ഒരുവശം പ്രവേശനോത്സവം; മറുവശം കൊഴിഞ്ഞുപോക്ക്

വൈത്തിരി: പുതിയ അധ്യയനവര്‍ഷം ആരംഭിച്ചിട്ടും ആദിവാസി കുട്ടികളുടെ കൊഴിഞ്ഞുപോക്കിന് അറുതിയില്ല. കൊഴിഞ്ഞുപോക്കു തടയുന്നതിനും കുട്ടികളെ വിദ്യാലയങ്ങളില്‍ എത്തിക്കുന്നതിനും ജില്ലാ പഞ്ചായത്തും പട്ടികവര്‍ഗ വികസനവകുപ്പും ഈ വര്‍ഷവും വിവിധ പദ്ധതികള്‍ നടപ്പാക്കിയിട്ടും വേണ്ടത്ര വിജയിക്കുന്നില്ല. സ്കൂളിന്‍െറ പടിപോലും കണാത്ത നിരവധിപേരാണ് ജില്ലയിലെ വിവിധ ഊരുകളില്‍ കഴിഞ്ഞുകൂടുന്നത്. മുന്‍ വര്‍ഷത്തെപോലെ പലരുടെയും പഠനം സ്കൂള്‍ രേഖകളില്‍മാത്രമായി ഒതുങ്ങും. കഴിഞ്ഞവര്‍ഷം എസ്.എസ്.എ നടത്തിയ പഠനത്തില്‍ ജില്ലയില്‍ ഒന്നുമുതല്‍ പത്തുവരെ ക്ളാസുകളിലായി ആകെ 29,700 ആദിവാസി വിദ്യാര്‍ഥികളാണുണ്ടായിരുന്നത്. ഇതില്‍ 1331 കുട്ടികള്‍ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചതായും കണ്ടത്തെിയിരുന്നു. ലപ്സം ഗ്രാന്‍റും സ്റ്റൈപന്‍ഡും ഉള്‍പ്പെടെയുള്ള ആനുകൂല്യങ്ങള്‍ നല്‍കിയിട്ടും കൊഴിഞ്ഞുപോക്കിന് അറുതിയാവാത്തത് വിദ്യാഭ്യാസവകുപ്പിന് തലവേദനയായിരിക്കുകയാണ്. 2012 മുതല്‍ തുടങ്ങിയ ഗോത്രസാരഥി, ഓള്‍ ടു സ്കൂള്‍ ബാക് ടു സ്കൂള്‍ തുടങ്ങിയ പദ്ധതികള്‍ പല ഭാഗങ്ങളിലും അവതാളത്തിലായിരിക്കുകയാണ്. ജില്ലയില്‍ പൊഴുതന, തരിയോട്, കോട്ടത്തറ, പനമരം, കല്‍പറ്റ, മേപ്പാടി തുടങ്ങിയ പഞ്ചായത്തുകളില്‍നിന്നുള്ള പണിയവിഭാഗത്തില്‍പെട്ട കുട്ടികളാണ് കൂടുതലും പഠനം പാതിവഴിയില്‍ ഉപേക്ഷിക്കുന്നത്. അഞ്ചുക്കുന്ന്, അറുമുട്ടം കോളനി, വൈശ്യര്‍ കോളനി, ഇടിയംവയല്‍, പടവുരം, കോമരംകണ്ടി, ചെമ്പോത്തറ, ശാന്തിനഗര്‍, മാടക്കുന്ന് തുടങ്ങിയ കോളനികളിലാണ് ഏറ്റവുംകൂടുതല്‍ കൊഴിഞ്ഞുപോക്കുള്ളത്. മിക്ക കോളനികളിലും അടിസ്ഥാനസൗകര്യങ്ങള്‍ ഇന്നും അന്യമാണ്. ആദിവാസി കുട്ടികള്‍ക്കിടയില്‍ പഠനം നിര്‍ത്തിയവരില്‍ ഭൂരിഭാഗവും 14 വയസ്സിനിടയില്‍ പ്രായമുള്ളവരാണ്. ഇവര്‍ നാലാം ക്ളാസിനും ഏഴാം ക്ളാസിനും ഇടയിലുള്ളവരുമാണ്. ആണ്‍കുട്ടികളെ അപേക്ഷിച്ച് പെണ്‍കുട്ടികളാണ് പഠനം നിര്‍ത്തിയവരില്‍ മുന്നില്‍. എന്നാല്‍, ഭൂരിഭാഗം കുട്ടികളും യാത്രാ സൗകര്യമില്ലായ്മ മൂലമാണ് പഠനം നിര്‍ത്തുന്നത്. മിക്ക കോളനികളും സ്കൂളുകളും തമ്മില്‍ വന്‍ ദൂരവ്യത്യാസമുണ്ട്. ഒന്നുമുതല്‍ അഞ്ചുവരെ ക്ളാസുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ഒരു കി.മീറ്റര്‍ ദൂരപരിധിക്കുള്ളിലും ആറുമുതല്‍ എട്ടുവരെ ക്ളാസുകളിലെ കുട്ടികള്‍ക്ക് മൂന്നു കി.മീറ്റര്‍ ദൂരപരിധിക്കുള്ളിലും വിദ്യാഭ്യാസസൗകര്യം ഉറപ്പുവരുത്താന്‍ സര്‍ക്കാറിന് ബാധ്യതയുണ്ട്. ദൂരപരിധി കൂടിയാല്‍ സൗജന്യയാത്രക്കുള്ള സൗകര്യം ചെയ്തുകൊടുക്കണമെന്നാണ് വ്യവസ്ഥ. ഇതിനാലാണ് മുന്‍വര്‍ഷം ഗോത്രസാരഥി പദ്ധതി കൊണ്ടുവന്നത്. കുട്ടികള്‍ക്ക് സ്കൂളിലത്തൊന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തുന്നതായിരുന്നു പദ്ധതി. ഫണ്ടില്ലാതായതോടെ പദ്ധതി തുടക്കത്തിലെ പാളുകയായിരുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.