്പുണ്ടായ അനുഭവങ്ങള്‍തന്നെയാണ് ആളുകളെ ഭീതിയിലാഴ്ത്തിയത്. ഇതിനു മുമ്പ് അവസാനമായി ഓടപ്പള്ളത്ത് കടുവ ഇറങ്ങിയപ്പോള്‍ രണ്ടാഴ്ചക്കാലമാണ് നാട്ടുകാര്‍ ഭീതിയിലായത്. നിരവധി വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്നുകയും ചെയ്തു. വനം വകുപ്പും നാട്ടുകാരും തമ്മില്‍ നിരവധി തവണ വാക്കേറ്റം ഉണ്ടായി. കടുവയെ പിടിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധങ്ങളിലേക്കുവരെ കാര്യങ്ങളത്തെി. ഒരാഴ്ച രാവും പകലും വനം വകുപ്പും പൊലീസും നാട്ടുകാരും ഇവിടെ തമ്പടിച്ചു. ഇത്തവണയും കടുവ കൂട്ടില്‍ കയറാന്‍ വൈകിയാല്‍ പ്രശ്നം രൂക്ഷമാകുമെന്ന് ഉറപ്പായതിനാല്‍ എല്ലാവിധ മുന്നൊരുക്കങ്ങളും അധികൃതര്‍ നടത്തി. വെള്ളിയാഴ്ച രാവിലെ അവശനിലയില്‍ റോഡരികില്‍ കിടക്കുമ്പോഴാണ് നാട്ടുകാര്‍ കടുവയെ കണ്ടത്. അനക്കമില്ലാതെ കിടന്നതിനാല്‍ കടുവ ചത്തുവെന്നാണ് ആദ്യം വിചാരിച്ചത്. ഒച്ചയുണ്ടാക്കിയപ്പോള്‍ പതുക്കെ അടുത്ത കാപ്പിത്തോട്ടത്തിലേക്ക് കയറി. പിന്നീട് തോട്ടത്തില്‍ നിലയുറപ്പിക്കുകയായിരുന്നു. 30 മീറ്റര്‍ വരെ അടുത്ത് ആളുകള്‍ ചെന്നിട്ടും കടുവ ആക്രമിക്കാന്‍ മുതിരുകയോ ഓടിപ്പോകാന്‍ ശ്രമിക്കുകയോ ചെയ്തില്ല. സാരമായ പരിക്ക് തന്നെയായിരുന്നു കാരണം. ഒടുവില്‍ ശനിയാഴ്ച പുലര്‍ച്ചെ 5.30ഓടെ ഇരയെ കെട്ടിയ കൂട്ടില്‍ കയറി. കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടിനെ കൊന്നതൊഴിച്ചാല്‍ കടുവ ഒരു നഷ്ടവും ഉണ്ടാക്കിയില്ല. നാട്ടിലിറങ്ങി 24 മണിക്കൂറിനുള്ളില്‍ കുടുങ്ങുന്ന ആദ്യ കടുവയാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.