പുഴകള്‍ സംരക്ഷിക്കാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണം –സി.കെ. ശശീന്ദ്രന്‍

കല്‍പറ്റ: പുഴകളും തോടുകളും സംരക്ഷിക്കാന്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ മുന്‍കൈയെടുക്കണമെന്ന് സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ ആവശ്യപ്പെട്ടു. കല്‍പറ്റ നിയമസഭ മണ്ഡലത്തിലെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സിവില്‍ സ്റ്റേഷനിലെ എ.പി.ജെ. അബ്ദുല്‍കലാം മെമോറിയല്‍ ഹാളില്‍ എം.എല്‍.എ വിളിച്ചുചേര്‍ത്ത ത്രിതല പഞ്ചായത്ത്, നഗരസഭ പ്രതിനിധികളുടെ യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം കോര്‍പറേഷനില്‍ വിജയകരമായി നടപ്പാക്കിയ മാലിന്യസംസ്കരണ പദ്ധതി ഇവിടെയും നടപ്പാക്കാന്‍ ശ്രമിക്കും. അഞ്ചു വര്‍ഷം കൊണ്ട് മണ്ഡലത്തിലെ വീടില്ലാത്തവര്‍ക്കെല്ലാം വീടുണ്ടാക്കണം. ഒരു സര്‍ക്കാര്‍ സ്കൂളിനെ എല്ലാ സൗകര്യങ്ങളും നല്‍കി മാതൃകാ വിദ്യാലയമാക്കും. എം.എല്‍.എ ഫണ്ടുപയോഗിച്ച് നടത്തുന്ന വികസന പ്രവര്‍ത്തനങ്ങള്‍ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍നിന്നുള്ള നിര്‍ദേശങ്ങള്‍ ക്ഷണിച്ച് നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആര്‍.എം.എസ്.എ സ്കൂളുകളുടെ പൂര്‍ത്തീകരണത്തിനായി സര്‍ക്കാര്‍ അധിക വിഹിതം നല്‍കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാകുമാരി ആവശ്യപ്പെട്ടു. കോര്‍പസ് ഫണ്ടിന്‍െറ വിനിയോഗത്തില്‍ ഫലപ്രദമായ ഇടപെടലുകള്‍ നടത്താന്‍ ജനപ്രതിനിധികള്‍ക്കാവണമെന്നും അവര്‍ അഭിപ്രായപ്പെട്ടു. യോഗത്തില്‍ പത്ത് ഗ്രാമപഞ്ചായത്തുകള്‍, പനമരം, കല്‍പറ്റ ബ്ളോക് പഞ്ചായത്തുകള്‍, കല്‍പറ്റ നഗരസഭ, ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍ എന്നിവയിലെ പ്രതിനിധികള്‍ പങ്കെടുത്ത് വികസന നിര്‍ദേശങ്ങളും പ്രശ്നങ്ങളും അവതരിപ്പിച്ചു. കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, കല്‍പറ്റ നഗരസഭ അധ്യക്ഷ ബിന്ദു ജോസ്, പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ രാജു വര്‍ഗീസ്, പൂതാടി ഗ്രാമപഞ്ചായത്ത് സെക്രട്ടറി സിബി വര്‍ഗീസ് എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.