നീര്‍ത്തട സംരക്ഷണ നിയമം ജില്ലാതല യോഗം: തരിശിടുന്ന പാടങ്ങളില്‍ കൃഷിയിറക്കും

കല്‍പറ്റ: കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷമായി കൃഷി ചെയ്യാത്ത നെല്‍പ്പാടങ്ങളുടെ പട്ടിക തയാറാക്കി സമര്‍പ്പിക്കാന്‍ കൃഷി ഓഫിസര്‍മാര്‍ക്കും വില്ളേജ് ഓഫിസര്‍മാര്‍ക്കും ജില്ലാ കലക്ടര്‍ കേശവേന്ദ്ര കുമാര്‍ നിര്‍ദേശം നല്‍കി. നീര്‍ത്തട സംരക്ഷണ നിയമം നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ജില്ലാതല യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഷങ്ങളായി തരിശിടുന്ന വലിയ പാടശേഖരങ്ങള്‍ കണ്ടത്തെി പഞ്ചായത്തിന്‍െറ നേതൃത്വത്തില്‍ പാടശേഖര സമിതികളെക്കൊണ്ടോ സ്വയംസഹായ സംഘങ്ങളെക്കൊണ്ടോ കുടുംബശ്രീകളെക്കൊണ്ടോ കൃഷി ചെയ്യിക്കാനുള്ള പദ്ധതി നടപ്പാക്കാനാണ് ശ്രമം. വലിയ നെല്‍വയലുകള്‍ മുറിച്ചുവിറ്റ് അവ പിന്നീട് കരഭൂമിയായി പരിവര്‍ത്തനം ചെയ്യപ്പെടുന്ന പ്രവണത ജില്ലയില്‍ വ്യാപകമാവുകയാണ്. വലിയ നെല്‍വയലുകളുടെ ഭാഗമായ ഭൂമി വാണിജ്യാടിസ്ഥാനത്തില്‍ കരഭൂമിയാക്കി മാറ്റുന്നത് അനുവദിക്കാവുന്നതല്ല. പ്രത്യേക പരിഗണന അര്‍ഹിക്കുന്നവര്‍ക്കും പാവപ്പെട്ടവര്‍ക്കും ഇക്കാര്യത്തില്‍ ഇളവുനല്‍കാവുന്നതാണെന്നും കലക്ടര്‍ പറഞ്ഞു. വയല്‍ കരഭൂമിയാക്കി മാറ്റുന്നതിനുള്ള അപേക്ഷകളില്‍ അപേക്ഷകന്‍െറ വരുമാന പരിധി വെക്കണമെന്നും 25 സെന്‍റില്‍ താഴെയുള്ള ഭൂമി വില്‍പന നടത്തരുതെന്നുമുള്ള നിബന്ധന വെക്കാന്‍ സര്‍ക്കാറിലേക്ക് നിര്‍ദേശം സമര്‍പ്പിക്കാനും യോഗം തീരുമാനിച്ചു. നെല്‍കൃഷി കുറയുന്നത് വയനാടിനെ വരള്‍ച്ചയിലേക്ക് നയിക്കുകയാണെന്ന് കലക്ടര്‍ ചൂണ്ടിക്കാട്ടി. ഏറ്റവും കൂടുതല്‍ നെല്‍വയലുകളുള്ള പനമരത്തുണ്ടായ വരള്‍ച്ച ഇതിന്‍െറ സൂചകമാണ്. നെല്‍കൃഷി ഭൂഗര്‍ഭജലവിതാനം ഉയര്‍ത്താന്‍ സഹായിക്കുന്നുണ്ട്. അതേസമയം, കൃഷി ലാഭകരമാക്കാനുള്ള പദ്ധതികളും നടപ്പാക്കണം. വയനാടിനെ ജൈവകൃഷിലേക്ക് മാറ്റി തനതുവിത്തിനങ്ങളായ ഗന്ധകശാല, ജീരകശാല തുടങ്ങിയവ കൃഷി ചെയ്ത് വയനാടിന്‍െറ തനതു ബ്രാന്‍ഡ് എന്ന രീതിയില്‍ വിപണി കണ്ടത്തെിയാല്‍ നെല്‍കൃഷി ലാഭകരമാക്കാനാവും. കൃഷിക്ക് ജലം നല്‍കാന്‍ കുളങ്ങള്‍ തൊഴിലുറപ്പു പദ്ധതിയിലൂടെ കുഴിക്കാനുള്ള പദ്ധതിയുണ്ടെന്നും കലക്ടര്‍ അറിയിച്ചു. സബ് കലക്ടര്‍ ശീറാം സാംബശിവറാവു, കൃഷി വകുപ്പ് ജില്ലാ ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം ജേക്കബ്, ജില്ലാ ലോ ഓഫിസര്‍ എന്‍. ജീവന്‍, കൃഷി ഓഫിസര്‍മാര്‍, വില്ളേജ് ഓഫിസര്‍മാര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.