വയനാട്ടില്‍ റീജനല്‍ റബര്‍ ബോര്‍ഡ് ഓഫിസ് അനുവദിക്കണം

കല്‍പറ്റ: കോഴിക്കോട് റീജനല്‍ റബര്‍ ബോര്‍ഡ് ഓഫിസ് നിര്‍ത്തലാക്കാനുള്ള തീരുമാനം നിരവധി റബര്‍ കര്‍ഷകരെ വിഷമത്തിലാക്കുമെന്ന് പുല്‍പള്ളി റബര്‍ ഉല്‍പാദക സഹ. സംഘം ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. വയനാട് ജില്ലയില്‍ റീജനല്‍ ഓഫിസ് തുറക്കണം. കോഴിക്കോട്ടുള്ള റീജനല്‍ ഓഫിസ് പൂട്ടി തലശ്ശേരിയിലെയോ മഞ്ചേരിയിലെയോ ഓഫിസുമായി ലയിപ്പിക്കാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ഈ ഓഫിസിന്‍െറ പരിധിയില്‍ 1,17,000 ഏക്കര്‍ സ്ഥലത്ത് റബര്‍ കൃഷി ചെയ്യുന്ന ചെറുകിട കര്‍ഷകര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കും. കോഴിക്കോട് റീജനല്‍ ഓഫിസിന്‍െറ പരിധിയില്‍വരുന്ന വയനാട്ടിലെയും കോഴിക്കോട്ടെയും റബര്‍ കര്‍ഷകര്‍ക്കുള്ള 16 കോടി രൂപയുടെ ധനസഹായം വിതരണം ചെയ്തുവരുന്നതിനിടയിലാണ് ഓഫിസ് നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നത്. 2000ത്തോളം കര്‍ഷകര്‍ ജില്ലയില്‍തന്നെ സബ്സിഡിയിനത്തില്‍ ആനുകൂല്യങ്ങള്‍ കൈപ്പറ്റിയിട്ടുണ്ട്. അഞ്ച് ഫീല്‍ഡ് സ്റ്റാഫ് ഉള്‍പ്പെടെ 18 ജീവനക്കാര്‍ റീജനല്‍ ഓഫിസിലുണ്ട്. കേരളത്തിലെ ഒമ്പത് ജില്ലകളില്‍ ഒന്നിലധികം റീജനല്‍ ഓഫിസുകള്‍ പ്രവര്‍ത്തിക്കുമ്പോഴാണ് രണ്ട് ജില്ലകള്‍ ആശ്രയിക്കുന്ന റീജനല്‍ ഓഫിസ് പൂട്ടുന്നത്. വയനാട്ടിലെ 2000ത്തോളം വരുന്ന കര്‍ഷകര്‍ക്ക് റീജനല്‍ ഓഫിസുമായി ബന്ധപ്പെടണമെങ്കില്‍ ചുരമിറങ്ങി പോവേണ്ട അവസ്ഥയാണ്. ജില്ലക്ക് റീജനല്‍ ഓഫിസ് അനുവദിക്കാത്ത പക്ഷം കേന്ദ്ര നടപടികള്‍ക്കെതിരെ റബര്‍ കര്‍ഷകരെ സംഘടിപ്പിച്ച് പ്രത്യക്ഷ സമരം ആരംഭിക്കും. പുല്‍പള്ളി റബര്‍ ഉല്‍പാദന സഹ. സംഘം പ്രസിഡന്‍റ് ടി.സി. ജോര്‍ജ്, ബോര്‍ഡ് മെംബര്‍ ബെന്നി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.