പരമ്പരാഗത വേഷം കൈവിട്ട് ആദിവാസികള്‍

വെള്ളമുണ്ട: നിറമുള്ള ചേലയും പലവര്‍ണ്ണങ്ങളിലുള്ള വളകളുമുള്ള ആദിവാസികളുടെ പരമ്പരാഗത വേഷക്കാഴ്ചകള്‍ക്ക് വിട. വയനാട്ടിലെ കോളനികളിലെ ആദിവാസി സ്ത്രീകള്‍ക്കിടയില്‍നിന്ന് ഇത്തരം വേഷങ്ങള്‍ അതിവേഗം അപ്രത്യക്ഷമാവുകയാണ്. അടിയ-പണിയ-കുറിച്യ-കുറുമ വിഭാഗങ്ങളില്‍ പ്രായംചെന്നവര്‍ക്കിടയില്‍ മാത്രമാണ് പരമ്പരാഗത വേഷം പേരിനെങ്കിലും ഇന്നും കാണാന്‍ കഴിയുന്നത്. മറ്റുള്ളവര്‍ കാലത്തിനനുസരിച്ചുള്ള പുതിയ വേഷങ്ങളിലേക്ക് കടന്നുകഴിഞ്ഞു. നൈറ്റിയും ചുരിദാറുമാണ് പ്രിയപ്പെട്ടവ. കുറഞ്ഞവിലക്ക് നൈറ്റികള്‍ ലഭിച്ചുതുടങ്ങിയതോടെ പ്രായഭേദമന്യേ അവര്‍ക്കും നൈറ്റി പ്രിയപ്പെട്ടതായി. നിറവൈവിധ്യമാണ് ആദിവാസി പെണ്‍കുട്ടികളെയും യുവതിളെയും കൂടുതലായി ചുരിദാറിലേക്ക് ആകര്‍ഷിച്ചത്. തുണിക്കടകളിലും വഴിയോരത്തെ കച്ചവടക്കാരെയും ഈ രണ്ടുവസ്ത്രങ്ങള്‍ തേടിയാണ് ആദിവാസികള്‍ ഇപ്പോള്‍ സമീപിക്കുന്നത്. പുരുഷന്മാര്‍ക്കിടയില്‍ പരമ്പരാഗത വേഷക്കാരെ മഷിയിട്ടുനോക്കിയാലും കാണാനില്ല. കുടുമകെട്ടിയ കുറിച്യയുവാക്കള്‍ എങ്ങുമില്ല. പാന്‍റ്സും ജീന്‍സുമാണ് അവര്‍ക്കും പ്രിയം. ആദിവാസി സമൂഹവും പൊതുസമൂഹത്തിന്‍െറ വസ്ത്രസംസ്കാരത്തിലേക്ക് കൂടുമാറുന്നു. പുതുമോടിയോടൊപ്പം ആത്മധൈര്യവും പുതിയ വസ്ത്രധാരണ രീതി ആദിവാസികള്‍ക്ക് നല്‍കുന്നുണ്ട്. ആഭരണങ്ങള്‍ ഉപയോഗിക്കുന്നതിലും മാറ്റമുണ്ടായി. ഓലയില്‍ ചുറ്റിയുള്ള കുന്തിമണിക്കമ്മല്‍ ഇന്ന് അപൂര്‍വം കാഴ്ചയാണ്. അടിയര്‍ക്കിടയിലായിരുന്നു കടുത്ത നിറങ്ങളോടുള്ള തീവ്രപ്രണയം. ഇവരുടെ ആഭരണങ്ങളും നിറമാര്‍ന്നതായിരുന്നു. ആദിവാസി പാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മാര്‍ഗങ്ങളില്ലാത്തത് ഒരു സമൂഹത്തിന്‍െറ നേര്‍ക്കാഴ്ചകള്‍ അപ്രത്യക്ഷമാകാന്‍ കാരണമാവുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.