യുവജന വൈദഗ്ധ്യ ദിനം ആചരിച്ചു

കല്‍പറ്റ: കുടുംബശ്രീയും അസാപ്പും സംയുക്തമായി സംഘടിപ്പിച്ച ലോക യുവജന വൈദഗ്ധ്യ ദിനാചരണം കലക്ടര്‍ കേശവേന്ദ്രകുമാര്‍ ഉദ്ഘാടനം ചെയ്തു. യുവജനങ്ങള്‍ സാങ്കേതിക വൈദഗ്ധ്യം സ്വായത്തമാക്കേണ്ടത് കാലഘട്ടത്തിന്‍െറ ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അക്കാദമിക് പഠനത്തോടൊപ്പം സാങ്കേതിക പരിശീലനവും നേടുന്നതിലൂടെ കൂടുതല്‍ അവസരങ്ങളാണ് യുവജനങ്ങള്‍ക്ക് ലഭ്യമാവുന്നത്. യുനസ്കോയുടെ ആഭിമുഖ്യത്തില്‍ കഴിഞ്ഞവര്‍ഷം മുതലാണ് ജൂലൈ 15 അന്താരാഷ്ട്ര യുവജന വൈദഗ്ധ്യദിനമായി ആചരിക്കുന്നത്. വൈദഗ്ധ്യ പരിശീലനത്തിലൂടെ യുവാക്കളുടെ ജോലിസാധ്യത മെച്ചപ്പെടുത്തുക എന്നതാണ് ഐക്യരാഷ്ട്ര സഭയുടെ ദിനാചരണ മുദ്രാവാക്യം. 2030 ഓടെ പരമാവധി യുവജനങ്ങളെ വൈദഗ്ധ്യ പരിശീലനം നേടിയവരാക്കി മാറ്റുകയാണ് ദിനാചരണത്തിന്‍െറ ലക്ഷ്യം. കുടുംബശ്രീയുടെ പരിശീലന സ്ഥാപനമായ എവോണ്‍ ഫെസിലിറ്റി മാനേജ്മെന്‍റ് സെന്‍ററിന്‍െറ നേതൃത്വത്തില്‍ കല്‍പറ്റ ബസ്സ്റ്റാന്‍ഡ് പരിസരത്ത് നിന്നാരംഭിച്ച വാക്കത്തോണ്‍ കല്‍പറ്റ ബ്ളോക് പഞ്ചായത്ത് പ്രസിഡന്‍റ് ശകുന്തള ഷണ്‍മുഖന്‍ ഫ്ളാഗ് ഓഫ് ചെയ്തു. പരിപാടിയുടെ ഭാഗമായി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് സമൂഹ കാന്‍വാസും സജ്ജീകരിച്ചിരുന്നു. ദിനാചരണത്തിന്‍െറ ഭാഗമായി സംഘടിപ്പിച്ച പെയിന്‍റിങ് മത്സരത്തില്‍ വിജയികളായവര്‍ക്ക് കലക്ടര്‍ സമ്മാനം നല്‍കി. ആസൂത്രണ ഭവന്‍ ഹാളില്‍ നടന്ന ദിനാചരണ പരിപാടിയില്‍ ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.പി. ജയചന്ദ്രന്‍ സ്വാഗതം പറഞ്ഞു. അസാപ് പ്രോഗ്രാം മാനേജര്‍ ദിനേശ് ക്ളാസെടുത്തു. ജില്ലാ കണ്‍സല്‍ട്ടന്‍റ് സി.എസ്. കിരണ്‍, ബ്ളോക് കോഓഡിനേറ്റര്‍മാരായ സിഗാള്‍ തോമസ്, വൈശാഖ് എം. ചാക്കോ, കെ.ജെ. ബിജോയ്, എന്‍.എസ്. ശ്രീജിത്, എവോണ്‍ സെന്‍റര്‍ മാനേജര്‍ നൗഫല്‍ എന്നിവര്‍ സംസാരിച്ചു. അസി. ജില്ലാ മിഷന്‍ കോഓഡിനേറ്റര്‍ കെ.എ. ഹാരിസ നന്ദി പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.