വനിതാ ഐ.ടി.ഐക്ക് ഏറ്റെടുത്ത സ്ഥലം ഉപയോഗശൂന്യം

കോളിയാടി: നെന്മേനി ഗവ. വനിതാ ഐ.ടി.ഐക്ക് കെട്ടിടം നിര്‍മിക്കുന്നതിന് പഞ്ചായത്ത് ഏറ്റെടുത്ത സ്ഥലം ഉപയോഗ ശൂന്യം. കുത്തനെയുള്ള കയറ്റമായതിനാല്‍ ഇവിടെ കെട്ടിടനിര്‍മാണം സാധ്യമല്ളെന്നാണ് പി.ഡബ്ള്യു.ഡി ചീഫ് ആര്‍ക്കിടെക്ട് അറിയിച്ചിരിക്കുന്നത്. 2012ല്‍ രണ്ടേക്കര്‍ സ്ഥലം 30 ലക്ഷം രൂപക്കാണ് പഞ്ചായത്ത് വാങ്ങിയത്. സ്ഥലം ഏറ്റെടുത്തപ്പോള്‍ തന്നെ കെട്ടിട നിര്‍മാണം സാധ്യമല്ളെന്ന് ആക്ഷേപമുയര്‍ന്നിരുന്നു. പഞ്ചായത്ത്, സ്ഥലം വ്യവസായ വകുപ്പിന് കൈമാറുന്ന നടപടികള്‍ ഇനിയും പൂര്‍ത്തീകരിച്ചിട്ടുമില്ല. വ്യവസായ പരിശീലന വകുപ്പാണ് നിര്‍മാണം നടത്തേണ്ടത്. നിലവിലെ സ്ഥലത്ത് കെട്ടിടനിര്‍മാണം സാധ്യമല്ലാത്തതിനാല്‍ പുതിയ സ്ഥലം ഏറ്റെടുത്ത് നല്‍കണമെന്ന് വ്യവസായവകുപ്പ് പഞ്ചായത്തിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധികബാധ്യത വരുന്നതിനാല്‍ പുതിയസ്ഥലം ഏറ്റെടുക്കാന്‍ പഞ്ചായത്തിന് സാധിക്കാത്ത അവസ്ഥയാണ്. നിലവില്‍ ചുള്ളിയോട് പഴയ പഞ്ചായത്ത് കെട്ടിടത്തിലാണ് ഐ.ടി.ഐ പ്രവര്‍ത്തിക്കുന്നത്. സിവില്‍, ഡ്രാഫ്റ്റ്സ്മാന്‍, ഫാഷന്‍ ടെക്നോളജി എന്നീ വിഭാഗങ്ങളിലായി 80ഓളം കുട്ടികള്‍ പഠിക്കുന്നുണ്ട്. ഏറ്റെടുത്ത സ്ഥലം സംരക്ഷിക്കുന്നതിന് വേലി കെട്ടണമെന്ന ആവശ്യമുയര്‍ന്നിരുന്നു. ഫണ്ടില്ലാത്തതിനാല്‍ വേലി കെട്ടാന്‍ സാധിച്ചില്ല. കെട്ടിടനിര്‍മാണം സാധ്യമല്ലാത്തതിനാല്‍ മറ്റാവശ്യങ്ങള്‍ക്ക് മാത്രമേ ഈ സ്ഥലം ഉപയോഗിക്കാന്‍ കഴിയൂ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.