എന്‍ജിനീയറുടെ വ്യാജ ഒപ്പും സീലും ഉപയോഗിച്ച് കരാറുകാരന്‍ പണം തട്ടിയെടുത്തതായി കേസ്

മേപ്പാടി: ഗ്രാമപഞ്ചായത്ത് പൊതുമരാമത്ത് വകുപ്പ് അസി. എന്‍ജിനീയറുടെ വ്യാജ ഒപ്പിട്ട് ഓഫിസ് സീലും വെച്ച് കരാറുകാരന്‍ ഒരു ലക്ഷത്തില്‍പരം രൂപ തട്ടിയെടുത്തതായി പരാതിയുയര്‍ന്നു. ഓഫിസ് അലമാരയില്‍നിന്ന് ഇ.എം.ഡി ഡ്രാഫ്റ്റുകള്‍ മോഷ്ടിച്ചെടുത്ത് അതില്‍ എന്‍ജിനീയറുടെ വ്യാജ ഒപ്പിട്ട് ഓഫിസ് സീലും പതിച്ച് ബാങ്കുകളില്‍ കൊടുത്ത് പണം വാങ്ങിയെടുത്തുവെന്നതാണ് സംഭവം. മേയ് 30, 31, ജൂണ്‍ എട്ട് തീയതികളിലായി കല്‍പറ്റയിലെ സഹകരണ ബാങ്ക്, തൃക്കൈപ്പറ്റ സര്‍വിസ് സഹ. ബാങ്ക് എന്നിവിടങ്ങളില്‍നിന്നായി പണം പിന്‍വലിച്ചെടുക്കുകയായിരുന്നു. ഉപ്പുപാറ സ്വദേശിയായ കരാറുകാരനെതിരെ ഇതു സംബന്ധിച്ച് എന്‍ജിനീയര്‍ അജിത് ജേക്കബ് ശനിയാഴ്ച മേപ്പാടി പൊലീസില്‍ പരാതി നല്‍കിയതായാണ് വിവരം. പഞ്ചായത്തിന്‍െറ പ്രവൃത്തികള്‍ കരാറെടുത്ത് ചെയ്തുവരുന്ന ആളാണിയാള്‍. ആ നിലയില്‍ എന്‍ജിനീയറുടെ ഓഫിസില്‍ സ്ഥിരമായി കയറിയിറങ്ങാറുമുണ്ട്. ആ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി ഡ്രാഫ്റ്റുകള്‍ കൈക്കലായി എന്‍ജിനീയറുടെ വ്യാജ ഒപ്പിട്ട് സീലും വെച്ച് ബാങ്കുകളില്‍നിന്ന് പണം തട്ടിയെടുക്കുകയായിരുന്നു. എന്‍ജിനീയറുടെ ഒപ്പുമായി ഒരു സാമ്യവുമില്ലാത്ത ഒപ്പാണിട്ടുകൊടുത്തിട്ടുള്ളത്. ഒപ്പ് താരതമ്യപരിശോധന നടത്താതെ ബാങ്കുകാര്‍ പണം നല്‍കിയെന്ന വീഴ്ചയുമുണ്ടായിട്ടുണ്ട്. സീല്‍ വ്യാജമായുണ്ടാക്കിയതാണോ എന്നും വ്യക്തമായിട്ടില്ല. ടെന്‍ഡര്‍ പ്രവൃത്തികള്‍ ഏറ്റെടുക്കുന്ന കരാറുകാര്‍ എന്‍ജിനീയറുടെ പേരില്‍ കെട്ടിവെക്കുന്ന നിരതദ്രവ്യമാണ് ഇ.എം.ഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്നത്. നിശ്ചിത കാലാവധി കഴിയുമ്പോള്‍ എന്‍ജിനീയറുടെ ഒപ്പും ഓഫിസ് സീലും പതിച്ച് ഇത് തിരികെ നല്‍കും. അത് കൊടുത്ത് ബാങ്കില്‍നിന്ന് പണം പിന്‍വലിക്കുകയാണ് പതിവ്. ഇവിടെ എന്‍ജിനീയറുടെ ‘ജോലി’ കരാറുകാരന്‍ ഏറ്റെടുത്തു. ഒമ്പത് ഡ്രാഫ്റ്റുകള്‍ മാറി പണം എടുത്തുവെന്നാണ് അറിയാന്‍ കഴിഞ്ഞത്. ഇതില്‍ അധികവും മറ്റു കരാറുകാരുടെ പേരിലുള്ള ഡ്രാഫ്റ്റുകളുമാണ്. അതില്‍ ഒരു കരാറുകാരന്‍ ബാങ്കില്‍ പണമിടപാടിനായി എത്തിയപ്പോഴാണ് അയാളുടെ പേരിലുള്ള പണം മറ്റൊരാള്‍ വാങ്ങിയെടുത്തതായി മനസ്സിലാക്കിയത്. അങ്ങനെയാണ് വിവരം പുറത്തറിയുന്നത്. തുടര്‍ന്നുള്ള പരിശോധനയിലാണ് ഒമ്പത് ഡ്രാഫ്റ്റുകള്‍ നഷ്ടപ്പെട്ടിട്ടുള്ളതായി കണ്ടത്തെിയത്. ഇതില്‍ കൂടുതല്‍ നഷ്ടപ്പെട്ടിട്ടുണ്ടോയെന്നത് വിശദ പരിശോധനയിലേ അറിയാന്‍ കഴിയൂ. സംഭവത്തില്‍ വകുപ്പുതല അന്വേഷണം മുകളില്‍നിന്നുണ്ടാകുമെന്നാണ് സൂചന. ഗ്രാമപഞ്ചായത്ത് ഭരണസമിതിയും പി.ഡബ്ള്യു.ഡി എക്സിക്യൂട്ടിവ് എന്‍ജിനീയര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയേക്കും. എല്‍.എസ്.ജി.ഡിയുടെ കീഴിലാണ് അസി. എന്‍ജിനീയറുടെ ഓഫിസ്. പഞ്ചായത്തിന് ഇതിന്മേല്‍ നേരിട്ടുള്ള നിയന്ത്രണമില്ല എന്നാണ് വിവരം. എന്‍ജിനീയറെ കൂടാതെ മറ്റ് മൂന്ന് ജീവനക്കാരാണ് ഓഫിസിലുള്ളത്. ഇതിനിടയില്‍ ഇയാള്‍ എടുത്ത പണം ബന്ധപ്പെട്ട കരാറുകാര്‍ക്ക് തിരികെ കൊടുത്തും എന്‍ജിനീയര്‍ക്ക് മാപ്പപേക്ഷ എഴുതിക്കൊടുത്തും പ്രശ്നം ഒതുക്കിത്തീര്‍ക്കാന്‍ കരാറുകാരന്‍ നീക്കം നടത്തിയെങ്കിലും അത് വിജയിച്ചില്ല എന്നാണറിയാന്‍ കഴിഞ്ഞത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.