കക്കൂസുണ്ട്; കോളനിക്കാര്‍ക്ക് പുറമ്പോക്കുതന്നെ ശരണം

സുല്‍ത്താന്‍ ബത്തേരി: വീടിന്‍െറ വാതില്‍ തുറന്നാല്‍ ആദ്യം കാണുന്നത് കക്കൂസാണെങ്കിലും ‘കാര്യം സാധിക്കണ’മെങ്കില്‍ പുറമ്പോക്കിലെ പൊന്തക്കാടു തന്നെയാണ് ശരണം. ബത്തേരി നഗരത്തിലെ മാനിക്കുനി പണിയക്കോളനിയിലെ ആദിവാസികളുടെ വീടിന് മുന്നിലാണ് നിരനിരയായി കക്കൂസ് പണിതത്. എന്നാല്‍, കക്കൂസ് പണിതവര്‍ കുഴിയെടുത്തില്ല. ക്ളോസറ്റും പൈപ്പുമെല്ലാം സ്ഥാപിച്ച് സ്ഥലം വിട്ടു. ഇതോടെ കക്കൂസ് ഉപയോഗിക്കാന്‍ സാധിക്കാത്ത സ്ഥിതിയാണ്. വിറകും മറ്റു സാധനങ്ങളും അടുക്കി വെക്കുന്നതിനാണ് കോളനിക്കാര്‍ കക്കൂസ് ഉപയോഗിക്കുന്നത്. അറുപതോളം കുടുംബങ്ങളുള്ള കോളനിയില്‍ ഉപയോഗയോഗ്യമായ കക്കൂസുകള്‍ പത്തില്‍ താഴെ മാത്രമാണ്. ഇതിനാല്‍, പുറമ്പോക്ക് സ്ഥലത്തുപോയാണ് ഭൂരിഭാഗം ആളുകളും മലവിസര്‍ജനം നടത്തുന്നത്. മറ്റൊരു കക്കൂസ് ടാങ്ക് നിറഞ്ഞ് പുറത്തേക്കൊഴുകാന്‍ തുടങ്ങിയതോടെ ഈ ടാങ്ക് മൂടി. ഈ ടാങ്കിലേക്ക് ബന്ധിപ്പിച്ചിരുന്ന കക്കൂസുകളും അതോടെ ഉപയോഗശൂന്യമായി. കേന്ദ്ര മന്ത്രിയടക്കം സന്ദര്‍ശനം നടത്തിയ കോളനിയാണിത്. എന്നാല്‍, അടിസ്ഥാന സൗകര്യങ്ങള്‍പോലും നിര്‍മിക്കാന്‍ ഇതുവരെ സാധിച്ചില്ല. ഒരു വര്‍ഷംപോലും തികയാത്ത വീടുകള്‍ ചോര്‍ന്നൊലിക്കുകയാണ്. കോണ്‍ക്രീറ്റ് ചെയ്ത മേല്‍ക്കൂരയുടെ മുകളില്‍ ഓടും പതിപ്പിച്ചതാണ്. മഴ പെയ്യുമ്പോള്‍ ഓലപ്പുരയേക്കാള്‍ കഷ്ടമാണ് കാര്യം. മുനിസിപ്പാലിറ്റി പൈപ്പ് വെള്ളം നല്‍കുന്നുണ്ടെങ്കിലും ആവശ്യനേരത്തൊന്നും കിട്ടാറില്ല. ആകെയുള്ള പൊതു കിണറ്റില്‍ ചെമ്പൂറുന്നതില്‍ വെള്ളം ഉപയോഗിക്കാനും സാധിക്കുന്നില്ല. ജില്ലാ കലക്ടറടക്കം നിരവധി ഉന്നത ഉദ്യോഗസ്ഥര്‍ ഇവിടെ സന്ദര്‍ശനം നടത്താറുണ്ട്. ഓരോ തവണ വരുമ്പോഴും വിവരശേഖരണം നടത്തി തിരിച്ചുപോകുമെന്നല്ലാതെ പ്രത്യേകിച്ച് ഉപകാരമൊന്നുമില്ല. പല നിര്‍മാണ പ്രവൃത്തികള്‍ നടത്തുന്നുണ്ടെങ്കിലും അനുവദിച്ച ഫണ്ട് എങ്ങനെയെങ്കിലും ചെലവഴിക്കുക എന്നതിലേക്ക് മാത്രമായി പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങുന്നു. നിലവില്‍ ഉപയോഗശൂന്യമായ ആറു കക്കൂസുകള്‍ പൊളിച്ചുനീക്കി രണ്ടെണ്ണം നിര്‍മിക്കാനുള്ള പ്രവൃത്തി നടന്നുകൊണ്ടിരിക്കുകയാണ്. ഇതെങ്കിലും ഉപകാരപ്രദമാകുമെന്നാണ് കോളനിക്കാരുടെ പ്രതീക്ഷ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.