വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന് നവതി

കല്‍പറ്റ: വീട്ടിലും വിദ്യാലയത്തിലും മാത്രം വ്യക്തിയെ ചുരുക്കുന്ന വിദ്യാഭ്യാസമല്ല സമൂഹത്തിന് ആവശ്യമെന്നും തികഞ്ഞ മാനവികബോധത്തോടെ മനുഷ്യരെ മണ്ണിലേക്കും പ്രകൃതിയിലേക്കും വളര്‍ത്തുന്ന വിദ്യാഭ്യാസമാണ് ലക്ഷ്യമാക്കേണ്ടതെന്നും ഒ.ആര്‍. കേളു എം.എല്‍.എ അഭിപ്രായപ്പെട്ടു. വാളാട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്കൂളിന്‍െറ നവതി ആഘോഷവും വിജയപഥം സമഗ്രവിദ്യാഭ്യാസ പദ്ധതിയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പഠന-പഠനാനുബന്ധ പ്രവര്‍ത്തനങ്ങള്‍ മുഴുവന്‍ ഏകോപിപ്പിച്ചുകൊണ്ട് തയാറാക്കിയ വിജയപഥം സമഗ്രവിദ്യാഭ്യാസ പദ്ധതിയുമായാണ് സ്കൂള്‍ തൊണ്ണൂറാം വാര്‍ഷികാഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചത്. വാളാട് ബോര്‍ഡ് സ്കൂള്‍ എന്ന പേരില്‍ 1926ലാണ് സ്കൂള്‍ പ്രവര്‍ത്തനം ആരംഭിച്ചത്. 1945 വരെ ഏകാധ്യാപക വിദ്യാലയമായി പ്രവര്‍ത്തിച്ചു. 1966ല്‍ യു.പിയും 1974ല്‍ ഹൈസ്കൂളും 2000ത്തില്‍ ഹയര്‍ സെക്കന്‍ഡറി സ്കൂളായും ഉയര്‍ത്തപ്പെട്ടു. 1995ല്‍ സംസ്ഥാനത്തെ ഏറ്റവും മികച്ച പി.ടി.എക്കുള്ള അവാര്‍ഡ് നേടി. പുതുപ്പള്ളി കുഞ്ഞിരാമന്‍ നായര്‍ സംഭാവനയായി നല്‍കിയ മൂന്നേക്കര്‍ സ്ഥലവും 2002ല്‍ പി.ടി.എയുടെ നേതൃത്വത്തില്‍ വാങ്ങിയ ഒരേക്കര്‍ സ്ഥലവും സ്കൂളിന് സ്വന്തമായുണ്ടെങ്കിലും ഭൗതിക സൗകര്യങ്ങളുടെ അപര്യാപ്തതകളും പരിമിതികളും സ്കൂളിനെ ബുദ്ധിമുട്ടിക്കുന്നുണ്ട്. ആധുനിക കെട്ടിടസൗകര്യങ്ങളുടെ അഭാവത്തിലും ജില്ലയിലെ മികച്ച നിലവാരം പുലര്‍ത്തുന്ന സ്കൂളുകളിലൊന്നായി ഈ സ്കൂള്‍ നിലനില്‍ക്കുന്നു. ചടങ്ങില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് അനിഷ സുരേന്ദ്രന്‍ അധ്യക്ഷത വഹിച്ചു. പൂര്‍വ വിദ്യാര്‍ഥി അഭിരാം സ്കൂള്‍ ഓഡിറ്റോറിയത്തില്‍ വരച്ച ചുവര്‍ചിത്രത്തിന്‍െറ അനാവരണം ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍പേഴ്സന്‍ എ. ദേവകി നിര്‍വഹിച്ചു. വിവിധ മത്സരങ്ങളുടെ സമ്മാനദാനം ബ്ളോക് പഞ്ചായത്ത് അംഗം എന്‍.എം. ആന്‍റണിയും യൂനിഫോം വിതരണോദ്ഘാടനം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ഷൈമ സുരേന്ദ്രനും കുട്ടികളുടെ മാസികയുടെ പ്രകാശനം ബ്ളോക് പഞ്ചായത്ത് അംഗം ദിനേശ് ബാബുവും നിര്‍വഹിച്ചു. ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്‍റിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍.കെ. ഷജിത്ത്, പ്രധാനാധ്യാപകന്‍ പി.എ. സ്റ്റാനി, പ്രിന്‍സിപ്പല്‍ ഇ.വി. രാജു, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വി.കെ. ശശികുമാര്‍, എ.കെ. ചന്ദ്രന്‍, പി.ടി.എ. വൈസ് പ്രസിഡന്‍റ് പി.എം. ഇബ്രാഹിം, സീനിയര്‍ അധ്യാപകരായ സുരേഷ് കുമാര്‍, വി. ചന്ദ്രന്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു. പി.ടി.എ പ്രസിഡന്‍റ് ടി.ജെ. മാത്യു സ്വാഗതവും എസ്.ആര്‍.ജി കണ്‍വീനര്‍ അബ്ദുല്‍ സമീര്‍ ആമുഖവും സ്റ്റാഫ് സെക്രട്ടറി കെ. ബഷീര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.