വീടിന്‍െറ ഫണ്ട് ചുവപ്പുനാടയില്‍; കുട്ടിക്ക് ചെലവിന് കിട്ടാന്‍ പതിറ്റാണ്ടായി കോടതിയില്‍

സുല്‍ത്താന്‍ ബത്തേരി: ഭവനനിര്‍മാണത്തിനുവേണ്ടി ന്യൂനപക്ഷ കമീഷന്‍ അനുവദിച്ച ഫണ്ട് ലഭ്യമാക്കാന്‍ ‘നില’ത്തിന്‍െറ രേഖകള്‍ ശരിയാക്കാന്‍ സര്‍ക്കാര്‍ ഓഫിസുകളും കുട്ടിക്ക് മുന്‍ ഭര്‍ത്താവില്‍നിന്ന് ചെലവിന് കിട്ടാന്‍ കോടതി വിധിച്ച തുകക്കുവേണ്ടി ഒരു പതിറ്റാണ്ടിലധികമായി കോടതികളും കയറിയിറങ്ങുന്ന ചെതലയം ആറാംമൈലിലെ തോട്ടക്കര ജസ്ലയെപ്പറ്റിയുള്ള വാര്‍ത്തയില്‍ ജില്ലാ ശിശുക്ഷേമസമിതി അന്വേഷണമാരംഭിച്ചു. ‘മാധ്യമം’ വാര്‍ത്തയില്‍ ശിശുക്ഷേമസമിതി സ്വമേധയാ കേസെടുത്ത് കക്ഷികള്‍ക്ക് നോട്ടീസ് നല്‍കുകയായിരുന്നു.ന്യൂനപക്ഷ വിഭാഗങ്ങളില്‍പെട്ട നിര്‍ധന വിധവകള്‍ക്കും വിവാഹബന്ധം വേര്‍പെടുത്തിയ വനിതകള്‍ക്കും സ്വന്തമായി വീടുവെക്കാന്‍ രണ്ടര ലക്ഷം രൂപ അനുവദിക്കുന്ന ന്യൂനപക്ഷ കമീഷന്‍െറ പദ്ധതിയില്‍ ജസ്ല നല്‍കിയ അപേക്ഷ അംഗീകരിച്ചിരുന്നു. 2015 ഡിസംബര്‍ എട്ടിന് വൈകീട്ടാണ് 10ാം തീയതി ഹാജരാകാനുള്ള വിളിയത്തെിയത്. സ്ഥലത്തിന്‍െറ ആധാരത്തിന്‍െറ കോപ്പിയും നികുതിശീട്ടും ഹാജരാക്കിയെങ്കിലും രേഖയില്‍ ഭൂമി ‘നില’മായി രേഖപ്പെടുത്തിയതാണ് വിനയായത്. ‘നില’ത്ത് വീടുവെക്കാന്‍ മുനിസിപ്പാലിറ്റിയുടെ പ്രത്യേക അനുമതിവേണം. അനുമതി കിട്ടണമെങ്കില്‍ കൃഷി ഓഫിസില്‍നിന്ന് സര്‍ട്ടിഫിക്കറ്റ് കിട്ടണം. ഈ സര്‍ട്ടിഫിക്കറ്റ് ലഭിക്കണമെങ്കില്‍ 14 ഇനം രേഖകളും നാലു ഭാഗത്തുമുള്ള അയല്‍വാസികളില്‍നിന്നുള്ള എന്‍.ഒ.സിയും ഹാജരാക്കണം. 14 ഇനം രേഖകള്‍ കിട്ടണമെങ്കില്‍ അതിനുവേറെ സര്‍ട്ടിഫിക്കറ്റുകളുണ്ടാക്കണം. കൂലിപ്പണി നിര്‍ത്തിവെച്ച് നെട്ടോട്ടമോടിയിട്ടും സര്‍ട്ടിഫിക്കറ്റുകള്‍ നേടിയെടുക്കാനാവാതെ ഭവനനിര്‍മാണ ഫണ്ട് ലാപ്സാകുമെന്ന ജസ്ലയുടെ ഭീതിയാണ് വാര്‍ത്തയില്‍ പങ്കുവെച്ചത്. ഭര്‍ത്താവായിരുന്ന ചീരാല്‍ സ്വദേശിയുമായി ബന്ധം വേര്‍പിരിഞ്ഞിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. കുട്ടിയുടെ ചെലവിന് പ്രതിമാസം 1000 രൂപയും സ്ത്രീധനം നല്‍കിയ 50,000 രൂപയും ഒമ്പതു പവന്‍ സ്വര്‍ണാഭരണങ്ങളും നല്‍കാമെന്ന ഒത്തുതീര്‍പ്പിലാണ് ബന്ധം വേര്‍പെടുത്തിയത്. തുക നല്‍കാന്‍ മൂന്നു മാസം അവധിവാങ്ങിയ ഇയാള്‍ പതിറ്റാണ്ടിലേറെയായി കബളിപ്പിച്ചിട്ടും നടപടിയില്ല. കോടതിയിലും വക്കീല്‍ ഓഫിസിലും കയറിയിറങ്ങി മടുത്ത ജസ്ലയുടെയും 11കാരിയായ മകള്‍ ഫിദ ഫാത്വിമയുടെയും കണ്ണീരൊപ്പാനും ‘മാധ്യമം’ വാര്‍ത്ത വായിച്ചറിഞ്ഞ ജില്ലാ ശിശുക്ഷേമസമിതി മെംബര്‍ ജോസ് കണ്ടത്തിങ്കല്‍ തീരുമാനിക്കുകയായിരുന്നു. ചെതലയത്തെ സാമൂഹിക പ്രവര്‍ത്തകന്‍ തോട്ടക്കര കുഞ്ഞുമുഹമ്മദിന്‍െറ മകളാണ് ജസ്ല. വൈകിയാണെങ്കിലും നീതി പ്രാപ്യമാവുമെന്ന പ്രതീക്ഷയിലാണ് ജസ്ലയും കുടുംബവും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.