ആദിവാസി കുടുംബത്തെ പണം നല്‍കാതെ പീഡിപ്പിക്കുന്നതായി പരാതി

വെള്ളമുണ്ട: വീടുനിര്‍മാണം കരാറുകാരനെ ഏല്‍പിക്കാത്തതിന്‍െറ പേരില്‍ ആദിവാസി കുടുംബത്തിന് പണം നല്‍കാതെ പീഡിപ്പിക്കുന്നതായി പരാതി. വെള്ളമുണ്ട ഗ്രാമപഞ്ചായത്തിലെ കട്ടയാട് എടത്തില്‍ പണിയ കോളനിയിലെ തങ്കയുടെ കുടുംബമാണ് ഉദ്യോഗസ്ഥരുടെ അനാസ്ഥകാരണം വീടുനിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പ്രയാസപ്പെടുന്നത്. ട്രൈബല്‍ വകുപ്പിന്‍െറ കീഴില്‍ മൂന്നര ലക്ഷം രൂപയുടെ ഏഴു വീടുകളാണ് കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി കോളനിയിലെ കുടുംബങ്ങള്‍ക്ക് അനുവദിച്ചത്. ഇതില്‍ അഞ്ചു വീടുകളുടെ നിര്‍മാണപ്രവൃത്തി ചിലരുടെ പ്രത്യേക താല്‍പര്യപ്രകാരം കരാറുകാരെ ഏല്‍പിക്കുകയായിരുന്നു. എന്നാല്‍, രണ്ട് കുടുംബങ്ങള്‍ സ്വന്തമായി പണിക്കാരെവെച്ച് നിര്‍മാണം തുടങ്ങി. ഈ രണ്ട് കുടുംബങ്ങളാണ് അധികൃതരുടെ പീഡനങ്ങള്‍ക്കിരയാവുന്നത്. തറ നിര്‍മിക്കുന്നതിനായി ആദ്യ ഗഡുവായ 52,000 രൂപ അനുവദിച്ചിരുന്നു. ഈ തുക കൊണ്ട് തറ നിര്‍മിച്ചശേഷം രണ്ടാം ഗഡുവിനായി ഉദ്യോഗസ്ഥരെ സമീപിച്ചെങ്കിലും തെരഞ്ഞെടുപ്പു കഴിഞ്ഞാല്‍ പണം നല്‍കുമെന്നായിരുന്നു വാഗ്ദാനം. ഇത് വിശ്വസിച്ച് പണം കടംവാങ്ങി ചുമര് നിര്‍മിക്കുകയായിരുന്നു. എന്നാല്‍, തെരഞ്ഞെടുപ്പ് കഴിഞ്ഞ് മാസങ്ങള്‍ കഴിഞ്ഞിട്ടും അധികൃതര്‍ രണ്ടാം ഗഡു അനുവദിച്ചില്ളെന്ന് ആദിവാസികള്‍ പറയുന്നു. തങ്കയുടെ വീടുനിര്‍മാണത്തിന് ശേഷം തുടങ്ങിയ മറ്റുള്ളവര്‍ക്കെല്ലാം മൂന്നാം ഗഡു വരെ അനുവദിച്ചതായി സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു. കരാറുകാരന് പ്രവൃത്തി നല്‍കാത്തതിന്‍െറ പേരില്‍ ഇല്ലാത്ത കാരണങ്ങള്‍ പറഞ്ഞ് പണം അനുവദിക്കാതെ വട്ടം കറക്കുകയാണെന്നാണ് പരാതി. മൂന്നു മാസത്തിലധികമായി തങ്കയുടെ കുടുംബം രണ്ടാം ഗഡുവിനായി ഓഫിസുകള്‍ കയറിയിറങ്ങുകയാണ്. സ്വന്തമായി നിര്‍മാണപ്രവൃത്തി നടത്തുന്ന ആദിവാസി കുടുംബങ്ങള്‍ക്ക് മുന്‍കൂട്ടി പണം നല്‍കാമെന്നാണ് വ്യവസ്ഥയെങ്കിലും ഈ ആനുകൂല്യം കരാറുകാര്‍ക്കുമാത്രമാണ് ഗുണം ചെയ്യുന്നത്. കരാറുകാരന്‍ നടത്തുന്ന നിര്‍മാണപ്രവൃത്തിക്കെതിരെയും വ്യാപക പരാതിയുണ്ട്. ഒരു മാസം മുമ്പ് കോണ്‍ക്രീറ്റ് നടത്തിയ വീടടക്കം ചോരുന്നതായി കോളനിക്കാര്‍ പറയുന്നു. ഇതിനിടെയാണ് നല്ല രീതിയില്‍ നിര്‍മാണം നടത്തുന്ന ഈ കുടുംബത്തെ പീഡിപ്പിക്കുന്നത്. ആറുമാസം പ്രായമുള്ള കുഞ്ഞടക്കം എട്ടു പേരടങ്ങുന്ന തങ്കയുടെ കുടുംബം കാറ്റടിച്ചാല്‍ പറന്നുപോകുന്ന ഒറ്റമുറി കൂരയിലാണ് താമസം. കൂരയുടെ ഒരുവശത്ത് മണ്ണിടിഞ്ഞ് തുടങ്ങിയതും അപകട ഭീഷണിയുയര്‍ത്തുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.