കല്‍പറ്റ: വന്യജീവി ആക്രമണം മൂലമുള്ള നഷ്ടപരിഹാരത്തിന് ഓണ്‍ലൈനായി അപേക്ഷിക്കാവുന്ന തരത്തില്‍ വനം വകുപ്പ് ഇ-ഡിസ്ട്രിക്റ്റ് പദ്ധതി നടപ്പിലാക്കുന്നു. മൂന്നുമാസത്തിനകം നിലവില്‍ വരുന്നതോടെ ഇ-ഡിസ്ട്രിക്റ്റ് കേരളയുടെ വെബ്സൈറ്റ് വഴി നേരിട്ടോ അക്ഷയ കേന്ദ്രങ്ങള്‍ വഴിയോ റേഞ്ച് ഓഫിസുകളിലെ ഫ്രന്‍റ് ഓഫിസുകള്‍ വഴിയോ അപേക്ഷ നല്‍കാം. വന്യജീവി ആക്രമണം മൂലമുള്ള മരണം, പരിക്ക്, കന്നുകാലികളുടെ മരണം, വിളനാശം, വീടുകളുടെയും സ്വത്തുക്കളുടെയും നാശം എന്നിവക്കുള്ള നഷ്ടപരിഹാരത്തിനാണ് അപേക്ഷിക്കാനാവുക. ജനങ്ങള്‍ക്ക് പൊതുസേവനകേന്ദ്രങ്ങള്‍ വഴിയും വെബ്പോര്‍ട്ടല്‍ വഴിയും സര്‍ക്കാറിന്‍െറ സേവനങ്ങള്‍ നല്‍കാന്‍ ഉദ്ദേശിച്ചുനടപ്പിലാക്കുന്നതാണ് പദ്ധതി. അപേക്ഷിക്കാനായി ആദ്യം പേര്, വിലാസം, ആധാര്‍ നമ്പര്‍, ജനനതീയതി തുടങ്ങിയ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ ചെയ്ത് യൂസര്‍ ഐഡിയും പാസ്വേഡും ഉണ്ടാക്കണം. അതുപയോഗിച്ച് വെബ്സൈറ്റില്‍ പ്രവേശിച്ച് അപേക്ഷ നല്‍കാം. വന്യജീവി ആക്രമണത്തില്‍ മരിച്ചതിന്‍െറയോ പരിക്കേറ്റതിന്‍െറയോ നഷ്ടപരിഹാരത്തിനുള്ള അപേക്ഷയില്‍ വന്യജീവി ആക്രമണം സംബന്ധിച്ച പൂര്‍ണ വിവരങ്ങള്‍ നല്‍കണം. അപേക്ഷകന്‍െറ വിശദവിവരങ്ങള്‍, അപേക്ഷ സമര്‍പ്പിക്കേണ്ട ഓഫിസ്, അപകടം നടന്ന സ്ഥലം, തീയതി, സമയം, കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെങ്കില്‍ പൊലീസ് സ്റ്റേഷന്‍, പരിക്കേറ്റ/മരിച്ചയാളെ പരിശോധിച്ച മെഡിക്കല്‍ ഓഫിസറുടെ പേരും വിശദാംശങ്ങളും, ചികിത്സ തുടങ്ങിയതും അവസാനിച്ചതുമായ തീയതി, വന്യമൃഗത്തിന്‍െറ ഇനം, തരം, നഷ്ടപരിഹാരമായി ആവശ്യപ്പെടുന്ന തുക എന്നിവ കാണിക്കണം. വന്യമൃഗ ആക്രമണത്തില്‍ കന്നുകാലി മരിച്ചതിന് നഷ്ടപരിഹാരത്തിന് അപേക്ഷിക്കുമ്പോള്‍ തിരിച്ചറിയല്‍ രേഖ, മൃഗഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് എന്നിവ നിര്‍ബന്ധമാണ്. വന്യമൃഗ ആക്രമണം മൂലമുള്ള വീട് നാശം, വസ്തുനാശം എന്നിവക്ക് നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തിരിച്ചറിയല്‍ രേഖകള്‍, നികുതി പണമടച്ച രസീത്/അവകാശി സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സ്കാന്‍ ചെയ്ത കോപ്പി നിര്‍ബന്ധമായി വേണം. നഷ്ടങ്ങളുടെ വിവരം അപേക്ഷയില്‍ ചേര്‍ക്കണം. വന്യമൃഗ ആക്രമണം മൂലമുള്ള വിളനാശത്തിനുള്ള നഷ്ടപരിഹാരത്തിന് അപേക്ഷിക്കാന്‍ തിരിച്ചറിയല്‍ രേഖ, നികുതി പണമടച്ച രസീത്/കൈവശാവകാശ സര്‍ട്ടിഫിക്കറ്റ്, അഗ്രികള്‍ച്ചറല്‍ ഓഫിസറുടെ റിപ്പോര്‍ട്ട് എന്നിവ നിര്‍ബന്ധമാണ്. അപേക്ഷകളോടൊപ്പം നാശനഷ്ടം കാണിക്കുന്ന ഫോട്ടോകള്‍ ഉണ്ടെങ്കില്‍ അതും അപ്ലോഡ് ചെയ്യാം. ആയാസരഹിതമായും കുറഞ്ഞ സമയത്തിനുള്ളിലും സേവനങ്ങള്‍ ലഭ്യമാക്കുന്നതിന് പ്രത്യേകം തയാറാക്കിയ പദ്ധതിയാണ് ഇ-ഡിസ്ട്രിക്റ്റ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്ട്രേഷനും സേവനങ്ങള്‍ക്കും www.edistrict.kerala.gov.in എന്ന വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഇ-ഡിസ്ട്രിക്റ്റ് സേവനം വനംവകുപ്പില്‍ നടപ്പിലാക്കുന്നതിന്‍െറ ഭാഗമായി ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനക്ളാസ് കലക്ടറേറ്റില്‍ നടന്നു. നാഷനല്‍ ഇന്‍ഫര്‍മാറ്റിക് സെന്‍ററിന്‍െറ ആഭിമുഖ്യത്തിലായിരുന്നു പരിശീലനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.