ഉടമസ്ഥനില്ലാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന വെറ്റില പിടിച്ചു

സുല്‍ത്താന്‍ ബത്തേരി: ഉടമസ്ഥനില്ലാതെ കെ.എസ്.ആര്‍.ടി.സി ബസില്‍ കൊണ്ടുവന്ന 250 കിലോയോളം വെറ്റില പിടിച്ചു. ബംഗളൂരു-മൂന്നാര്‍ ഡീലക്സ് ബസില്‍നിന്നാണ് വെറ്റില പിടിച്ചത്. ഗുണ്ടല്‍ പേട്ടില്‍ വെച്ച് കെ.എസ്.ആര്‍.ടി.സി കല്‍പറ്റ വിജിലന്‍സ് സ്ക്വാഡ് ചൊവ്വാഴ്ച രാത്രി 10.30ന് നടത്തിയ പരിശോധനയിലാണ് വെറ്റില കണ്ടത്തെിയത്. കണ്ടക്ടറുടെ ബാഗില്‍ അധികം പണവും കണ്ടത്തെി. ഉടമസ്ഥനില്ലാതെ സാധനങ്ങള്‍ ബസില്‍ കയറ്റാന്‍ പാടില്ളെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെയാണ് രണ്ടര ക്വിന്‍റല്‍ വെറ്റില ബസില്‍ കൊണ്ടുവന്നത്. ബത്തേരി ഡിപ്പോയില്‍ ഏല്‍പിച്ച വെറ്റില നടപടികള്‍ പൂര്‍ത്തിയാക്കാതെ ഉടമക്ക് തിരിച്ചുനല്‍കുന്നതിനും ശ്രമം നടന്നു. പിടിച്ചെടുക്കുന്ന സാധനങ്ങള്‍ ലേലം ചെയ്തു മാത്രമേ വില്‍ക്കാന്‍ പാടുള്ളൂ എന്നാണ് നിര്‍ദേശം. നടപടികള്‍ പൂര്‍ത്തിയാക്കാതെ വെറ്റില തിരിച്ചുകൊടുക്കുന്നതിനുള്ള ശ്രമം പിന്നീട് അധികൃതര്‍ ഉപേക്ഷിച്ചു. ബുധനാഴ്ച ഉച്ചക്ക് ഉടമ ഏല്‍പിച്ചയാള്‍ വെറ്റില ലേലത്തില്‍ എടുത്തു. ബംഗളൂരുവില്‍നിന്നും പെരുമ്പാവൂരേക്ക് കൊണ്ടുപോകുകയായിരുന്നു വെറ്റില. മുത്തങ്ങ ചെക്പോസ്റ്റ് വഴി സമീപകാലത്ത് വന്‍തോതില്‍ കുഴല്‍പണവും ലഹരി വസ്തുക്കളും കടത്തുന്നുണ്ട്. ഈ സാഹചര്യത്തിലാണ് കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ആളുകളില്ലാതെ ലഗേജ് മാത്രമായി വരുന്നത്. ലഗേജുകളുടെ കൂടെ ലഹരി വസ്തുക്കള്‍ അടക്കമുള്ള പലതും കടത്താന്‍ തുടങ്ങിയതോടെയാണ് ആളില്ലാതെ ലഗേജ് മാത്രമായി ബസില്‍ കയറ്റേണ്ടതില്ളെന്നത് കര്‍ശനമാക്കിയത്. എന്നാല്‍, ഡ്രൈവര്‍മാരുടെയും കണ്ടക്ടര്‍മാരുടെയും ഒത്താശയോടെ പല സാധനങ്ങളും കയറ്റിവരുന്നുണ്ടെന്ന വിവരത്തെ തുടര്‍ന്നായിരുന്നു പരിശോധന. കല്‍പറ്റ വിജിലന്‍സ് സ്ക്വാഡിലെ വി.ഒ. സതീഷ്കുമാര്‍, വി. ഹമീദലി, എ.എ. റസാഖ്, കുര്യന്‍ എന്നിവര്‍ ചേര്‍ന്നാണ് വെറ്റില പിടിച്ചത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.