ബജറ്റിലില്ലാത്ത വയനാട് മെഡിക്കല്‍ കോളജ്: രാഷ്ട്രീയ യുദ്ധം മുറുകുന്നു

കല്‍പറ്റ: വയനാട് മുഴുവന്‍ ആറ്റുനോറ്റുകാത്തിരുന്നു. ആരോഗ്യപരിചരണത്തിന് ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് വരാനായി. ഒടുവില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പത്തെ ബജറ്റില്‍ അത് പ്രഖ്യാപിക്കപ്പെട്ടു. പിന്നെ ശിലയിടല്‍ ചടങ്ങും. മടക്കിമലയിലെ നിര്‍ദിഷ്ട സ്ഥലത്ത് മെഡിക്കല്‍ കോളജ് യാഥാര്‍ഥ്യമാവാന്‍ ഇനിയും എത്രകാലം കാക്കണം. എല്‍.ഡി.എഫ് സര്‍ക്കാറിന്‍െറ ആദ്യബജറ്റില്‍ ഒരു നയാപൈസ പോലും അതിനായി അനുവദിക്കാത്ത പശ്ചാത്തലത്തില്‍ പ്രത്യേകിച്ചും. ബജറ്റില്‍ പണം അനുവദിക്കാത്തതിന്‍െറ പേരില്‍ ആരോപണപ്രത്യാരോപണങ്ങള്‍ ജില്ലയില്‍ കൊഴുക്കുകയാണ്. മെഡിക്കല്‍ കോളജിന് പണം അനുവദിക്കാതെ സി.പി.എമ്മിന്‍െറ സ്ഥാപനമായ ബ്രഹ്മഗിരിക്ക് 10 കോടി അനുവദിച്ചത് വയനാട്ടുകാരോടുള്ള വഞ്ചനയാണെന്ന് ഡി.സി.സി പ്രസിഡന്‍റ് കെ.എല്‍. പൗലോസ് അഭിപ്രായപ്പെട്ടു. യു.ഡി.എഫ് സര്‍ക്കാര്‍ വയനാടിന്‍െറ ആരോഗ്യമേഖലയിലുള്ള പിന്നാക്കാവസ്ഥ പരിഗണിച്ചും വയനാട്ടിലെ മൂന്ന് എം.എല്‍.എമാരും, എം.ഐ. ഷാനവാസ് എം.പിയും ഒറ്റക്കെട്ടായി ആവശ്യപ്പെട്ടത് അനുസരിച്ചാണ് കോളജ് അനുവദിച്ചത്. തങ്ങള്‍ അധികാരത്തില്‍ വന്നാല്‍ വയനാട്ടില്‍ ഒന്നാമത്തെ പരിഗണന മെഡിക്കല്‍ കോളജ് സഫലീകരിക്കാനാണെന്നു പറഞ്ഞവര്‍ ഇപ്പോള്‍ വാക്കുമാറ്റിയിരിക്കയാണ്. ബ്രഹ്മഗിരി സൊസൈറ്റിക്ക് 10 കോടി രൂപ അനുവദിച്ചത് വയനാട്ടിലെ പൊതുജനങ്ങള്‍ക്ക് വേണ്ടിയല്ല. ഈ വഞ്ചനക്കെതിരെ പൊതുസമൂഹം ശക്തമായി പ്രതികരിക്കണമെന്നും പൗലോസ് ആവശ്യപ്പെട്ടു. എന്നാല്‍, അഞ്ച് വര്‍ഷം ഭരിച്ചിട്ടും നിര്‍ദിഷ്ട മെഡിക്കല്‍ കോളജിന്‍െറ ഭൂമിയിലേക്ക് റോഡ് നിര്‍മിക്കാന്‍ പോലും കഴിയാത്തവരാണ് രണ്ട് മാസമായ എല്‍.ഡി.എഫ് സര്‍ക്കാറിനെ വിമര്‍ശിക്കുന്നതെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് കുറ്റപ്പെടുത്തി. പ്രഖ്യാപിച്ച എല്ലാ മെഡിക്കല്‍ കോളജുകളും സ്ഥാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് പ്രസംഗത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. വയനാട് മെഡിക്കല്‍ കോളജിന്‍െറ കാര്യത്തിലും സര്‍ക്കാര്‍ പിന്നോട്ട് പോയിട്ടില്ല. എന്നാല്‍, 2012ലെ ബജറ്റില്‍ പ്രഖ്യാപിച്ചിട്ടും നാല് വര്‍ഷം കൊണ്ട് യു.ഡി.എഫ് സര്‍ക്കാര്‍ ഇക്കാര്യത്തില്‍ എന്ത് നടപടി എടുത്തു എന്ന് പ്രതിഷേധക്കാര്‍ ആത്മപരിശോധന നടത്തണം. റോഡ് നിര്‍മാണ പ്രവര്‍ത്തി ആരംഭിക്കാനുള്ള ഭൂമി പോലും പൊതുമരാമത്ത് വകുപ്പിന് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. എന്നിരിക്കേ ബജറ്റില്‍ തുക വെച്ചിട്ടില്ളെന്ന് പറഞ്ഞ് എല്‍.ഡി.എഫിനെതിരെ തിരിയുന്നത് അപഹാസ്യമാണ്. 2015 ജൂലൈയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തറക്കല്ലിട്ടപ്പോള്‍ 25 കോടി അനുവദിച്ചതായി പ്രഖ്യാപിച്ച പണം എവിടെയെന്ന് സമരം ചെയ്യുന്നവര്‍ അന്വേഷിക്കണം. നടപ്പാകുന്ന കാര്യം മാത്രം പറയാനും പറയുന്ന കാര്യം നടപ്പില്‍വരുത്താനും ആര്‍ജവമുള്ള സര്‍ക്കാരാണ് എല്‍.ഡി.എഫിന്‍േറതെന്നും സെക്രട്ടേറിയറ്റ് അഭിപ്രായപ്പെട്ടു. കല്‍പറ്റ: ഇടതുസര്‍ക്കാറിന്‍െറ ആദ്യബജറ്റ് കേരളത്തിലെ തൊഴിലാളികളെ പാടെ അവഗണിച്ചെന്ന് ഐ.എന്‍.ടി.യു.സി ജില്ലാ പ്രസിഡന്‍റ് പി.പി. ആലി. തോട്ടം തൊഴിലാളികളെ മറന്നുകൊണ്ടാണ് ബജറ്റ് അവതരിപ്പിച്ചത്. തോട്ടം തൊഴിലാളികളുടെ ഭവനപദ്ധതിക്കായി യു.ഡി.എഫ് സര്‍ക്കാര്‍ നീക്കിവെച്ച 20 കോടിരൂപയുടെ ഫണ്ട് അട്ടിമറിച്ചതായി സംശയിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.