ജില്ലയില്‍ 33 സ്കൂളുകള്‍ അനാദായകരം

കല്‍പറ്റ: 2015-16 അധ്യയന വര്‍ഷത്തിലെ അനാദായ സ്കൂളുകളുടെ ലിസ്റ്റില്‍ ജില്ലയില്‍നിന്ന് 33 സ്കൂളുകള്‍. ഇവയില്‍ നാല് എയ്ഡഡ് സ്കൂളുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ 29 സ്കൂളുകളും സര്‍ക്കാര്‍ സ്കൂളുകളാണ്. പട്ടികവര്‍ഗ വിദ്യാര്‍ഥികളടക്കം ആശ്രയിക്കുന്ന സ്കൂളുകളാണ് ഏറെയും. പത്ത് വിദ്യാര്‍ഥികളില്‍ താഴെയുള്ള ഒരു സ്കൂള്‍ പോലും വയനാട്ടിലില്ളെന്നതും ശ്രദ്ധേയമാണ്. 2014-15 വര്‍ഷത്തില്‍ 37 അനാദായകരമായ സ്കൂളുകളാണ് ജില്ലയിലുണ്ടായിരുന്നത്. സര്‍വശിക്ഷാ അഭിയാന്‍ ഫോക്കസ് സ്കൂള്‍ പദ്ധതി എന്ന പേരില്‍ ഈ സ്കൂളുകള്‍ക്ക് പ്രത്യേക ശ്രദ്ധ നല്‍കിയതോടെ 2015-16 അധ്യയന വര്‍ഷത്തില്‍ നാല് സ്കൂളുകളെ ആദായകരമാക്കി മാറ്റാന്‍ കഴിഞ്ഞു. മാനന്തവാടി ഉപജില്ലയിലെ ജി.എല്‍.പി.എസ് ഉദയഗിരി, ജി.എല്‍.പി.എസ് കുപ്പത്തോട് സ്കൂളുകളാണ് കഴിഞ്ഞ അധ്യയന വര്‍ഷം ഈ ലിസ്റ്റില്‍നിന്ന് മോചിതമായത്. ഉദയഗിരിയില്‍ 41 കുട്ടികളുണ്ടായിരുന്ന സ്ഥാനത്ത് 65ആയി ഉയര്‍ന്നു. കുപ്പത്തോട് വിദ്യാര്‍ഥികളുടെ എണ്ണം 47ല്‍ നിന്ന് 72 ആയി. വൈത്തിരി ഉപജില്ലയിലെ ജി.എല്‍.പി.എസ് കുറിച്യര്‍മല 55 കുട്ടികളുടെ എണ്ണം 62 ആക്കി ഉയര്‍ത്തിയപ്പോള്‍ ചിത്രഗിരി ജി.എല്‍.പി.എസ് 56ല്‍നിന്ന് 69 ആക്കിമാറ്റി ആദായകരമെന്ന വിശേഷം സ്വന്തമാക്കി. സുല്‍ത്താന്‍ ബത്തേരി ഉപജില്ലയിലാണ് ആദായകരമല്ലാത്ത സ്കൂളുകള്‍ കൂടുതല്‍-15. വൈത്തിരിയില്‍ 11ഉം മാനന്തവാടി ഉപജില്ലയില്‍ ഏഴും സ്കൂളുകളാണ് ഇത്തരത്തിലുള്ളത്. 14 കുട്ടികളുള്ള ജി.എല്‍.പി.എസ് കടല്‍മാടാണ് ജില്ലയില്‍ ഏറ്റവും കുറവ് വിദ്യാര്‍ഥികളുള്ള സ്കൂള്‍. ജി.എല്‍.പി.എസ് മംഗലശ്ശേരിയില്‍ കഴിഞ്ഞ അധ്യയനവര്‍ഷത്തിലെ കണക്കുപ്രകാരം 15 കുട്ടികളാണുള്ളത്. ഈ വര്‍ഷത്തെ കണക്ക് വൈകാതെ ലഭ്യമാകുമെന്ന് എസ്.എസ്.എ വൃത്തങ്ങള്‍ പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.