മര വ്യാപാരികള്‍ പ്രതിസന്ധിയില്‍ –ടിമ്പര്‍ മര്‍ച്ചന്‍റ്സ് അസോ.

കല്‍പറ്റ: ജില്ലയിലെ കര്‍ഷകരും മര വ്യാപാരികളും അനുബന്ധ തൊഴിലെടുത്ത് ജീവിക്കുന്ന പതിനായിരത്തോളം കുടുംബങ്ങളും പ്രതിസന്ധിയിലാണെന്ന് കേരള സ്റ്റേറ്റ് ടിമ്പര്‍ മര്‍ച്ചന്‍റ്സ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി. മരവും ഫര്‍ണിച്ചറുകളും ഇറക്കുമതി ചെയ്യുന്നതും കെട്ടിടങ്ങള്‍ക്കും കപ്പല്‍, ബോട്ട് നിര്‍മാണങ്ങള്‍ക്കും മരത്തിന്‍െറ ഉപയോഗം ഗണ്യമായി കുറഞ്ഞതും വിലത്തകര്‍ച്ചക്ക് കാരണമായി. ഈ മേഖല ഫൈബറും മറ്റും ലോഹങ്ങളും കീഴടക്കി. തൊഴില്‍ മേഖലയിലെ കൂലിച്ചെലവുകള്‍ വര്‍ധിച്ചതും വ്യാപാര മേഖലയെ തളര്‍ത്തി. ജില്ലയിലെ ഈര്‍ച്ച മില്ലുകളിലും പ്രവര്‍ത്തനം പകുതിയായി കുറഞ്ഞു. മരവ്യവസായ മേഖലയില്‍ ലോകത്തുതന്നെ രണ്ടാം സ്ഥാനമുണ്ടായിരുന്ന കല്ലായിയിലെ ഈര്‍ച്ച മില്ലുകള്‍ നാമമാത്രമായി കുറഞ്ഞു. പ്രതിസന്ധി പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജലാംശം വലിച്ചെടുക്കുന്ന യൂക്കാലിയും തേക്കും മുറിച്ചുമാറ്റി ഫലവൃക്ഷങ്ങള്‍ നട്ടുപിടിപ്പിക്കാന്‍ വനംവകുപ്പ് തയാറാവണമെന്നും ഇതുമൂലം വന്യമൃഗങ്ങള്‍ നാട്ടിലിറങ്ങുന്നതിന് ഒരു പരിധിവരെ പരിഹാരമുണ്ടാകുമെന്നും യോഗം വിലയിരുത്തി. ജലസ്രോതസ്സുകളില്‍ തടയണകെട്ടി വെള്ളം സംഭരിച്ച് വരള്‍ച്ചയെ നേരിടാന്‍ അധികൃതര്‍ ശ്രദ്ധിക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു. ജയിംസ് അമ്പലവയല്‍ അധ്യക്ഷത വഹിച്ചു. കെ.സി.കെ. തങ്ങള്‍ ബത്തേരി, ബെന്നി മേപ്പാടി, ഒ.ഇ. ഖാസിം, റഷീദ് പുല്‍പള്ളി, പി.എ. മാത്യു കല്‍പറ്റ, ജോസ് മാനന്തവാടി എന്നിവര്‍ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.