കാരാപ്പുഴ ഉദ്യാനപദ്ധതി താളം തെറ്റുന്നു

കല്‍പറ്റ: കാരാപ്പുഴ അണക്കെട്ട് ഉദ്യാനപദ്ധതി താളംതെറ്റുന്നു. അണക്കെട്ടും പരിസരവും മൈസൂരുവിലെ വൃന്ദാവന്‍ മാതൃകയില്‍ പുനര്‍നിര്‍മിക്കുന്നതിനാണ് പദ്ധതി വിഭാവനം ചെയ്തത്. നാലര ഹെക്ടര്‍ സ്ഥലത്ത് കഴിഞ്ഞവര്‍ഷം നട്ട പൂച്ചെടികളും പുല്‍ത്തകിടിയും കളകയറി നശിച്ചുതുടങ്ങി. ഉദ്യാന നിര്‍മാണവും ഒരു വര്‍ഷത്തെ പരിചരണവും ഏറ്റെടുത്ത കേരള കാര്‍ഷിക സര്‍വകലാശാലയുടെ (കെ.എ.യു) അമ്പലവയല്‍ മേഖല ഗവേഷണ കേന്ദ്രവുമായി (ആര്‍.എ.ആര്‍.എസ്) കണക്കിലെ അവ്യക്തതയെച്ചൊല്ലി കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡെവലപ്മെന്‍റ് കോര്‍പറേഷന്‍െറ (കെ.ഐ.ഐ.ഡി.സി) അഭിപ്രായവ്യത്യാസമാണ് പദ്ധതിക്ക് വിലങ്ങുതടിയായത്. 2014 ഒക്ടോബര്‍ 27നാണ് ആര്‍.എ.ആര്‍.എസും കെ.ഐ.ഐ.ഡി.സിയും ധാരണാപത്രത്തില്‍ ഒപ്പിട്ടത്. ഇതിനുസരിച്ച് കാരാപ്പുഴ അണക്കെട്ടിനടുത്തായി 8,500 പൂച്ചെടികള്‍ നട്ടും 1,800 ചതുരശ്ര അടിയില്‍ പുല്‍ത്തകിടി ഒരുക്കിയും ഒരു വര്‍ഷത്തേക്ക് പരിപാലിക്കുന്നതിന് കെ.ഐ.ഐ.ഡി.സി 43 ലക്ഷം രൂപ ആര്‍.എ.ആര്‍.എസിനു നല്‍കണം. ഈ തുകയില്‍ 23 ലക്ഷം രൂപ കെ.ഐ.ഐ.ഡി.സി മുന്‍കൂര്‍ നല്‍കി. ഹൈടെക് കാര്‍ഷിക കര്‍മസേനയെ ഉപയോഗപ്പെടുത്തി 2015 മാര്‍ച്ച് 11നാണ് ആര്‍.എ.ആര്‍.എസ് ഉദ്യാന നിര്‍മാണം തുടങ്ങിയത്. വൈകാതെ വിവിധയിനങ്ങളില്‍പ്പെട്ട 3,667 റോസ്, 5,000 ഡാലിയ ചെടികള്‍ നട്ടു. പുല്‍ത്തകിടി ഒരുക്കി. ജര്‍ബറ ഉള്‍പ്പെടെ വിശിഷ്ട ഇനങ്ങളില്‍പ്പെട്ട ഏതാനും ചെടികളും വെച്ചുപിടിപ്പിച്ചു. ഉദ്യാനത്തിന് ചുറ്റും വേലിയും നിര്‍മിച്ചു. തുടര്‍ന്ന് ആര്‍.എ.ആര്‍.എസ് ബാക്കി തുക കിട്ടുന്നതിന് കെ.ഐ.ഐ.ഡി.സിക്ക് കത്തയച്ചു. 2015 സെപ്റ്റംബര്‍ 14 വരെ ഉദ്യാന പരിപാലനം-15 ലക്ഷം രൂപ, നടീല്‍ വസ്തുക്കളുടെ വില-15 ലക്ഷം രൂപ, വേലി നിര്‍മാണം-10 ലക്ഷം രൂപ, കണ്‍സള്‍ട്ടന്‍സി-നാല് ലക്ഷം രൂപ എന്നിങ്ങനെ ആകെ 44 ലക്ഷം രൂപ ചെലവായതായും മുന്‍കൂര്‍ നല്‍കിയതുകഴിച്ച് 21.5 ലക്ഷം രൂപ ഉടന്‍ ലഭ്യമാക്കണമെന്നുമായിരുന്നു കത്തില്‍. എന്നാല്‍, ഈ തുക കെ.ഐ.ഐ.ഡി.സി നല്‍കിയില്ല. ഉദ്യാന നിര്‍മാണവും പരിപാലനവും സംബന്ധിച്ച് വിശദമായ കണക്ക് ഹാജരാക്കുന്നമുറക്ക് ബാക്കി പണം അനുവദിച്ചാല്‍ മതിയെന്ന നിലപാടാണ് കെ.ഐ.ഐ.ഡി.സി സ്വീകരിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.