മേപ്പാടി: ഗ്രാമപഞ്ചായത്ത് പബ്ളിക് ലൈബ്രറി ഹാള്‍ സി.പി.എം നേതൃത്വത്തിലുള്ള സ്വകാര്യ ഗ്രന്ഥശാലക്ക് കൈമാറാന്‍ ഭരണസമിതി നീക്കം നടത്തുന്നതായി ആരോപണം ഉയര്‍ന്നു. ഇതുസംബന്ധിച്ച് കോടതിയില്‍ നിലനില്‍ക്കുന്ന കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഭരണസമിതി നീക്കം നടത്തുകയാണെന്ന് പ്രതിപക്ഷാംഗങ്ങള്‍ ആരോപിച്ചു. കേസ് ഒത്തുതീര്‍പ്പാക്കുന്നതുസംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ ജൂണ്‍ 10ന് പ്രത്യേക ഭരണസമിതിയോഗം വിളിച്ചിരുന്നു. കേസ് ഒത്തുതീര്‍ക്കുന്നതുസംബന്ധിച്ച് എടുത്ത തീരുമാനത്തില്‍ യു.ഡി.എഫിലെ എട്ട് അംഗങ്ങള്‍ വിയോജിപ്പ് രേഖപ്പെടുത്തി. ബസ്സ്റ്റാന്‍ഡിനോടു ചേര്‍ന്നുള്ള പഞ്ചായത്ത് ഷോപ്പിങ് കോംപ്ളക്സിന്‍െറ മുകളിലത്തെ നിലയിലാണ് ലൈബ്രറി ഹാള്‍. 2006-11 കാലയളവിലെ ഫണ്ടുപയോഗിച്ചാണ് കെട്ടിടം നിര്‍മിച്ചത്. എന്നാല്‍, ഹാള്‍ അക്ഷരം ഗ്രന്ഥശാല കമ്മിറ്റി കൈവശപ്പെടുത്തുകയാണുണ്ടായത്. പിന്നീട് വന്ന യു.ഡി.എഫ് ഭരണസമിതിയുടെ കാലത്ത് ഹാള്‍ ഒഴിയണമെന്ന് അധികൃതര്‍ ഗ്രന്ഥശാല ഭാരവാഹികളോടാവശ്യപ്പെടുകയും 2013ല്‍ അവര്‍ പഞ്ചായത്തിനെതിരെ കല്‍പറ്റ മുനിസിഫ് കോടതിയില്‍ കേസ് ഫയല്‍ ചെയ്യുകയുമുണ്ടായി. എന്നാല്‍, കോടതിവിധി ഗ്രാമപഞ്ചായത്തിനനുകൂലമായിരുന്നു. തുടര്‍ന്ന് അക്ഷരം ഗ്രന്ഥശാല കമ്മിറ്റിയില്‍നിന്ന് ഗ്രാമപഞ്ചായത്ത് ഹാള്‍ പിടിച്ചെടുക്കുകയും പഞ്ചായത്ത് പബ്ളിക് ലൈബ്രറി എന്ന് ബോര്‍ഡ് സ്ഥാപിക്കുകയും ചെയ്തു. അതിനെതിരെ അക്ഷരം ഗ്രന്ഥശാല ഭാരവാഹികള്‍ സുല്‍ത്താന്‍ബത്തേരി സബ് കോടതിയില്‍ അപ്പീല്‍ നല്‍കിയിരുന്നു. ആ കേസാണിപ്പോള്‍ ഒത്തുതീര്‍പ്പാക്കാന്‍ പുതിയ ഭരണസമിതി ശ്രമിക്കുന്നതെന്ന് പ്രതിപക്ഷാംഗങ്ങള്‍ കുറ്റപ്പെടുത്തി. കെട്ടിടം ഗ്രാമപഞ്ചായത്തിന്‍െറ ആസ്തിയാണ്. അത് ഒരു സ്വകാര്യസംഘടനക്ക് കൈമാറുന്നത് നിയമവിരുദ്ധമാണെന്ന് പ്രതിപക്ഷം പറയുന്നു. കേസ് ഒത്തുതീര്‍പ്പാക്കുന്നത് ഇപ്പോള്‍ പഞ്ചായത്തിന് അനുകൂലമായ കീഴ്കോടതിവിധി ദുര്‍ബലപ്പെടുത്താനിടയാക്കിയേക്കുമെന്നും ഒത്തുതീര്‍പ്പാക്കുന്നതിന് സര്‍ക്കാറിന്‍െറ അനുമതി ആവശ്യമാണെന്നും യോഗം അജണ്ട കുറിപ്പില്‍ ഗ്രാമപഞ്ചായത്ത് സെക്രട്ടറി വ്യക്തമാക്കുന്നുണ്ട്. അതെല്ലാം മറികടന്നുകൊണ്ടുള്ള ഭരണസമിതിയുടെ തീരുമാനത്തിനെതിരെ തങ്ങള്‍ കോടതിയെ സമീപിക്കുമെന്നാണ് യു.ഡി.എഫ് അംഗങ്ങളുടെ നിലപാട്. ഹാളിനു മുന്നില്‍ സ്ഥാപിച്ചിരുന്ന ഗ്രാമപഞ്ചായത്ത് പബ്ളിക് ലൈബ്രറി എന്ന ബോര്‍ഡ് ഇപ്പോള്‍ എടുത്തുനീക്കിയ നിലയിലാണുള്ളത്. എന്തായാലും പ്രശ്നം വരുംനാളുകളില്‍ പുതിയ വിവാദത്തിന് വഴിമരുന്നിടും എന്നതിന്‍െറ സൂചനയാണ് ലഭിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.