കല്‍പറ്റ: ദന്തഗോപുരങ്ങളില്‍നിന്ന് നീതി വീട്ടുപടിക്കലത്തെണമെന്ന് ഹൈകോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് തോട്ടത്തില്‍ ബി. രാധാകൃഷ്ണന്‍. വൈത്തിരിയില്‍ മലബാറിലെ ആദ്യത്തെ ഗ്രാമ ന്യായാലയം (ഗ്രാമ കോടതി) ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാര്‍ക്കും പിന്നാക്കക്കാര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും നീതി ലഭിക്കണം. ഓരോ വ്യക്തിക്കും ആവശ്യമായ സമയത്തും സ്ഥലത്തും നീതി ലഭിക്കണം. ഭാരതസങ്കല്‍പ്പത്തില്‍ നീതിദേവത കണ്ണ് മൂടിക്കെട്ടിയാണുള്ളത്. എല്ലാവര്‍ക്കും തുല്യനീതി ഉറപ്പാക്കാനാണിത്. ജഡ്ജിമാരും വക്കീല്‍മാരും കോടതി ജീവനക്കാരും നിയമപാലകരുമാണ് നീതിദേവതയുടെ പൂജാരിമാര്‍. ഇവരുടെ ഭാവം ദാസ്യമാവണം. ആജ്ഞയാവരുത്. ഇവിടത്തെ വേദഗ്രന്ഥം ഇന്ത്യന്‍ ഭരണഘടനയാണ്. ഈ പൂജാരിമാര്‍ക്ക് അറിവും പക്വതയും വിനയവും ആവശ്യമാണ്. സേവകരാണെന്ന ബോധം മനസ്സില്‍ വേണം. ഭൂമിയെ മറന്നിട്ട് മനുഷ്യന് നിലനില്‍ക്കാനാവില്ല. മനുഷ്യന്‍ മൃഗങ്ങളുടെ ആവാസ വ്യവസ്ഥയില്‍ കടന്നുചെന്നതാണ് ഇന്നത്തെ പ്രധാന പ്രശ്നങ്ങള്‍. യഥാര്‍ഥ കൈയേറ്റക്കാര്‍ മനുഷ്യരാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്ര്യവും ജനാധിപത്യവും സംരക്ഷിക്കണമെങ്കില്‍ അന്തസുറ്റ ഒരു നീതിന്യായ വ്യവസ്ഥ രാജ്യത്ത് നിലനില്‍ക്കണമെന്ന് അധ്യക്ഷത വഹിച്ച ഹൈകോടതി ജഡ്ജി ബാബു മാത്യു പി. ജോസഫ് പറഞ്ഞു. ലോകത്തെ മഹോന്നത മൂല്യങ്ങള്‍ കൂട്ടിച്ചേര്‍ത്താണ് ഇന്ത്യന്‍ ഭരണഘടനക്ക് രൂപം നല്‍കിയത്. ഭരണഘടനയില്‍ സോഷ്യലിസ്റ്റ്, സെക്കുലര്‍ എന്നീ പദങ്ങള്‍ ഭരണഘടനയുടെ ആമുഖത്തില്‍ കൂട്ടിച്ചേര്‍ത്തത് സമത്വ സുന്ദരമായ ഒരു മതേതര സമൂഹ സൃഷ്ടിക്കാണ്. മുതലാളിത്തം വളര്‍ത്താനല്ല, മറിച്ച് നിരാലംബര്‍ക്കും മരുന്നിനും ഭക്ഷണത്തിനും വകയില്ലാത്തവര്‍ക്കും പാര്‍ശ്വവത്കരിക്കപ്പെട്ടവര്‍ക്കും തുല്യ അവസരവും നീതിയും ഉറപ്പാക്കാന്‍ ഇന്ത്യന്‍ ഭരണഘടന ഊന്നല്‍ നല്‍കുന്നുണ്ട്. ഭരിക്കുന്നവരുടെ മതമനുസരിച്ചല്ല ഇന്ത്യന്‍ ഭരണഘടനയനുസരിച്ചാണ് ഭരിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സി.കെ. ശശീന്ദ്രന്‍ എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ഗ്രാമ കോടതിക്ക് എം.എല്‍.എയുടെ പ്രാദേശിക വികസന ഫണ്ടില്‍നിന്ന് വാഹനം അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ലാ സെഷന്‍സ് ജഡ്ജി ഡോ. വി. വിജയകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ടി. ഉഷാ കുമാരി, ജില്ലാ കലക്ടര്‍ കേശവേന്ദ്രകുമാര്‍, ജില്ലാ പൊലീസ് മേധാവി എം.കെ. പുഷ്കരന്‍, കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍, വൈത്തിരി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് വി. ഉഷാകുമാരി, ബാര്‍ അസോസിയേഷന്‍ പ്രസിഡന്‍റുമാരായ പി.ഡി. ഷാജി, ബാബു സിറിയക്, കെ. നാണു, എന്‍.ജെ. ഹനസ് എന്നിവര്‍ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.