കാട്ടാനയെ വെടിവെച്ചു കൊന്ന സംഭവം: പൊലീസും അന്വേഷണം തുടങ്ങി; ആയുധ നിയമപ്രകാരം കേസെടുത്തു

സുല്‍ത്താന്‍ ബത്തേരി: കുപ്പാടി നാലാം മൈലില്‍ കാട്ടാനയെ വെടിവെച്ചുകൊന്ന കേസിലെ പ്രതികള്‍ക്കെതിരെ ബത്തേരി പൊലീസ് ആയുധ നിയമപ്രകാരം കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാട്ടുകാര്‍ക്ക് ഒരുപദ്രവവും ഉണ്ടാക്കാത്ത പിടിയാനയെ വെടിവെച്ചു കൊന്നതിന് പിന്നില്‍ വനംവകുപ്പിനോടുള്ള പകയായിരിക്കാം കാരണമെന്ന് സൂചനയുണ്ട്. വയനാട് വന്യജീവി സങ്കേതം വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ പി. ധനേഷ്കുമാര്‍ വനസംരക്ഷണവുമായി ബന്ധപ്പെട്ട് കൈക്കൊണ്ട നടപടികള്‍ പല ഉന്നതര്‍ക്കും തലവേദന സൃഷ്ടിച്ചിരുന്നു. ക്വാറി, റിസോര്‍ട്ടു മാഫിയകള്‍ നേരിട്ടും അല്ലാതെയും വനംവകുപ്പിനെതിരെ രംഗത്തത്തെിയിരുന്നു. യു.ഡി.എഫ് സര്‍ക്കാറിന്‍െറ അവസാന നാളുകളില്‍ പി. ധനേഷ് കുമാറിന് സ്ഥലംമാറ്റ ഉത്തരവ് ലഭിച്ചിരുന്നു. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലവിലുള്ള സമയത്തുവന്ന ഉത്തരവ് വിവാദമായതോടെ പിന്നീട് മരവിപ്പിക്കുകയായിരുന്നു. വനംവകുപ്പിന് കൃത്യനിര്‍വഹണത്തില്‍ പാളിച്ചപറ്റിയെന്ന് വരുത്തിത്തീര്‍ക്കുന്നതിനായിരിക്കാം ആനയെ കൊന്നതെന്ന് പരിസ്ഥിതിരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയായ വൈല്‍ഡ് ലൈഫ് കണ്‍സര്‍വേഷന്‍ സൊസൈറ്റിയുടെ അരുള്‍ പറഞ്ഞു. പുല്‍പള്ളി ഭാഗത്ത് ഇപ്പോളും നിരവധിയാളുകള്‍ തോക്കുപയോഗിക്കുന്നുണ്ട്. വേട്ടയാടുന്നവരുമുണ്ട്. ഇവിടെ കേന്ദ്രീകരിച്ച് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. നോര്‍ത് വയനാട് ഡിവിഷനില്‍പെടുന്ന ഇരുളത്തും പുതിയ ചെക്പോസ്റ്റ് സ്ഥാപിക്കുന്നതിനും നീക്കമുണ്ട്. നിയമലംഘനം തടയാന്‍ ഇതുപകരിക്കും. ഇതിനിടെ ആനയെ കൊന്നതുമായി ബന്ധപ്പെട്ട് തൃശൂര്‍ ഹെറിറ്റേജ് അനിമല്‍ ടാസ്ക് ഫോഴ്സ് സെക്രട്ടറി വി.കെ. വെങ്കിടാചലം, കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയ ഐ.ജിക്ക് പരാതിനല്‍കി. ഇതേതുടര്‍ന്ന് കേരള വനംവകുപ്പ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനോട് ഐ.ജി റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.