കല്‍പറ്റ: ശരത്തും അമിനേഷും കിരണും പ്രതീക്ഷകളോടെയാണ് ഇന്നലെ കല്‍പറ്റ ബോയ്സ് ഹോസ്റ്റലിലേക്ക് കടന്നുവന്നത്. പുതിയ സ്ഥാപനത്തിന്‍െറ അന്തരീക്ഷം കണ്ടപ്പോള്‍തന്നെ അവര്‍ ഞെട്ടി. താമസിക്കാന്‍ പോവുന്ന ഹോസ്റ്റലിനെ കുറിച്ച് നിറപ്പകിട്ടാര്‍ന്ന ചിന്തകളുമായി കടന്നുവന്ന അവരുടെ മുഖത്ത് നിരാശ പടര്‍ന്നു. ആവേശത്തോടെയത്തെിയ താരങ്ങളില്‍ ഇടുങ്ങിയ മുറികളും വൃത്തിയില്ലാത്ത പരിസരവും ഏറെ അസ്വസ്ഥതയാണ് സൃഷ്ടിച്ചത്. പാലക്കാട് സ്വദേശികളായ അവര്‍ തിരുവനന്തപുരം ജി.വി രാജ സ്പോര്‍ട്സ് സ്കൂളില്‍നിന്നാണ് പ്ളസ് ടുവിന് കല്‍പറ്റയിലേക്ക് വന്നത്. പക്ഷേ തൊഴുത്തിന് സമാനമായ ഹോസ്റ്റല്‍ അന്തരീക്ഷം കണ്ട് ശരിക്കും അവര്‍ പകച്ചുപോയി. കണ്ണൂരില്‍നിന്നുള്ള ഒരു രക്ഷിതാവ് കുട്ടിയുമായി എത്തിയിരുന്നു. ഇത്തരത്തിലാണ് ഹോസ്റ്റല്‍ എന്നറിഞ്ഞിരുന്നുവെങ്കില്‍ ഇവിടേക്ക് കുട്ടിയെ കൊണ്ടുവരില്ലായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. വന്നുകുടുങ്ങിയ സ്ഥിതിയിലാണ് അവരും. കല്‍പറ്റയിലെ ആണ്‍കുട്ടികളുടെ സെന്‍ട്രലൈസ്ഡ് സ്പോര്‍ട്സ് ഹോസ്റ്റല്‍ ഒരു മാനദണ്ഡപ്രകാരവും ഹോസ്റ്റലായി പരിഗണിക്കാനാവില്ല. കുട്ടികള്‍ക്ക് കിടന്നുറങ്ങാന്‍ വൃത്തിയുള്ള റൂമോ, മറ്റു സൗകര്യങ്ങളോ ഇല്ല. രണ്ടു തട്ടുള്ള കട്ടിലില്‍ മുകളിലും താഴെയുമായാണ് രാജ്യത്തിന്‍െറ ഭാവിവാഗ്ദാനങ്ങളെ കിടത്തുന്നത്. അടുത്തടുത്ത് നിരത്തിയ കട്ടിലുകള്‍ക്കിടയില്‍ തട്ടാതെയും മുട്ടാതെയും നടക്കാന്‍ പോലും സ്ഥലമില്ല. ഇതര സംസ്ഥാന തൊഴിലാളികള്‍ക്കുപോലും ഇതിലും മികച്ച സാഹചര്യങ്ങള്‍ ലഭ്യമാണ്. വൃത്തിയില്ലാത്ത മുറികളാണ്. രാത്രി വായിക്കാനും മറ്റു പഠനപ്രവര്‍ത്തനങ്ങള്‍ക്കും മെച്ചപ്പെട്ട സൗകര്യമില്ല. വൃത്തിയില്ലാത്ത കുളിമുറികളാണ് ഇവിടെയുള്ളത്. കക്കൂസുകളുടെ വാതിലുകള്‍ പൊട്ടിപ്പൊളിഞ്ഞ് വീഴാന്‍ പാകത്തില്‍ നില്‍ക്കുന്നു. അലക്കാനും മറ്റുമുള്ള സൗകര്യങ്ങളുമില്ല. പരിമിതമായ സൗകര്യങ്ങളില്‍ അലക്കുന്ന തുണികള്‍ മുഴുവന്‍ കിടക്കുന്ന ഹാളില്‍ തന്നെ ഉണക്കാനിടേണ്ട അവസ്ഥയാണ്. പരിശീലനത്തിനുപയോഗിക്കുന്ന വസ്ത്രങ്ങള്‍ അതത് സമയം അലക്കി വൃത്തിയായി സൂക്ഷിക്കാനുള്ള സൗകര്യമില്ലാത്തതിനാല്‍ മുറിക്കുള്ളിലാകെ മുഷിഞ്ഞ മണം പരക്കുന്നു. കായിക ഉപകരണങ്ങളും ഷൂസും മറ്റും സൂക്ഷിക്കാന്‍ പ്രത്യേക ഇടമില്ല. പഴയ വസ്തുക്കള്‍ നിക്ഷേപിച്ച മുറിയിലാണ് അവ വെച്ചിരിക്കുന്നത്. പരിശീലനത്തിന് ആധുനികമായ സംവിധാനങ്ങളില്ല. അനുയോജ്യമായ ട്രാക്കോ, ഗ്രൗണ്ടോ നിലവിലില്ല. മണലും ചളിയും നിറഞ്ഞ സ്കൂള്‍ ഗ്രൗണ്ടിലാണ് ഭാവിയുടെ കായികതാരങ്ങളുടെ പരിശീലനം. വോളിബാള്‍, അത്ലറ്റിക്സ്, ഫെന്‍സിങ് എന്നിവക്കാണ് ഇവിടെ പരിശീലനത്തിനായി കുട്ടികളെ പ്രവേശിപ്പിക്കുന്നത്. ഓരോ വിഭാഗത്തിലും യഥാക്രമം ആറ്, 16, 21 കുട്ടികളാണ് പരിശീലനം നേടുന്നത്. അത്ലറ്റിക്സിലേക്ക് ഈ വര്‍ഷം അഞ്ചുപേര്‍ കൂടി പുതുതായി എത്തും. അതോടെ നിലവിലെ സൗകര്യങ്ങള്‍ തീര്‍ത്തും അപര്യാപ്തമാവുമെന്ന് ബന്ധപ്പെട്ടവര്‍ പറഞ്ഞു. അസൗകര്യങ്ങളെ കുറിച്ച് കഴിഞ്ഞവര്‍ഷം കേരള സ്പോര്‍ട്സ് കൗണ്‍സിലില്‍ പരാതി അറിയിച്ചെങ്കിലും നടപടിയുണ്ടായില്ല. 2007ല്‍ ആരംഭിച്ച ഈ ഹോസ്റ്റല്‍ അസൗകര്യങ്ങളില്‍ വീര്‍പ്പുമുട്ടുമ്പോഴും സൗകര്യപ്രദമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറാന്‍ നടപടിയൊന്നുമില്ല. ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്‍െറ കീഴിലുള്ള മരവയലിലെ എട്ടേക്കര്‍ സ്ഥലത്ത് ഹോസ്റ്റല്‍ നിര്‍മിക്കുന്നതിനുള്ള നിര്‍ദേശംവെച്ചെങ്കിലും പദ്ധതി മുന്നോട്ടുപോയില്ല. പുതിയ വാടകക്കെട്ടിടം അന്വേഷിക്കണമെന്ന നിര്‍ദേശമാണത്രേ കേരള സ്പോര്‍ട്സ് കൗണ്‍സില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, സ്വന്തമായ കെട്ടിടത്തിലേക്ക് മാറുമ്പോഴേ ഹോസ്റ്റല്‍ പരിപൂര്‍ണമായ അര്‍ഥത്തില്‍ പ്രവര്‍ത്തിപ്പിക്കാനാവൂ എന്ന് ബന്ധപ്പെട്ടവര്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.