നാടും നഗരവും പെരുന്നാള്‍ ചൂടില്‍

കല്‍പറ്റ: റമദാന്‍ വിടപറയാന്‍ ഒരുങ്ങുമ്പോള്‍ നാടും നഗരവും പെരുന്നാള്‍ ചൂടിലേക്ക്. കനത്തമഴയെ അവഗണിച്ച് തുണിക്കടകളിലും ഫാന്‍സികടകളിലും കാലുവെക്കാനിടമില്ലാത്ത തിരക്കാണ് അനുഭവപ്പെടുന്നത്. കാലവര്‍ഷം കനത്തത് സാധാരണക്കാര്‍ക്ക് ആശ്രയമായ തെരുവുവിപണിയെ ഇത്തവണ കാര്യമായി ബാധിച്ചിട്ടുണ്ട്. ഷോറൂമുകളില്‍നിന്ന് വ്യത്യസ്തമായി കുറഞ്ഞ വിലക്ക് വസ്ത്രങ്ങള്‍ വാങ്ങാന്‍ സാധാരണക്കാര്‍ വഴിയോര കച്ചവടങ്ങളെയാണ് ആശ്രയിച്ചിരുന്നത്. കുഞ്ഞുടുപ്പു മുതല്‍ പാദരക്ഷകള്‍ വരെ ലഭിക്കുന്ന ഷോപ്പുകളെയാണ് ആളുകള്‍ കൂടുതലായും ആശ്രയിക്കുന്നത്. നഗരത്തിലെ പ്രമുഖ തുണിക്കടകളിലെല്ലാം നല്ല തിരക്കനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. ശനി, ഞായര്‍ ദിവസങ്ങളില്‍ സ്കൂളുകള്‍ക്ക് അവധിയായതിനാല്‍ തിരക്ക് പതിവിലും കൂടുതലാണ്. പെരുന്നാള്‍ അടുക്കുന്നതോടെ നഗരത്തിലെ തിരക്ക് ഇനിയും കൂടാനാണ് സാധ്യതയെന്ന് വ്യാപാരികള്‍ പറയുന്നു. കുഞ്ഞിക്കണ്ണുകള്‍ക്ക് പ്രിയം നല്‍കുന്ന കുട്ടിക്കുപ്പായങ്ങളുടെ വര്‍ണക്കാഴ്ചകളും വിവിധ തരത്തിലുള്ള വസ്ത്രങ്ങളുടെ പുത്തന്‍ ഫാഷനുകളുമായാണ് പെരുന്നാളിനെ വരവേല്‍ക്കാനായി വിപണി ഒരുങ്ങിയിരിക്കുന്നത്. ഫാഷനിലും നിറത്തിലും വൈവിധ്യമായ കുഞ്ഞുടുപ്പുകള്‍ക്കും ചുരിദാറുകള്‍ക്കുമെല്ലാം ഗുണനിലവാരത്തിനനുസരിച്ച് വിലയിലും വ്യത്യാസമുണ്ട്. പാരമ്പര്യ വസ്ത്ര സങ്കല്‍പ്പങ്ങള്‍ക്കൊപ്പം റെഡിമെയ്ഡ് വസ്ത്രങ്ങളുടെ പുതുപുത്തന്‍ ഫാഷനുകളും നഗരത്തിലെ വസ്ത്രാലയങ്ങളിലത്തെിയിട്ടുണ്ട്. ലോങ് ടോപ്പുകള്‍ക്കാണ് സ്ത്രീ വസ്ത്രങ്ങളില്‍ കൂടുതല്‍ താല്‍പര്യം. യുവാക്കള്‍ക്ക് പതിവ് പോലെതന്നെ റെഡിമെയ്ഡ് ബ്രാന്‍ഡുകളോടാണ് താല്‍പര്യം. ബ്രാന്‍ഡഡ് വസ്ത്രങ്ങള്‍ക്ക് ഉപഭോക്താക്കള്‍ വര്‍ധിച്ചുവരുന്നതായി കച്ചവടക്കാര്‍ പറയുന്നു. വിപണിയിലെ ഒട്ടുമിക്ക വസ്ത്രങ്ങള്‍ക്കും അനുഭവപ്പെടുന്ന വിലക്കയറ്റം സാധാരണക്കാരെ ഈ വര്‍ഷവും പ്രയാസത്തിലാക്കുകയാണ്. നഗരത്തിലെ മിക്ക കടകളിലും സീസണ്‍ തുടങ്ങിയതോടെ ആയിരത്തിനും അതിന് മുകളില്‍നിന്നുമാണ് തുണിത്തരങ്ങളുടെ വില തുടങ്ങുന്നത്. എങ്കിലും പെരുന്നാളിനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് വിശ്വാസികള്‍.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.