കല്‍പറ്റ: രാഷ്ട്രപിതാവായ മഹാത്മാഗാന്ധിയെ ഇകഴ്ത്താനും അദ്ദേഹത്തിന്‍െറ ഘാതകന്‍ നാഥൂറാം ഗോദ്സെയെ പുകഴ്ത്താനും ബി.ജെ.പിയും സംഘ്പരിവാര്‍ ശക്തികളും തുടങ്ങിവെച്ച കുത്സിതശ്രമങ്ങള്‍ ഇപ്പോഴും ഒളിഞ്ഞും തെളിഞ്ഞും തുടരുകയാണെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. ജനകീയയാത്രക്ക് ജില്ലയിലെ വിവിധകേന്ദ്രങ്ങളില്‍ നല്‍കിയ സ്വീകരണത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രക്തസാക്ഷിത്വദിനമായ ജനുവരി 30ന് ബി.ജെ.പി ഭരിക്കുന്ന ഗോവയില്‍ നടത്തിയ പുസ്തകപ്രകാശനം ഇതിന്‍െറ അവസാന ദൃഷ്ടാന്തമാണ്. ഗോദ്സെയെ കുറിച്ച് ആര്‍.എസ്.എസ് ചരിത്രകാരന്‍ അനുഅശോക് സര്‍ദേശായി രചിച്ച പുസ്തകം ഗോവയില്‍ പ്രകാശനം ചെയ്തത് അവിടത്തെ ബി.ജെ.പി നേതാവും സര്‍ക്കാറിന്‍െറ ചലചിത്ര-സാംസ്കാരിക അക്കാദമി ചെയര്‍മാനുമായ ദാമോദര്‍ നായക് ആണ്. ഗോവ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള രബീന്ദ്ര ഭവനിലായിരുന്നു പ്രകാശനം. പുസ്തകപ്രകാശനത്തിന് ഗാന്ധിജിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30തന്നെ തെരഞ്ഞെടുത്തത് രാഷ്ട്രപിതാവിനെക്കാള്‍ പ്രസക്തിയുള്ളയാള്‍ അദ്ദേഹത്തിന്‍െറ ഘാതകനാണെന്ന് വരുത്തിത്തീര്‍ക്കാനാണ്. ഇത് മതേതര രാഷ്ട്രതാല്‍പര്യത്തിന്‍െറ നഗ്നമായ ലംഘനംകൂടിയാണ്. ഗാന്ധിജിയെ വെടിവെച്ചുകൊന്ന ഗോദ്സെയെ തൂക്കിലേറ്റിയ നവംബര്‍ 15 ആണ് ആര്‍.എസ്.എസും സംഘ്പരിവാറും ഇപ്പോഴും രക്തസാക്ഷിദിനമായി കണക്കാക്കുന്നത്. രാജ്യഭരണത്തിലേറിയ ബി.ജെ.പിയും ഇതേ വഴിക്കുതന്നെ നീങ്ങുന്നത് രാജ്യത്ത് നിലനില്‍ക്കുന്ന മതനിരപേക്ഷത തകര്‍ക്കാനും വര്‍ഗീയവത്കരണം ശക്തിപ്പെടുത്താനുമാണ്. പൊതുപ്രവര്‍ത്തകര്‍ക്ക് എതിരെ യു.എ.പി.എ എന്ന കരിനിയമം പ്രയോഗിക്കുന്നതില്‍ സി.പി.ഐ ഒരുതരത്തിലും യോജിക്കുന്നില്ല. മാവോവാദി നേതാവ് രൂപേഷിനെതിരെ യു.എ.പി.എ ചുമത്തി ജയിലിലടക്കുകയും മനുഷ്യാവകാശ ലംഘനം നടത്തുകയും ചെയ്യുന്നത് ആദ്യംതന്നെ ചോദ്യംചെയ്ത പാര്‍ട്ടി സി.പി.ഐ ആണെന്നും കാനം പറഞ്ഞു. നിയമത്തെയും നീതിന്യായ വ്യവസ്ഥയെയും ചോദ്യം ചെയ്യുകയാണ് കേരളത്തില്‍ അഴിമതിഭരണത്തിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. വിജിലന്‍സ് കോടതിയില്‍ തനിക്കെതിരെ കേസ് കൊടുത്ത തൃശൂരിലെ ജോസഫിന്‍െറ വീട് കഴിഞ്ഞ രാത്രി ഉമ്മന്‍ ചാണ്ടിയുടെ ആളുകള്‍ അടിച്ചുപൊളിച്ചു. പരാതി കൊടുക്കാനുള്ള പൗരന്‍െറ അവകാശംപോലും വകവെച്ചുകൊടുക്കാന്‍ കഴിയാത്ത മാനസിക അവസ്ഥയിലേക്ക് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തരംതാണിരിക്കുന്നതായും കാനം രാജേന്ദ്രന്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.