ദുരിതം തിന്ന് തയ്യില്‍ കോളനി

തരിയോട്: കുടിവെള്ളം പോലും ലഭിക്കാതെ തയ്യില്‍ കോളനിയില്‍ ദുരിതജീവിതം. കോളനിയുടെ ശോച്യാവസ്ഥ പരിഹാരിക്കാത്തതില്‍ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാകുന്നു. തരിയോട് പഞ്ചായത്തിലെ നലാം വാര്‍ഡില്‍ ഉള്‍പ്പെട്ട തയ്യില്‍ പണിയ കോളനിക്കാരാണ് രൂക്ഷമായ കുടിവെള്ള ക്ഷാമത്താല്‍ ദുരിതമനുഭവിക്കുന്നത്. പതിനഞ്ചോളം പണിയ കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. മാസങ്ങള്‍ക്ക് മുമ്പ് ആകെയുണ്ടായിരുന്ന കിണറും മലിനമായതോടെ ഒരു തുള്ളിവെള്ളം പോലും ലഭിക്കാത്ത സ്ഥിതിയിലായി. നിലവില്‍ വീട്ടാവശ്യത്തിനും മറ്റും വെള്ളം ലഭിക്കണമെങ്കില്‍ ദൂരസ്ഥലങ്ങളിലേക്ക് പോവണം. വീട്, കക്കൂസ് തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങളും ലഭിക്കാത്ത നിരവധി കുടുംബങ്ങള്‍ കോളനിയിലുണ്ട്. പലര്‍ക്കും സര്‍ക്കാര്‍ വീടിനായി ഫണ്ടനുവദിച്ചിട്ടുണ്ടെങ്കിലും കോളനിയിലെ ഒരു കുടുംബത്തിന്‍െറപോലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടില്ല. ഇതിനാല്‍ കാലവര്‍ഷം തുടങ്ങിയതോടെ പല കുടിലുകളും ചോര്‍ച്ചയുടെ വക്കിലാണ്. ഭൂരിഭാഗം പേര്‍ക്കും ടോയ്ലറ്റ് അടക്കമുള്ള സൗകര്യങ്ങളില്ലാത്തതിനാല്‍ കോളനി പകര്‍ച്ചവ്യാധികളുടെ പിടിയിലാണ്. പ്രശ്ന പരിഹാരത്തിനായി ഗ്രാമപഞ്ചായത്ത് അധികൃതരോട് നിരവധി തവണ പരാതിപ്പെട്ടിട്ടും നിരാശയായിരുന്നു ഫലമെന്ന് കോളനിക്കാര്‍ ആരോപിക്കുന്നു. കുടിവെള്ള ക്ഷാമമടക്കമുള്ള ജനകീയ വിഷയങ്ങളില്‍ ഇടപെടാന്‍ ജനപ്രതിനിധികള്‍ തയാറാവുന്നില്ളെന്നും കോളനിക്കാര്‍ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.